ജിദ്ദ - ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ അടപ്പിക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചതു മുതൽ ഇതുവരെ 800 ലേറെ നിയമ വിരുദ്ധ വർക്ക്‌ഷോപ്പുകൾ ജിദ്ദ നഗരസഭ അടപ്പിച്ചു. വെൽഡിംഗ് വർക്ക്‌ഷോപ്പുകൾ, അലുമിനിയം വർക്ക്‌ഷോപ്പുകൾ, കാർ വർക്ക്‌ഷോപ്പുകൾ, ഫർണിച്ചർ വർക്ക്‌ഷോപ്പുകൾ, വൻകിട പ്രസുകൾ, പിഞ്ഞാണ പാത്രങ്ങൾ നിർമിക്കുന്ന വർക്ക്‌ഷോപ്പുകൾ, ഹെവി എക്വിപ്‌മെന്റ് വർക്ക്‌ഷോപ്പുകൾ പോലുള്ള ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അടപ്പിക്കുന്നതെന്ന് നഗരസഭാ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങൾ പ്രത്യേകം സജ്ജീകരിച്ച ഇൻഡസ്ട്രിയൽ സിറ്റികളിലാണ് പ്രവർത്തിക്കേണ്ടത്.
നിയമം ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകൾ അടപ്പിക്കുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി പരിശോധന തുടരുകയാണ്. ജിദ്ദ നഗരസഭ, പോലീസ്, ഗവർണറേറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ, ജവാസാത്ത്, ലേബർ ഓഫീസ്, ട്രാഫിക് പോലീസ് പ്രതിനിധികളെ ഉൾപ്പെടുത്തി ജിദ്ദ ഗവർണറേറ്റിന്റെ അധ്യക്ഷതയിൽ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നിർദേശാനുസരണമാണ് കമ്മിറ്റി രൂപീകരിച്ചതെന്നും നഗരസഭാ വക്താവ് പറഞ്ഞു.