പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നതിൽ സർക്കാറുകൾക്ക് ബാധ്യതയില്ലെന്നും പ്രൊമോഷനിൽ സംവരണം എന്നത് മൗലികാവകാശമല്ലെന്നുമുള്ള സുപ്രീം കോടതി പരാമർശങ്ങൾക്കെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത കഴിഞ്ഞ ദിവസത്തെ ഭാരത് ബന്ദ് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കാതിരുന്നതിൽ അത്ഭുതമില്ല. ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോയിട്ട്, മിക്കവാറും ദളിത് സംഘടനകൾക്കുപോലും സാധിക്കാത്ത സാഹചര്യത്തിൽ ബന്ദ് വിജയിച്ചാലല്ലേ അത്ഭുതമുള്ളൂ. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ ബലി കഴിച്ചിട്ടും കാര്യമായ പ്രതികരണമൊന്നും കണ്ടിരുന്നില്ലല്ലോ.
സംവരണം മൗലികാവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ ചന്ദ്രശേഖർ ആസാദ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. എങ്കിൽ കൂടി വിഷയത്തിന് ദേശീയ ശ്രദ്ധ ലഭിക്കുന്നതിനും കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുന്നതിനുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യയിൽ ദശകങ്ങളോളം നീണ്ടുനിന്ന പൗരസമത്വ പ്രക്ഷോഭങ്ങളിലൂടെയാണ് ദളിത് വിഭാഗങ്ങൾക്ക് മനുഷ്യോചിതമായ പരിഗണന കിട്ടുന്നതും അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ മർദന രൂപങ്ങളിൽ നിന്നും മോചിപ്പിച്ച് ജനാധിപത്യ വ്യവസ്ഥയിൽ പൗരത്വം ലഭ്യമാകുന്നതും. ജാതി-മത-വർഗ വംശ ലിംഗ വിഭജനത്തിനതീതമായി 'നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന്' അംഗീകരിക്കുന്നതോടൊപ്പം സഹസ്രാബ്ദങ്ങളായുള്ള ജാതി മർദനം മൂലം സാമൂഹികമായി പിന്നോക്കം തള്ളപ്പെട്ടവർക്ക് പൗരസമത്വം ഉറപ്പാക്കാനും ഭരണത്തിൽ പങ്കാളിത്തമുണ്ടാക്കാനുമാണ് ഭരണഘടനയുടെ ഭാഗം 3 ൽ (ആർട്ടിക്കിൾ 15, 16) സംവരണം ഉറപ്പു നൽകുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 17 ലൂടെ അയിത്തോച്ചാടനം നിയമമാക്കിയെങ്കിലും ഭരണത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സാമൂഹികമായി പിന്നോക്കം തള്ളപ്പെട്ട എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ടായിരുന്നു.
പ്രത്യേകിച്ച് ചരിത്രത്തിലുടനീളം അവർക്ക് പ്രവേശനമില്ലാതിരുന്ന, നിർണായക തീരുമാനങ്ങളെടുക്കുന്ന അധികാര കേന്ദ്രങ്ങളിൽ. അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും സാമൂഹിക ജനാധിപത്യം ഉറപ്പാക്കുന്നതിൽ സുപ്രധാനവുമായിരുന്നു.
നിർഭാഗ്യവശാൽ സംവരണത്തിന്റെ ഈ രാഷ്ട്രീയം ഇന്നും പലരും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയവർ പോലും ഇല്ല എന്നു നടിക്കുന്നു. സമൂഹത്തിലെ പാവപ്പെട്ടവരെ സാമ്പത്തികമായി ഉയർത്താനല്ല സംവരണം. മറിച്ച് ഇന്ത്യൻ സമൂഹത്തിൽ 1800 ൽപരം വർഷങ്ങളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നൽകുന്ന പരിരക്ഷകളിൽ ഒന്നു മാത്രമാണ്. കാലങ്ങളായി അടിമകളെ പോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങൾ നിഷേധിക്കപ്പെട്ടും മൃഗതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഒരു സുപ്രഭാതത്തിൽ എല്ലാ മനുഷ്യരും തുല്യരാണ് എന്നു പറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവൻ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തിൽ ചുരുക്കം വരുന്ന സവർണരോട് മത്സരിക്കാൻ പറഞ്ഞാൽ, എന്നിട്ട് ഇതാണ് 'തുല്യത' എന്നു പറഞ്ഞാൽ, നീതിബോധമുള്ള/ചരിത്രബോധമുള്ള ആർക്കും അതംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാ ശിൽപികൾ സംവരണ തത്വം നമ്മുടെ ഭരണഘടനയിൽ ചേർത്തത്. അതേസമയം ആദിവാസികളും ദളിതുകളുമൊഴിച്ചുള്ള സംവരണ വിഭാഗങ്ങളിലെ സമ്പന്നരെ പൂർണമായും സംവരണ ആനുകൂല്യങ്ങളിൽനിന്നും ഒഴിവാക്കി അതിന്റെ രാഷ്ട്രീയത്തിൽ നേരത്തെ തന്നെ വെള്ളം ചേർത്തിട്ടുണ്ട്.
ലോകത്തിൽ എവിടെയും പാവപ്പെട്ടവരെ സംരക്ഷിക്കാൻ സംവരണ നിയമങ്ങളില്ല. പാവപ്പട്ടവരുടെ ക്ഷേമം എന്നത് ആ രാഷ്ട്രത്തിലെ സർക്കാറിന്റെ ഏറ്റവും മുഖ്യമായ കടമയാണ്. ഓരോ രാഷ്ട്രത്തിലെ പാവപ്പെട്ടവരെ സംരക്ഷിക്കാൻ അതാതു രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമ്പത്തിക നയങ്ങൾക്കുള്ളിൽ തന്നെ നിന്നുകൊണ്ട് സാമൂഹ്യ നീതി നടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങായി സംവരണത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അതായത് സാമ്പത്തിക നീതിയല്ല, സാമൂഹ്യ നീതിയാണ് സംവരണത്തിന്റെ ലക്ഷ്യമെന്നർത്ഥം.
അതേസമയം സംവരണം കാലാകാലത്തേക്കുള്ളതല്ല. എന്നു ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങൾ രാഷ്ട്രീയ/സാമൂഹിക/സാമ്പത്തിക/സാംസ്‌കാരിക മണ്ഡലങ്ങളിൽ മറ്റു ഉയർന്ന വിഭാഗങ്ങളുമായി തുല്യതയിൽ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങൾ എടുത്തുമാറ്റണമെന്ന് ഭരണഘടനാശിൽപികൾ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാലിപ്പോഴും ആ ലക്ഷ്യം നേടാനായിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, പൊതുമേഖല തകരുകയും സംവരണം ബാധകമല്ലാത്ത സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്യുകയാണ്. സർക്കാർ വേതനം നൽകിയിട്ടും കേരളത്തിലെ എയ്ഡഡ് മേഖല പോലെ പലയിടത്തും ഭരണഘടനാവകാശമായ സംവരണം നടപ്പാക്കുന്നില്ല. അതിനിടയിൽ ഭരണഘടനാ വിരുദ്ധമായ നിലയിൽ 'മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക്' 10% സംവരണം കൂടി നടപ്പിലാക്കി സംവരണത്തിന്റെ രാഷ്ട്രീയം തന്നെ അട്ടിമറിച്ചിരിക്കുകയാണ്. കൗതുകകരമെന്നു പറയട്ടെ, ആ ആവശ്യം ആദ്യമുന്നയിച്ചത് കേരളത്തിലെ സി.പി.എമ്മാണ്.
യൂറോപ്യൻ സാഹചര്യത്തിൽ കാറൽമാർക്‌സ് രൂപം നൽകിയ വർഗ സമര സിദ്ധാന്തങ്ങളിൽ ഒതുങ്ങാത്ത ഒന്നാണല്ലോ അവർക്ക് ഇന്ത്യയിലെ പച്ച പരമാർത്ഥമായ ജാതി വ്യവസ്ഥ. സംവരണം അവർക്ക് ദാരിദ്ര്യ നിർമാർജന പദ്ധതി മാത്രമാണ്. സി.പി.എമ്മിന്റെ ആവശ്യം ബി.ജെ.പി അംഗീകരിക്കുകയും ചെയ്തു. കാരണം ഹിന്ദു ഭൂരിപക്ഷത്തെയും ഹിന്ദുരാഷ്ട്രത്തെയും സൃഷ്ടിക്കാനുള്ള പ്രക്രിയയിൽ അവർക്കും ജാതിയും ദളിതരുടെ പ്രക്ഷോഭങ്ങളും പേടിസ്വപ്‌നമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആസാദ് ഇത്തരമൊരു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
സംഘ്പരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങളോടൊപ്പം ദളിത് ആദിവാസി ജനാധിപത്യ ശക്തികളും ഐക്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് സംവരണം സംരക്ഷിക്കാനും അത് സ്വകാര്യ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനുമുള്ള പ്രക്ഷോഭം എന്ന തിരിച്ചറിവിനാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നവർ ഇന്നു തയാറാകേണ്ടത്. അതും രണ്ടാം സ്വാതന്ത്ര്യ സമരമാണ്.