കൊച്ചി- കോതമംഗലം പള്ളി കേസില്‍ യാക്കോബായ സഭക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചാല്‍ ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി. തന്നെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ജഡ്ജി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് തനിക്ക് ഭീഷണിക്കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തിയത്. തന്നെ ജീവനോടെ കത്തിച്ചാലും കുഴപ്പമില്ല, കോടതി വിധികള്‍ നടപ്പാക്കപ്പെടണമെന്ന് ജസ്റ്റിസ് സുരേഷ്‌കുമാര്‍ പറഞ്ഞു. വിധി നടപ്പാക്കുവാന്‍ കോടതിക്ക് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. ഭീഷണിക്കത്ത് റജിസ്ട്രിക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു.