ജിദ്ദ-ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ക്രമസമാധാന നില കൈവിട്ടു പോയതിന് കാരണം ഇന്റലിജൻസ് വിഭാഗങ്ങളുടെ പരാജയമാണെന്ന് പ്രമുഖ ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.യുമായ എം.സി. ഖമറുദ്ദീൻ പറഞ്ഞു. ഇത്തരം കുഴപ്പങ്ങളുടെ ആസൂത്രണം യഥാസമയം കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അറിയിക്കാനാണ് ഇന്റലിജൻസ് വിഭാഗം. രാജ്യ തലസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ട് മൂന്ന് ദിവസമായിട്ടും നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതെ പോയതു ഭരണകൂടങ്ങളുടെ പരാജയമാണ്. സൗദി സന്ദർശനത്തിനെത്തിയ മഞ്ചേശ്വരം എം.എൽ.എ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
സമസ്തയും മുസ്‌ലിം ലീഗുമായി അഭിപ്രായ ഭിന്നതകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പും സമസ്ത ഇടപെട്ട് ലീഗിന്റെ പിഴവുകൾ തിരുത്തിയിട്ടുണ്ട്. സമസ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. ലീഗിനെ തിരുത്താൻ സമസ്തക്ക് അവകാശമുണ്ട്. ചിലർ പ്രചരിപ്പിക്കുന്നത് പോലെ സമസ്ത ലീഗുമായി ഇടയുന്ന പ്രശ്‌നമില്ല. ലീഗും സമസ്തയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. സമസ്തയുടെ വിമർശനങ്ങൾ ലീഗ് നേതാക്കൾ ഉൾക്കൊള്ളാറുണ്ട്. പൗരത്വ വിഷയമുൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനാവുമെന്ന വിശ്വാസം ലീഗ് നേതാക്കൾക്കോ അണികൾക്കോ ഇല്ല. ഇപ്പോൾ കാണിക്കുന്നതെല്ലാം ന്യൂനപക്ഷ വോട്ട് കരസ്ഥമാക്കാനുള്ള തട്ടിപ്പ് മാത്രമാണ്.
കേരളത്തിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് പറയും. അതേസമയം, ഏതെങ്കിലും ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കിയാൽ നടപടികളുണ്ടാവാറില്ല. ഇതെല്ലാം വാചക കസർത്തുകൾ മാത്രമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്ന് ആരെയും മാറ്റിനിർത്തേണ്ടതില്ലെന്നാണ് ലീഗിന്റെ കാഴ്ചപ്പാട്. സമൂഹത്തിൽ വിള്ളലുണ്ടാക്കേണ്ട സന്ദർഭമല്ലല്ലോ ഇത്. ദേശീയ തലത്തിൽ മതേതര കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കാനാണ് തന്റെ പാർട്ടി ഉത്സാഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന ഫാസിസ്റ്റുകൾക്ക് ഇന്ത്യയിലെ ഹിന്ദുക്കളോട് പ്രത്യേകിച്ച് സ്‌നേഹമൊന്നുമില്ല. അവർക്ക് ഭരണ തുടർച്ച എന്ന രാഷ്ട്രീയ ലക്ഷ്യം മാത്രമേയുള്ളൂ. ഭൂരിപക്ഷ സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളെയും ആദിവാസികളെയും എൻ.ആർ.സി ദോഷകരമായി ബാധിക്കും. ഒരു രേഖയുമില്ലാത്ത കോടിക്കണക്കിന് അടിസ്ഥാന വിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. സി.എ.എ എന്നതിനെ ഒരു മുസ്‌ലിം വിഷയമായി ചുരുക്കിക്കാണുന്നതിനോട് യോജിക്കാനാവില്ല.
എം.എൽ.എയായി കുറച്ചു കാലമേ ആയുള്ളൂവെങ്കിലും മണ്ഡലത്തിന് വേണ്ടി ചിലതൊക്കെ പ്രവർത്തിക്കാൻ സാധിച്ചുവെന്ന് ഖമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരം-മംഗലാപുരം ദേശീയ പാത വികസനത്തിന് സർക്കാർ 15 കോടി അനുവദിച്ചു. മഞ്ചേശ്വരത്തെ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്താനുള്ള ശ്രമം നടന്നു വരികയാണ്. പ്രവാസികളുടെ കൂടി സഹകരണത്തോടെ കിഫ്ബി മുഖാന്തരം 100 കോടി ചെലവിൽ ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്നതാണ് സ്വപ്‌നം. കാസർകോട് പാക്കേജിൽ മെഡിക്കൽ കോളേജിന് 35 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സൗകര്യങ്ങൾ പലതും ഇനിയുമായിട്ടില്ല. സർക്കാറിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം ബാക്കിയുണ്ട്. അതിനിടക്ക് മിനി സിവിൽ സ്റ്റേഷൻ, ജോ.ആർ.ടി.ഒ ഓഫീസ് എന്നിവ യാഥാർഥ്യമാക്കാൻ പ്രയത്‌നിക്കുമെന്ന് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ എം.എൽ.എ പറഞ്ഞു.