ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനു നന്ദി പറഞ്ഞ് സക്കീര്‍ ഹുസൈന്‍
അബഹ- പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സ്വന്തം അക്കൗണ്ട് നല്‍കി സഹായിച്ചതിനെ തുടര്‍ന്ന് ജയിലിലായ മലയാളിക്ക് ഒടുവില്‍ മോചനം. പാക്കിസ്ഥാനി പൗരനെ സഹായിച്ച മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സക്കീര്‍ ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചിതനായത്.
റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സക്കീര്‍ ഹുസൈന്‍
എ.ടി.എം കൗണ്ടറില്‍ ചെന്നപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പാക്കിസ്ഥാനി സഹായം ആവശ്യപ്പട്ടത്.
തനിക്ക് അക്കൗണ്ടില്ലെന്നും ഇഖാമ പുതുക്കുന്നതിനായി പണം അയക്കാന്‍ അബഹയിലുള്ള സഹോദരന് അക്കൗണ്ട് നമ്പര്‍ നല്‍കി സഹായിക്കണമെന്നുമാണ് പാക്കിസ്ഥാനി ആവശ്യപ്പെട്ടത്.
ദയ തോന്നിയ സക്കീര്‍ തന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു കൊടുക്കുകയും ഉടന്‍തന്നെ അതിലേക്ക് 4500 റിയാല്‍ എത്തുകയും ചെയ്തു. അവിടെ വെച്ച് തന്നെ പണം പിന്‍വലിച്ച് പാക്കിസ്ഥാനിക്ക് കൈമാറി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സക്കീര്‍ ഹുസൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന സന്ദേശം കഫീലിന് ലഭികുകയായിരുന്നു. അബഹ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
അബഹയില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരെയുള്ള റിജാല്‍ അല്‍മ എന്ന ഗ്രാമപ്രദേശത്തെ പൗരന്റെ അക്കൗണ്ടില്‍നിന്ന് 91,000 റിയാല്‍ നഷ്ടപ്പെട്ടതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
അന്വേഷണത്തില്‍ ഈ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി പോലീസിനു മനസ്സിലായി. ഇതിലൊരു അക്കൗണ്ട് സക്കീര്‍ ഹുസൈന്റെതായിരുന്നു. സ്‌റ്റേഷനില്‍ ഹാജരായ സക്കീറിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് വിളിച്ചയാള്‍ എടിഎം കാര്‍ഡ് നമ്പറും പാസ്‌വേര്‍ഡും ആവശ്യപ്പെടുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ സൗദി പൗരന്‍ അഹമദ് അസീരി പറയുന്നു. അക്കൗണ്ടിലുണ്ടായിരുന്ന തുക നഷ്ടപ്പെട്ടെന്ന വിവരം പിന്നീടാണ് അറിഞ്ഞത്.
നിരപരാധിയാണെന്ന് തെളിയിക്കാനാകാതെ അഞ്ചു മാസത്തോളം സക്കീറിന് ജയിലില്‍ കഴിയേണ്ടിവന്നു. തുടര്‍ന്ന് നാട്ടിലുള്ള സക്കീറിന്റെ കുടുംബം സോഷ്യല്‍ ഫോറത്തിന്റെ സഹായം തേടുകയായിരുന്നു.
സിസിഡബ്ല്യൂഎ അംഗവും അസീര്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കണ്‍വീനറുമായ സൈദ് മൗലവി അരീക്കോട് സക്കീറിനെ ജയിലില്‍ പോയി കാണുകയും മൂന്ന് തവണ കോടതിയില്‍ ഹാജരായി നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തില്‍ ചില നിബന്ധനകളോടെ കോടതി സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കി ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവായി.
അപ്പോഴേക്കും സ്‌പോണ്‍സര്‍ സക്കീറിനെ ഹുറൂബാക്കിയത് മറ്റൊരു വിനയായി. ഇത് കാരണം പുറത്തിറങ്ങാന്‍ തടസ്സങ്ങള്‍ നേരിട്ടെങ്കിലും കഴിഞ്ഞ ദിവസം സക്കീര്‍ മോചിതനായി.
ഭീമമായ തുക അക്കൗണ്ടിലേക്ക് വന്ന ഇന്ത്യക്കാരന്‍ തേജ്പാല്‍ സിംഗ് ഉള്‍പ്പെടെ ഏതാനും പേര്‍ കൂടി ജയിലില്‍ കഴിയുന്നുണ്ട്. മക്കയിലുള്ള ഒരു സ്വദേശിയുടെ 3000 റിയാലും മഹായില്‍ ഭാഗത്തുള്ള മറ്റൊരാളുടെ 10,000 റിയാലും ഈ സംഘം തട്ടിയെടുത്ത കേസും ഇതിനോടൊപ്പമുണ്ട്.
അപരിചിതര്‍ക്ക് ഒരു കാരണവശാലും അക്കൗണ്ട് നമ്പര്‍ നല്‍കരുതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും കോടതികളിലെ പരിഭാഷകനുമായ സൈദ് മൗലവി അരീക്കോട് ഓര്‍മിപ്പിച്ചു.