കൊച്ചി- കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചു. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഹരജി പരിഗണിച്ചപ്പോള്‍ കലക്ടര്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കലക്ടര്‍ ഹാജരാകണമെന്നും ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ഥന പ്രകാരം 1.45 വരെ സമയം അനുവദിച്ചു. കോടതി വിമര്‍ശനത്തിന് പിന്നാലെ ജില്ലാ കലക്ടര്‍ നേരിട്ടെത്തി. കേസ് എടുക്കുമ്പോള്‍ കലക്ടറെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയും കോടതിയില്‍ ഇല്ലാതിരുന്നതാണ് ജഡ്ജിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ കലക്ടറെ ജയിലില്‍ അടക്കുകയോ അല്ലെങ്കില്‍ വിധി നടപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. പല പള്ളികളില്‍ ഉത്തരവ് നടപ്പാക്കേണ്ടതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നും രണ്ട് മാസത്തിനകം വിധി നടപ്പാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിട്ടില്ല. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് വിധി നടപ്പാക്കാത്തത് സര്‍ക്കാരിന് തന്നെ നാണക്കേടാണ്. ഉത്തരവ് കലക്ടര്‍ എപ്രകാരമാണ് നടപ്പാക്കാന്‍ പോകുന്നത് എന്നു കാണിച്ച് വിശദമായ പദ്ധതി തയാറാക്കി തിങ്കളാഴ്ചക്ക് മുന്‍പ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.