Sorry, you need to enable JavaScript to visit this website.

ആരിഫ് ഖാൻ ഗവർണറല്ല, മോഡിയുടെ ഏജന്റ് -കെ. മുരളീധരൻ

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച രാജ്ഭവൻ  ഉപരോധത്തിൽ കെ.മുരളീധരൻ എം.പി സംസാരിക്കുന്നു.

തിരുവനന്തപുരം- ആരിഫ് ഖാൻ കേരളത്തിന്റെ ഗവർണറല്ലെന്നും പ്രധാനമന്ത്രി മോഡിയുടെ ഏജന്റും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്നും കെ.മുരളീധരൻ എം.പി.  വെൽഫെയർ പാർട്ടി നടത്തുന്ന രാജ്ഭവൻ ഒക്യുപൈ ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ് ഖാൻ ചെയ്യുന്നത്. 


അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ് ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ് ഖാനെ കേരള ഗവർണർ  സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടു തന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കയാണ്. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും  കെ. മുരളീധരൻ പറഞ്ഞു.


പൗരത്വ ഭേദഗതി നിയമം പൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തി വന്ന രാജ്ഭവൻ ഒക്യുപൈ ഉപരോധം സമാപിച്ചു. തുടർച്ചയായി 30 മണിക്കൂർ രാജ്ഭവനും പരിസരവും സ്തംഭിപ്പിക്കുന്ന രീതിയിലായിരുന്നു സമര പരിപാടി.  രണ്ടാം ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി ആയിരങ്ങൾ ഉപരോധത്തിൽ പങ്കെടുത്തു. രാത്രി മുഴുവൻ പാട്ടും കലാപരിപാടികളും മുദ്രാവാക്യങ്ങളുമായി രാജ്ഭവൻ ഉപരോധിച്ച സമരക്കാർക്കൊപ്പം രാവിലെ വീണ്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാർ വന്നുചേർന്നു. 


രണ്ടാം ദിവസം ആദ്യ സെഷൻ വിവിധ സ്ത്രീ പോരാളികളുടെ സംഗമമായിരുന്നു. ഇ.സി ആയിഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സമര നായകരായ ഗോമതി, സോയ ജോസഫ്, വിനീത വിജയൻ, സി.വി ജമീല, അഫീദ അഹമ്മദ്, കെ.കെ റഹീന, റംല മമ്പാട് എന്നിവർ സംസാരിച്ചു. പൗരത്വ സമരത്തിൽ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും വലിയ പ്രതീക്ഷയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വിവിധ സമര ഭൂമികളിൽ നിന്നുള്ളവർ ഒക്യുപൈ രാജ്ഭവൻ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു എത്തിയിരുന്നു.
ഷഹീൻ ബാഗിലെ സമര പോരാളികളായ ബിൽക്കീസ്, സര്വരി, കെ മുരളീധരൻ എം.പി, സി.പി ജോൺ, എസ്.പി ഉദയകുമാർ, പി മുജീബ്‌റഹ്മാൻ, മുരളി നാഗ, എം ഷാജർ ഖാൻ, വിളയോടി ശിവൻ കുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേഷ് വടേരി, പി.സി ഭാസ്‌കരൻ, ബിനു വി.കെ തുടങ്ങിയവർ സംസാരിച്ചു. 


സമരവേദിയിൽ സമര പ്രവർത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്‌കിറ്റുകളും സോളോകളും അരങ്ങേറി. പൗരത്വ പ്രശ്‌നത്തെ വിമർശിക്കുന്ന ഹാസ്യ ആക്ഷേപ നാടകം 'ഭൗ ഭൗ ഭൗരത്വം' അവതരിപ്പിച്ചു.
രണ്ടു ദിവസത്തെ രാജ്ഭവന് ഉപരോധത്തിന്റെ സമാപന സമ്മേളനത്തിൽ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാൻ, ടി പീറ്റർ, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോൺ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

Latest News