റിയാദ് - വ്യവസായ മേഖലക്കുള്ള ഊർജ നിരക്ക് സ്ഥിരപ്പെടുത്തൽ തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലുള്ള പ്രത്യേക കമ്മിറ്റി വ്യവസായ മേഖലക്കുള്ള ഊർജ നിരക്കുകൾ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ച് പഠനം തുടരുകയാണ്.
വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഊർജ നിരക്കുകൾ കുറക്കുന്നതിനെ കുറിച്ച് പഠിക്കുന്നില്ല. ഊർജ നിരക്കുകൾ കുറക്കുന്നത് സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടാക്കില്ല. നിരക്കുകൾ ദീർഘകാലത്തേക്ക് സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചാണ് പഠിക്കുന്നത്. ഇക്കാര്യത്തിലുള്ള തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
വ്യവസായ മേഖല പ്രതിവർഷം പ്രത്യക്ഷമായും പരോക്ഷമായും 50,000 തൊഴിലവസരങ്ങൾ ലഭ്യമാക്കും. അസംസ്‌കൃത വസ്തുക്കൾ കയറ്റി അയക്കുന്നതിനു പകരം അന്തിമ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന രീതിയിലേക്ക് മാറുന്നതിനാണ് ലക്ഷ്യമിടുന്നത്. പെട്രോകെമിക്കൽസ്, പ്ലാസ്റ്റിക്, അച്ചടി എന്നിവ സൗദി അറേബ്യയിൽ ലഭ്യമായ പ്രകൃതി വിഭവങ്ങളും ഉൽപന്നങ്ങളും പിന്തുണ നൽകുന്ന സുപ്രധാന മേഖലകളാണ്.
പുതിയ ഖനന നിയമം വ്യവസായ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കരടു നിയമം ശൂറാ കൗൺസിൽ അന്തിമമായി പുനഃപരിശോധിച്ചുവരികയാണ്. കയറ്റുമതി വികസന ബാങ്ക് വൈകാതെ പ്രവർത്തനം ആരംഭിക്കും. വ്യവസായ മേഖലയിൽ അധിക മൂല്യം വർധിപ്പിക്കുന്നതിന് വ്യവസായ മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മേഖലാ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭ പ്രഖ്യാപിച്ചതിനു ശേഷം ആദ്യ മൂന്നു മാസത്തിനിടെ 196 പുതിയ വ്യവസായ ശാലകൾക്ക് വ്യവസായ മന്ത്രാലയം ലൈസൻസ് നൽകിയിട്ടുണ്ട്.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കാനും കയറ്റുമതി ഉയർത്താനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായ ശാലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിച്ചിരിക്കുന്നത്. ലെവി ഇളവ് തീരുമാനം കഴിഞ്ഞ ഒക്‌ടോബർ ഒന്നു മുതൽ നിലവിൽ വന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കാണ് ലെവിയിൽ നിന്ന് ഇളവ് നൽകുന്നത്.
വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലെവി ഇളവ് ലഭിക്കുക. ഈ ആനുകൂല്യം ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്. സൗദിവൽക്കരണ വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കില്ല. സൗദി ജീവനക്കാരുടെ എണ്ണം വിദേശ തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലോ സമമോ ആയ വ്യവസായ സ്ഥാപനങ്ങൾക്കാണ് വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുമ്പോഴും വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും ലെവി ഇളവ് ലഭിക്കുക. വിദേശ തൊഴിലാളികളേക്കാൾ കുറവാണ് സ്വദേശി ജീവനക്കാരുടെ എണ്ണമെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സൗദി ജീവനക്കാരുടെ എണ്ണം ഉയർത്തിയാൽ മാത്രമാണ് ലെവി ഇളവിന് അവകാശമുണ്ടാവുക.
സൗദി, വിദേശ തൊഴിലാളികളുടെ എണ്ണങ്ങൾ തമ്മിലെ അന്തരത്തിന് ആനുപാതികമായാണ് ലെവി ഇളവ് ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സൗദി ജീവനക്കാരെ കൂടുതലായി നിയമിക്കേണ്ടത്. വിദേശികളെ അപേക്ഷിച്ച് സൗദികളുടെ എണ്ണം 20 ൽ കുറവാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഒരു സ്വദേശിയെ കൂടിയാണ് ലെവി ഇളവ് ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ പുതുതായി നിയമിക്കേണ്ടത്. വിദേശികളെ അപേക്ഷിച്ച് സൗദികളുടെ എണ്ണം ഇരുപതും അതിൽ കൂടുതലുമാണെങ്കിൽ വർഷത്തിൽ അഞ്ചു ശതമാനം തോതിൽ സൗദിവൽക്കരണം ഉയർത്തുന്നതിന് സ്ഥാപനങ്ങൾ നിർബന്ധിതമാണ്. അല്ലാത്ത പക്ഷം ലെവി ഇളവ് ലഭിക്കില്ല.