റിയാദ്- സൗദിയില്‍ ഇന്ത്ക്കാർക്ക് ഓണ്‍ അറൈവല്‍ വിസിറ്റ് വിസ ലഭിച്ചു തുടങ്ങിയെങ്കിലും നിബന്ധനകള്‍ ബാധകം. എല്ലാ ഇന്ത്യക്കാർക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല. ഇന്ത്യക്കാരും പാക്കിസ്ഥാനികളുമടക്കം പാസ്പോർട്ടുകളില്‍ യു.എസ്, യ.കെ, ഷെന്‍ഗന്‍ വിസ അടിച്ചവർക്കു മാത്രമാണ് ഇപ്പോള്‍ സൗദി എയർപോർട്ടുകളില്‍ എത്തിയാല്‍ വിസിറ്റ് വിസ നല്‍കുന്നത്. പാസ്പോർട്ടുകളില്‍ മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കുളള വിസ അടിച്ചാല്‍ മാത്രം പോരാ, അവിടെ പോയിരിക്കുകയും വേണം. സൗദിയില്‍ എത്തുന്ന തീയതി മുതല്‍ പാസ്പോർട്ടിന് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ഇങ്ങനെ ഒരു വർഷത്തേക്ക് ഓണ്‍അറൈവല്‍ വിസ നേടുന്നവർക്ക് ഹജ് സീസണില്‍ ഒഴികെ ഉംറ നിർവഹിക്കാന്‍ സാധിക്കുമെന്ന നേട്ടം കൂടിയുണ്ട്. സൗദി എയർപോർട്ടുകളിലെത്തിയാല്‍ ഓണ്‍അറൈവല്‍ വിസ അടിക്കണമെങ്കില്‍ ക്രെഡിറ്റ് കാർഡ് നിർബന്ധമാണ്. വിസ ഫീസായ 440 റിയാല്‍ പണമായി സ്വീകരിക്കില്ല. ആദ്യം 90 ദിവസത്തേക്കാണ് താമസം അനുവദിക്കുക. പിന്നീട് വിസ കാലാവധി അനുസരിച്ച് പലതവണ വരാം.
സൗദി എയർലൈന്‍സ്, ഫ്ളൈ നാസ്, ഫ്ളൈ ഡീല്‍ എന്നിങ്ങനെ സൗദി ആസ്ഥാനമായുള്ള ഏതെങ്കിലും വിമാനത്തില്‍ എത്തിയിരിക്കണമെന്നും നിബന്ധനയുണ്ട്. ആദ്യ തവണ മാത്രമേ ഇത് നിർബന്ധമുള്ളൂ. മള്‍ട്ടിപ്പിള്‍ വിസ അടിച്ചുകഴിഞ്ഞാല്‍ പിന്നീട് വരുമ്പോള്‍ ഏതു വിമാനത്തിലും വരാം.