Sorry, you need to enable JavaScript to visit this website.

ടൂറിസം മേഖലയിൽ 16 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം -മന്ത്രി

റിയാദ് - വിനോദ സഞ്ചാര വ്യവസായ മേഖലയിലെ തൊഴിലുകൾ 2030 ഓടെ പതിനാറു ലക്ഷമായി ഉയർത്തുന്നതിന് ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖല പത്തു ശതമാനത്തിലേറെ വളർച്ചയുണ്ടാക്കും. വിനോദ സഞ്ചാരികൾക്ക് സമഗ്ര സേവനങ്ങളും ഓഫറുകളും ലഭ്യമാക്കുകയും മികച്ച നിക്ഷേപ സാഹചര്യം ഉറപ്പു വരുത്തുകയുമാണ് ദേശീയ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു. 
ഇതിലൂടെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ പതിനാറു ലക്ഷമായി 2030 ഓടെ ഉയരുകയും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖല പത്തു ശതമാനത്തിലധികം വളർച്ചയുണ്ടാക്കുകയും ചെയ്യും. സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിനെ മന്ത്രാലയമാക്കി മാറ്റാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ തീരുമാനം ദേശീയ ടൂറിസം തന്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി വിനോദ സഞ്ചാര വ്യവസായ മേഖലയെ പ്രധാന വരുമാന സ്രോതസ്സായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയായും മാറ്റുന്നതിന് ടൂറിസം മന്ത്രാലയത്തിന് ആവശ്യമായ എല്ലാ പിന്തുണകളും ഭരണാധികാരികൾ ലഭ്യമാക്കിയിട്ടുണ്ട്. 


ടൂറിസം മേഖലയിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കും. വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചക്കും വികാസത്തിനും അടിസ്ഥാന ശിലകളായി വർത്തിക്കുക സ്വദേശി യുവതീയുവാക്കളാണ്. ടൂറിസം മേഖലയിൽ പ്രവേശിക്കുന്നതിന് സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകും. സൗദി അറേബ്യയെ കുറിച്ച ക്രിയാത്മക പ്രതിഛായ നൽകാൻ ഇത് സഹായിക്കും.
രാജ്യത്ത് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ മുൻനിര സ്ഥാനം കൈവരിക്കുന്നതിന് ഇത് സൗദി അറേബ്യയെ പ്രാപ്തമാക്കുന്നു. ആഗോള വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ടൂറിസം മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും അഹ്മദ് അൽഖത്തീബ് പറഞ്ഞു.


മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ചൊവ്വാഴ്ചയാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിനെ മന്ത്രാലയമാക്കി മാറ്റിയും ടൂറിസം മന്ത്രിയായി അഹ്മദ് അൽഖത്തതീബിനെ നിയമിച്ചും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കിയത്. അഹ്മദ് അൽഖത്തീബ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ഡയറക്ടർ ബോർഡ് ചെയർമാൻ പദവി വഹിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കമ്മീഷൻ മന്ത്രാലയമാക്കി മാറ്റി ടൂറിസം മന്ത്രിയായി അഹ്മദ് അൽഖത്തീബിനെ രാജാവ് നിയമിച്ചത്. ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി പ്രസിഡന്റ് ആയും ആരോഗ്യ മന്ത്രിയായും റോയൽ കോർട്ട് ഉപദേഷ്ടാവായും അഹ്മദ് അൽഖത്തീബ് നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
നിലവിൽ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠി ക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധ ഓർഡർ പുനഃപരിശോധനാ കമ്മിറ്റി ജനറൽ സെക്രട്ടറിയേറ്റ് പ്രസിഡന്റുമാണ്. 
സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് അംഗവുമാണ്. 

 

Latest News