കുവൈത്തിലും ഒമാനിലും കൂടുതല്‍ പേര്‍ക്ക് രോഗം
ദുബായ്- കൊറോണക്കെതിരായ പോരാട്ടത്തില്‍ ജി.സി.സി രാജ്യങ്ങള്‍. കുവൈത്തില്‍ മൂന്നു പേര്‍ക്കും ഒമാനില്‍ രണ്ട് പേര്‍ക്കും കൂടി കോവിഡ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആഘോഷങ്ങള്‍ റദ്ദാക്കിയും വൈറസ് പടര്‍ന്ന ഇറാനിലേക്കുള്ള വ്യോമബന്ധം വിച്ഛേദിച്ചും രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും.
കുവൈത്തിലെ വൈറസ് ബാധിതരുടെ എണ്ണം എട്ട് ആയി. തിങ്കളാഴ്ച രാവിലെയാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് സാന്നിധ്യം സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ക്ക് കൊറോണ ഉണ്ടെന്ന് തിങ്കളാഴ്ചയാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. മൂന്നു പേരുടെ കാര്യം ചൊവ്വാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.
ഒമാനില്‍ കൊറോണ ബാധിത രാഷ്ട്രങ്ങളില്‍നിന്നു തിരിച്ചെത്തിയ 250 പേര്‍ നിരീക്ഷണത്തിലാണ്. ഇവരെ ഒറ്റക്ക് പാര്‍പ്പിക്കുന്ന ക്വാറന്റൈന്‍ സംവിധാനത്തിലാക്കിയിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് എത്തുന്നവരെ നിരീക്ഷണം ശക്തിപ്പെടുത്തും.
ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ റദ്ദാക്കി. ഇറാന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയ രണ്ടു സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് ഒമാനില്‍നിന്നും തിരിച്ചും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇറാന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഒമാന്‍ എയറും വ്യക്തമാക്കി.
കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ്19 സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചൊവ്വാഴ്ചയാണ് ദേശീയദിനം. ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം ഗള്‍ഫ് സ്ട്രീറ്റില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ ഇത്തവണ ആഘോഷം ഉപേക്ഷിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
കൊറോണക്കെതിരായ മുന്‍കരുതലിന്റെ ഭാഗമായി ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്നു ദോഹയിലെത്തുന്ന യാത്രക്കാര്‍ 14 ദിവസം ഐസലേഷന്‍ മുറിയില്‍ താമസിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വൈറസിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വീട്ടില്‍ പ്രത്യേക മുറിയിലോ അല്ലെങ്കില്‍ ഐസലേഷന്‍ വാര്‍ഡുകളിലോ 14 ദിവസം താമസിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രത്തിലേക്ക് മാറ്റും.
രാജ്യം കൊറോണ മുക്തമാണെന്നും പ്രതിരോധ നടപടികള്‍ ശക്തമായി തുടരുകയാണെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളെ വൈറസില്‍നിന്ന് സംരക്ഷിക്കാന്‍ മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. രാജ്യത്തെ തുറമുഖങ്ങളില്‍ എത്തുന്ന കപ്പല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കി.
ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച കുട്ടികള്‍ മുഴുവന്‍ നിരീക്ഷണത്തിലാണ്. അല്‍ നസീഫ് ബോയ്‌സ് െ്രെപമറി സ്‌കൂള്‍, സിത്ര ഗേള്‍സ് െ്രെപമറി സ്‌കൂള്‍, അല്‍ ഖമര്‍ കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ ഇയാള്‍ ഓടിച്ച വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്.
പ്രസ്തുത കുട്ടികളെ മുഴുവന്‍ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാന്‍ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഈ സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചിടാന്‍ മന്ത്രിസഭയും നിര്‍ദേശം നല്‍കി.
ബസ് െ്രെഡവറെ കൂടാതെ, ബഹ്‌റൈനില്‍ ഒരു യുവതിക്കും കൊറോണയുണ്ട്. ഇവര്‍ ഇറാനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.