റിയാദ് - ഫൈനൽ എക്‌സിറ്റ് നൽകിയ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയാൽ അക്കാര്യം തൊഴിലുടമകൾ റിപ്പോർട്ട് ചെയ്യൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഫൈനൽ എക്‌സിറ്റിലുള്ള ഗാർഹിക തൊഴിലാളികൾ വിസാ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് നിരീക്ഷിച്ച് ഉറപ്പു വരുത്താൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ഫൈനൽ എക്‌സിറ്റ് നൽകിയ വിദേശ തൊഴിലാളി രാജ്യം വിടുന്നത് തൊഴിലുടമ ഉറപ്പു വരുത്തണമെന്നും ഫൈനൽ എക്‌സിറ്റ് വിസ നൽകി ഉത്തരവാദിത്തം ഒഴിയാൻ പാടില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.
ഫൈനൽ എക്‌സിറ്റ് നൽകിയ വേലക്കാരി ഒളിച്ചോടിയെന്നും ഇവർ എവിടെയാണുള്ളതെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കി സൗദി പൗരൻ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളി എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെങ്കിൽ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി പരാതി നൽകുകയാണ് (ഹുറൂബാക്കൽ) വേണ്ടതെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഫൈനൽ എക്‌സിറ്റ് നൽകിയ ഗാർഹിക തൊിലാളി ഒളിച്ചോടിയെന്നും ഇവർ എവിടെയാണ് കഴിയുന്നതെന്ന് തനിക്കറിയില്ലെന്നും വിസാ കാലാവധിക്കുള്ളിൽ രാജ്യം വിട്ടോ എന്ന് ഉറപ്പു വരുത്തുന്നതിന് നിശ്ചിത കാലം കാത്തിരിക്കുകയാണോ വേണ്ടതെന്നും ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യാത്തതിനു പിഴ ഒടുക്കേണ്ടിവരുമോ എന്നുമായിരുന്നു സൗദി പൗരന്റെ അന്വേഷണം.
ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് അവരുടെ പാസ്‌പോർട്ടുകളിൽ കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പാസ്‌പോർട്ട് കാലാവധി അവസാനിച്ച തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് നൽകാൻ കഴിയില്ല.
ഫൈനൽ എക്‌സിറ്റിന് സമീപിക്കുന്നതിനു മുമ്പായി പാസ്‌പോർട്ട് പുതുക്കണം. പതിനാലു മാസത്തിൽ കുറവ് കാലാവധി ശേഷിക്കേ ഗാർഹിക തൊഴിലാളികളുടെ ഇഖാമ (ഹവിയ്യതു മുഖീം) പുതുക്കാവുതാണ്. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ഇഖാമകൾ ഇത്രയും നേരത്തെ പുതുക്കാൻ കഴിയില്ല. കാലാവധി ആറു മാസത്തിൽ കുറവാണെങ്കിൽ മാത്രമാണ് സ്വകാര്യ മേഖലാ തൊഴിലാളികളുടെ ഇഖാമകൾ പുതുക്കാൻ കഴിയുക. ഇങ്ങനെ ഇഖാമ പുതുക്കുന്നതിന് കാലാവധിയുള്ള വർക്ക് പെർമിറ്റും ഹെൽത്ത് ഇൻഷുറൻസ് പോളിസിയുമുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് വ്യക്തമാക്കി.