അബുദാബി - വരുമാനം കുറഞ്ഞ പ്രവാസികളുടെ മാതാപിതാക്കളെ യു.എ.ഇ സന്ദര്‍ശനത്തിന് കൊണ്ടുവന്ന മലയാളി സമാജത്തിന്റ സ്‌നേഹപൂര്‍വം പരിപാടിയില്‍ എത്തിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു.
യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമായ ജബല്‍ഹഫീത്, ദുബായിലെ ബുര്‍ജ് ഖലീഫ തുടങ്ങിയ സ്ഥലങ്ങളാണ് ഇന്ന് അവര്‍ സന്ദര്‍ശിച്ചത്.
ജബല്‍ ഹഫീതിനു മലമുകളിലെത്തിയ സംഘം അല്‍ഐനിന്റെ ആകാശ ദൃശ്യങ്ങളും അസ്തമയ കാഴ്ചകളും കണ്ടാണ് മലയിറങ്ങിയത്. മകന്‍ ദുബായില്‍നിന്നുകൊണ്ടു വന്ന അത്തര്‍ മാത്രം പൂശിയ തനിക്ക് എന്നെങ്കിലും ആ നാട് കാണാനാവുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. അല്‍ ഐനില്‍ മകന്‍ ഫൈസലിന്റെ കൈപിടിച്ച് പട്ടാമ്പി വിളത്തൂര്‍ സ്വദേശി 81 കാരനായ അബ്ദുല്ലക്കുട്ടി പറഞ്ഞു. ഭാര്യ സുബൈദയും കൂടെയുണ്ട്. ഉമ്മയെയും ഉപ്പയെയും ജോലി സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപേകാനാണ് പരിപാടി.
5 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു രാജപ്പനും ജബല്‍ഹഫീത് കാണാന്‍ സാധിച്ചത് മാതാപിതാക്കളുടെ വരവോടെയാണ്. കോതമംഗലം സ്വദേശി പാറക്കുട്ടിയമ്മയും (60) സംഘത്തിലുണ്ട്. 30 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച പാറുക്കുട്ടിയമ്മയുടെ ഏക മകള്‍ റാണി ദുബായിലാണെങ്കിലും കൈ പിടിച്ചു കാഴ്ചകള്‍ കാണിക്കാന്‍ സമാജം ഭാരവാഹികള്‍ കൂടെയുണ്ടായിരുന്നു.
പ്രസിഡന്റ് ഷിബു വര്‍ഗീസ്, സഹിഷ്ണുതാ സെക്രട്ടറി അബ്ദുല്‍ അസീസ് മൊയ്തീന്‍, വനിതാ വേദി അംഗങ്ങളായ ഷബ്‌ന ഷാജഹാന്‍, സിനി റോയ്‌സ് എന്നിവരും ഇവരെ അനുഗമിച്ചു.