റിയാദ് - സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് 11 അവകാശങ്ങൾ രാജ്യത്തെ നിയമ, വ്യവസ്ഥകൾ ഉറപ്പു നൽകുന്നതായി സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ചികിത്സാ ചെലവിന്റെ പേരിൽ നവജാത ശിശുക്കളെയും മൃതദേഹങ്ങളും പിടിച്ചുവെക്കാൻ പാടില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.
ചികിത്സാ, സേവന നിരക്ക് പട്ടിക പരിശോധിക്കുന്നതിനും ഇ-സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പേപ്പറിലുള്ള മരുന്ന് കുറിപ്പടി ലഭിക്കുന്നതിനും രോഗികൾക്ക് അവകാശമുണ്ട്. കമ്പനി പേരുകളിലല്ലാതെ കുറിപ്പടികൾ മരുന്നിന്റെ ശാസ്ത്രീയ നാമത്തിലായിരിക്കണം നൽകേണ്ടത്.
സൗജന്യമായി മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനും രോഗികൾക്ക് അവകാശമുണ്ട്. ചികിത്സ ആരംഭിക്കുന്നതിനു മുമ്പു തന്നെ ചികിത്സാ ചെലവ് അറിയുന്നതിനും അറബിയിലുള്ള കൃത്യമായ ബില്ലുകൾ ലഭിക്കുന്നതിനും അവകാശമുണ്ട്. ചികിത്സാ ചെലവുകൾ അടയ്ക്കാത്തതിന്റെ പേരിൽ നവജാത ശിശുക്കളെയും മൃതദേഹങ്ങളും പിടിച്ചുവെക്കാൻ പാടില്ല. നിർണിത ഫാർമസിയിലേക്കും ആശുപത്രിയിലേക്കും ലാബിലേക്കും പോകുന്നതിന് രോഗികളെ നിർബന്ധിക്കാനും പാടില്ല. തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നതിന് രോഗികൾക്ക് അവകാശമുണ്ട്.
രോഗികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും ഡോക്ടർ നിർണയിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ നഗ്നത മറക്കുകയും വേണം. രോഗനിർണയം, ചികിത്സാ പദ്ധതി, രോഗശമനത്തിന് നേരിടുന്ന കാലതാമസം, പാർശ്വഫലങ്ങൾ, ചികിത്സയുടെ ഫലമായുണ്ടായേക്കാവുന്ന മറ്റു പ്രയാസങ്ങൾ എന്നിവയെ കുറിച്ച് അറിയുന്നതിനും രോഗിക്ക് അവകാശമുണ്ട്. സമ്മതം കൂടാതെ രോഗികളെ ചിത്രീകരിക്കാൻ പാടില്ല. രോഗിയുടെ സമ്മതം നേടി ചിത്രീകരിക്കുകയാണെങ്കിൽ തന്നെ അത് ശാസ്ത്രീയ ആവശ്യങ്ങൾക്കു വേണ്ടി ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആദ്യ തവണ ഡോക്ടറെ കണ്ട് പതിനാലു ദിവസത്തിനകം വീണ്ടും ഡോക്ടറെ കാണുന്നതിന് ഫീസ് ഈടാക്കാൻ പാടില്ല. ചികിത്സാ ഫീസുകൾ വഹിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്ന കാര്യം നോക്കാതെ അടിയന്തര ചികിത്സകൾ കാലതാമസം കൂടാതെ ലഭിക്കാനും രോഗികൾക്ക് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.