മാന്ത്രിക നോവലുകളെ മലയാളികൾക്കിടയിൽ ജനകീയമാക്കിയ മഹാമാന്ത്രികനാണ് ഏറ്റുമാനൂർ ശിവകുമാർ. ഭീതിയും ക്രൗര്യവും ദുരൂഹതയുമുള്ള ഒരു ഇരുണ്ട കാലത്തിന്റെ ഗഹനതയത്രയും ലളിതമായ ഭാഷയിൽ ഏതു തരം വായനക്കാർക്കും വായിച്ചാസ്വദിക്കാൻ കഴിയുംവിധം എഴുതി ഫലിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അത് തന്നെയായിരുന്നു മാന്ത്രിക നോവൽ സാഹിത്യ രചനാ രംഗത്ത് അദ്ദേഹം നേടിയെടുത്ത മഹാവിജയത്തിന്റെ രഹസ്യവും.
വളരെ വർഷങ്ങൾക്ക് മുമ്പാണ്. കോട്ടയത്തെ ഒരു പ്രമുഖ വാരികയുടെ ഓഫീസിലെ ജോലിയുടെ ഇടവേളയിലുള്ള ഒരു സൗഹൃദ സദസ്സാണ് രംഗം. സംസാരിച്ചിരിക്കുന്ന രണ്ടു പേരിൽ ഒരാൾ പത്രാധിപരാണ്. മറ്റേയാൾ പത്ര പ്രവർത്തകനും നോവലിസ്റ്റുമാണ്. അയാൾ അന്ന് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ വാരികകളിലൊക്കെ സാമൂഹ്യ നോവലുകളെഴുതി പ്രസിദ്ധനുമായിരുന്നു. സംസാരത്തിനിടെ അവിചാരിതമായി പത്രാധിപ സുഹൃത്ത് അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പറഞ്ഞു- താങ്കളീ പ്രേംനസീർ സിനിമകളിലെപ്പോലെ മരം ചുറ്റി പ്രേമവും സെക്‌സും വയലൻസും മാത്രമായി നോവൽ എഴുതുന്നതിൽ എന്ത് കാര്യമാണുള്ളത്? വെറും നേരം കൊല്ലി എന്നെല്ലാതെ മറ്റെന്തുണ്ട് അതിൽ? എഴുതിയാൽ കൃഷ്ണപ്പരുന്ത് പോലുള്ള ഒരു സാധനം എഴുതണം. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് നല്ല കഴിവും കരുത്തും കാമ്പും വേണം എന്നു കൂടി പറഞ്ഞ് അദ്ദേഹം നോവലിസ്റ്റ് സുഹൃത്തിനെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു.
മനോരാജ്യം വാരികയിൽ പി.വി. തമ്പി എഴുതിയ പ്രസിദ്ധമായ കൃഷ്ണപ്പരുന്ത് എന്ന മാന്ത്രിക നോവൽ പ്രസിദ്ധീകരിച്ച സമയമായിരുന്നു അത്.
മാന്ത്രിക നോവലുകൾ അന്ന് മലയാളി വായനക്കാർക്ക് അത്രയൊന്നും പരിചിതമായിരുന്നില്ല. കൃഷ്ണപ്പരുന്തും അതിന് മുമ്പ് കൊല്ലത്തു നിന്നുള്ള കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച മോഹന ചന്ദ്രന്റെ കലികയുമായിരുന്നു ആ ജനുസിൽപെട്ട രണ്ടേ രണ്ടു നോവലുകൾ. പി.വി. തമ്പി പിന്നീട് മാന്ത്രിക നോവലുകളൊന്നും എഴുതിയില്ല. കുവൈത്ത് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായിരുന്ന മോഹനചന്ദ്രൻ പിന്നെയും ചില കുറ്റാന്വേഷണ നോവലുകളെഴുതിയെങ്കിലും വായനക്കാർ അവ കാര്യമായി ശ്രദ്ധിച്ചതുമില്ല. അതെന്തായാലും തന്റെ പത്രാധിപ സുഹൃത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ പ്രസ്തുത നോവലിസ്റ്റ് തീരുമാനിച്ചു. ഒരു മാന്ത്രിക നോവൽ എഴുതിയിട്ടു തന്നെ കാര്യം എന്നദ്ദേഹം മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
ദിവസങ്ങളോളം മാന്ത്രിക നോവൽ എന്ന ചിന്തയും മനസ്സിലിട്ട് നടന്നു. പക്ഷേ, എന്തെഴുതും, എങ്ങനെ എഴുതും എന്നൊരു രൂപവും തെളിഞ്ഞു വന്നില്ല. അതിനിടയിലാണ് ആ പത്രാധിപ സുഹൃത്ത് തന്നെ പറഞ്ഞ ഒരു കഥ ഓർമ വരുന്നത്. അദ്ദേഹത്തിന്റെ നാടായ കോതമംഗലത്ത് നടന്ന ഒരു സംഭവ കഥയാണ്. നാട്ടിലെ വലിയ പ്രമാണിയായ ഒരു ജന്മിയും അയാളുടെ അടിയാനും തമ്മിൽ ശത്രുക്കളായി. അടിയാൻ ജന്മിയെ വെല്ലുവിളിച്ചു. തന്നെ വെല്ലുവിളിച്ച അടിയാനെയും കുടുംബത്തെയും ജന്മി കൊന്നു കുഴിച്ചുമൂടി. പ്രത്യക്ഷത്തിൽ ഈ സംഭവ കഥയിൽ ഒരു മാന്ത്രിക നോവലിനുള്ള സാധ്യതയൊന്നുമില്ല എന്നു വ്യക്തം. പക്ഷേ, ആ സംഭവത്തെ ഒരു മാന്ത്രിക നോവലിനുള്ള വിഷയമായി വളർത്തിയെടുക്കാൻ തന്നെ നോവലിസ്റ്റ് തീരുമാനിച്ചു. അദ്ദേഹം ജന്മിയുടെ സ്ഥാനത്ത് തുപ്പൻ തിരുമേനി എന്നൊരു ദുർമാന്ത്രികനെ സൃഷ്ടിച്ചു. ഇളയക്കര ഗ്രാമം വാഴുന്ന ഇളയിടത്തില്ലത്തെ പ്രതാപിയായ മാന്ത്രികനായി അയാളെ വളർത്തി. കാര്യസ്ഥന്റെ സ്ഥാനത്ത് ഗോപാലൻ നായരെ കൊണ്ടുവന്നു. അതോടെ മാന്ത്രിക നോവലെഴുത്തിന് ഒരു ഒഴുക്ക് കിട്ടി. എഴുത്ത് മുറുകി. പിന്നെ വൈകാതെ ഒരു ദിവസം സോമശേഖരൻ എന്നു പേരുള്ള അതേ സുഹൃത്തിന്റെ മുന്നിൽ (അദ്ദേഹമന്ന് ബാലമംഗളത്തിന്റെ പത്രാധിപരാണ്) നമ്മുടെ നോവലിസ്റ്റ് ഒരു മാന്തിക നോവലിന്റെ കൈയെഴുത്തു പ്രതി സമർപ്പിച്ചു- ശ്യാമയാമങ്ങൾ എന്നായിരുന്നു അതിന്റെ പേര്. ആ നോവലിസ്റ്റിനെ നാം അറിയും -ഏറ്റുമാനൂർ ശിവകുമാർ!
സുഹൃത്തിനോടുള്ള വെല്ലുവിളി നിറവേറ്റാൻ ഒരാവേശത്തിന് എഴുതിയതാണ് ശ്യാമയാമങ്ങൾ എന്ന മാന്ത്രിക നോവൽ. എഴുതിക്കഴിഞ്ഞപ്പോൾ നോവൽ ഇനിയെന്തു ചെയ്യും എന്നായി ശിവകുമാറിന്റെ ചിന്ത. അന്നദ്ദേഹം ജോലി ചെയ്യുന്നത് മംഗളം വാരികയിലാണ്. സ്വാഭാവികമായും അവർക്ക് തന്നെ ആദ്യം അദ്ദേഹം നോവൽ പ്രസിദ്ധീകരണത്തിന് നൽകി. പത്രാധിപർക്ക് നോവൽ നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ, അങ്ങനെ ഒരു പരീക്ഷണ നോവൽ പ്രസിദ്ധീകരിച്ചാൽ അത് വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്നായി അദ്ദേ ഹത്തിന് ശങ്ക. ആ ശങ്കക്കിടയിൽ അഞ്ചാറു മാസത്തോളം ശ്യാമയാമങ്ങൾ വെളിച്ചം കാണാതെ അവിടെ കിടന്നു. നിഗൂഢതകളുടെ പരിവേഷമുള്ള മാന്ത്രിക കാര്യങ്ങൾ സന്നിവേശിപ്പിച്ച് അഭൗമമായ ഒരു തലത്തിൽ എഴുതപ്പെട്ട ആ നോവലിനെ ഏതോ ഒരു അഭിശപ്തത പൊതിഞ്ഞിരിക്കുന്നതു പോലെ ശിവകുമാറിന് തോന്നി. ആ നോവൽ അവർ പ്രസിദ്ധീകരിക്കാൻ പോകുന്നില്ലെന്ന് മനസ്സിലായതോടെ ഏറെ സങ്കടത്തോടെ അദ്ദേഹമത് തിരിച്ചുവാങ്ങി.
താമസിയാതെ അവരുടെ അനുവാദത്തോടെ നോവൽ മനോരാജ്യം വാരികയെ ഏൽപിച്ചു. പി.വി. തമ്പിയുടെ കൃഷ്ണപ്പരുന്ത് എന്ന മാന്ത്രിക നോവൽ പ്രസിദ്ധീകരിച്ചത് അവരായിരുന്നു. അതു കഴിഞ്ഞ് രണ്ടു വർഷത്തോളമായി. അതിനിടയിൽ മറ്റൊരു മാന്ത്രിക നോവലും മനോരാജ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. അതുകൊണ്ട് ശ്യാമയാമങ്ങൾ അവർക്ക് കൊടുക്കുമ്പോൾ പ്രസിദ്ധീകരിച്ചേക്കുമെന്ന നേരിയൊരു പ്രതീക്ഷ ശിവകുമാറിന് ഉണ്ടായിരുന്നു. പക്ഷേ, കൃത്യം നാലാം ദിവസം പത്രാധിപരുടെ വിളി വന്നു, കൊച്ചിയിലെ വാരികയുടെ ഓഫീസിൽ ചെല്ലാൻ ആവശ്യപ്പെട്ടുകൊണ്ട്. ഇത്രയും പെട്ടെന്ന് വിളിക്കണമെങ്കിൽ നോവൽ വാരികയിലേക്ക് തെരഞ്ഞെടുത്തിരിക്കില്ല എന്നദ്ദേഹം ഊഹിച്ചു. നോവൽ തിരിച്ചു വാങ്ങാനായിരിക്കും ചെല്ലാൻ പറഞ്ഞത് എന്ന് മനസ്സിൽ ഉറപ്പിച്ചാണ് ശിവകുമാർ അവിടെ എത്തിയത്. പക്ഷേ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് നോവൽ പ്രസിദ്ധീകരിക്കാൻ പോകുന്നതായി അവർ അറിയിച്ചു. ഒപ്പം ഒരു ആവശ്യം കൂടി അവർ മുന്നോട്ട് വെച്ചു. നോവലിന് കുറച്ച് അധ്യായങ്ങൾ കൂടി എഴുതിച്ചേർക്കണം.
അത് കേട്ടപ്പോൾ അസാധ്യം എന്നാണ് ഏറ്റുമാനൂർ ശിവകുമാറിന് ആദ്യം തോന്നിയത്. അധ്യായങ്ങൾ പോയിട്ട് ഒരു വരി പോലും കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധം അത്രയും ശ്രമകരമായി, ശ്രദ്ധയോടെ കാച്ചിക്കുറുക്കിയാണ് 32 അധ്യായങ്ങളിൽ നോവൽ എഴുതി പൂർത്തിയാക്കിയത്. മാന്ത്രിക നോവൽ എഴുത്ത് എന്ന പരിപാടി തന്നെ അതോടെ നിർത്താനും അദ്ദേഹം തീരുമാനിച്ചതായിരുന്നു. അതെന്തായാലും മനോരാജ്യത്തിന്റെ നിർബന്ധത്തിന് വഴങ്ങി നോവലിന് ഏതാനും അധ്യായങ്ങൾ കൂടി എഴുതാൻ ഒടുവിൽ അദ്ദേഹം ത യാറെടുത്തു. എഴുതിത്തുടങ്ങിയപ്പോൾ അക്ഷര ദേവതയുടെ കടാക്ഷം കൊ ണ്ടെന്ന പോലെ അത് 12 അധ്യായങ്ങളിലേക്ക് കൂടി നീണ്ടു. അങ്ങനെ 44 അധ്യായങ്ങളിലാണ് ആ നോവൽ പൂർത്തിയായതും മനോരാജ്യത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതും. ഇന്നും ആലോചിക്കുമ്പോൾ തനിക്കതിന് എങ്ങനെ കഴിഞ്ഞു എന്നത് ശിവകുമാറിനെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
വായനക്കാരിൽ നിന്നും അതിഗംഭീരമായ വരവേൽപായിരുന്നു ഓരോ ആഴ്ചയിലും ശ്യാമയാമങ്ങൾക്ക് കിട്ടിയത്. വാരികയുടെ സർക്കുലേഷന്റെ വമ്പിച്ച കുതിപ്പിന് പോലും അത് കാരണമായി. അതോടെ മാന്ത്രിക നോവലെഴുത്തിലെ മഹാമാന്ത്രികൻ എന്ന ഖ്യാതി അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നു മാത്രമല്ല മാന്ത്രിക നോവലെഴുത്തിലെ പൂർവസൂരികളായ മോഹന ചന്ദ്രനും പി.വി. തമ്പിക്കും പോലും കിട്ടാത്ത പേരും പെരുമയും അദ്ദേഹത്തിന് കൈവരികയും ചെയ്തു. വർഷങ്ങളായി അനേകം ബാലനോവലുകളും സാമൂഹ്യ നോവലുകളും എഴുതിയിട്ടും ലഭിക്കാതിരുന്ന പ്രശസ്തിയും അംഗീകാരവുമാണ് ആ ഒറ്റ നോവൽ അദ്ദേഹത്തിന് നേടിക്കൊടുത്തത്. മലയാള മാന്ത്രിക നോവൽ സാഹിത്യത്തിലെ ആസ്ഥാന എഴുത്തുകാരനായി ഏറ്റുമാനൂർ ശിവകുമാറിനെ വായനക്കാരും വാരികക്കാരും പ്രതിഷ്ഠിക്കുകയായിരുന്നു. ഒരുപക്ഷേ, താൻ പോലും അറിയാതെയുള്ള പ്രതിഷ്ഠാപനം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്.
ശ്യാമയാമങ്ങളുടെ പ്രസിദ്ധീകരണം അവസാനിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞു കാണും. അപ്പോഴാണ് മനോരാജ്യം പത്രാധിപരുടെ ഒരു അഭ്യർഥന ശിവകുമാറിനെ തേടി വരുന്നത്- ശ്യാമയാമങ്ങൾക്ക് ഒരു രണ്ടാംഭാഗം വേണം. അത് ഉടൻ എഴുതുകയും ചെയ്യണം. ഇനിയൊരു മാന്ത്രിക നോവൽ എഴുതില്ലെന്ന് ശപഥം എടുത്തിരുന്ന അദ്ദേഹം ധർമസങ്കടത്തിലായി. അങ്ങനെ ഒരു തീരുമാനമെടുക്കാനും കാരണമുണ്ട്. അനേകം നാളത്തെ തയാറെടുപ്പും കേരളം മുഴുവനുമുള്ള യാത്രകളും ഒപ്പം തന്റെ കഴിവിന്റെ പരമാവധിയും ഉപയോഗിച്ചാണ് ആ നോവൽ എഴുതിയത്. മാന്ത്രിക കാര്യങ്ങളെ കുറിച്ച് അന്ന് വരെ സ്വരൂപിച്ച അറിവിന്റെ ആവനാഴിയിലെ അവസാനത്തെ തുള്ളിയും ആ നോവലിന്റെ രചന പൂർത്തിയാക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ശാരീരികമായും മാനസികമായും ഏറെ അധ്വാനവും ശ്രദ്ധയും വേണ്ടിവന്ന ആ നോവലിന്റെ നിർമിതി കഴിഞ്ഞ് ദീർഘമായ ഒരു വിശ്രമവും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനിടയിലാണ് പത്രാധിപരുടെ പ്രലോഭനത്തിൽ പൊതിഞ്ഞ സ്‌നേഹപൂർവമായ നിർബന്ധം വന്നത്. അത്തരം ഒരു സാഹചര്യത്തിൽ മനസ്സില്ലാമനസ്സോടെ ശ്യാമയാമങ്ങൾക്ക് ഒരു രണ്ടാം ഭാഗമെഴുതാൻ അദ്ദേഹത്തിന് പേനയെടുക്കേണ്ടി വന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ട് എന്ന് ഏറ്റുമാനൂർ ശിവകുമാർ വിശദീകരിക്കുന്നു. അക്ഷരത്തോടുള്ള അടങ്ങാത്ത പ്രണയം മൂത്ത് ഇരുപതാം വയസ്സിൽ പത്രാധിപരായതാണ് അദ്ദേഹം. ബാലമംഗളം, മുത്തശ്ശി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ഇരുന്നിട്ടുണ്ട്. 40 ഓളം ബാലനോവലുകളും അനേകം സാമൂഹ്യ നോവലുകളും എഴുതി. ഒരിടക്ക് മാമാങ്കം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. എന്നാൽ എഴുത്തുകൊണ്ട് കാര്യമായി ഒന്നും സമ്പാദിക്കാൻ തനിക്ക് പറ്റിയിരുന്നില്ല എന്നദ്ദേഹം തുറന്നു പറഞ്ഞു.
സ്വന്തമായി പ്രസ് നടത്തി. അത് പൊളിഞ്ഞു പാളീസായി. അതോടെ വലിയ കടക്കാരനുമായി. അറിയാവുന്ന ഏക തൊഴിൽ എഴുത്താണ്. കടം വീട്ടാൻ എഴുതാതെ പറ്റില്ലെന്നായി, ജീവിക്കാനും. അക്കാലത്തെ അദ്ദേഹത്തിന്റെ ഒരേയൊരു പ്രാർഥന കൈക്കും വിരലിനും ഒന്നും പറ്റരുതേ എന്നതു മാത്രമായിരുന്നു. അങ്ങനെ സംഭവിച്ചാൽ എഴുത്ത് മുടങ്ങും. ജീവിതം തന്നെ വഴിമുട്ടും. ഒരു മാന്ത്രിക നോവൽ മാത്രമെഴുതി നിർത്താൻ തീരുമാനിച്ച ശിവകുമാർ ഈ സാഹചര്യത്തിലാണ് വീണ്ടും അത്തരം നോവലുകൾ എഴുതാൻ നിർബന്ധിതനായത്.
ശിവകുമാർ ജനിച്ചു വളർന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ധാരാളം കാവുകളും ബ്രാഹ്മണ ഇല്ലങ്ങളും ഉള്ള ഒരു പ്രദേശമായിരുന്നു. പരശുരാമൻ സൃഷ്ടിച്ചത് എന്ന് കരുതപ്പെടുന്ന 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായിരുന്നു, ഏറ്റുമാനൂർ. അവിടുത്തെ ബ്രാഹ്മണ കുട്ടികളിൽ പലരും അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. അതുകൊണ്ടു തന്നെ ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട് വളർന്നു വന്ന മാന്ത്രിക സിദ്ധികൾ, മന്ത്രതന്ത്രങ്ങൾ എന്നിവയെ കുറിച്ച് ബാല്യകാലത്ത് തന്നെ ചെറിയ തോതിലുള്ള അറിവുകൾ അദ്ദേഹത്തിന് കിട്ടിയിരുന്നു എന്നു വേണം കരുതാൻ. സാഹചര്യ സമ്മർദമുണ്ടായപ്പോൾ ആ അറിവിന്റെ പിൻബലം അദ്ദേഹത്തെ മികച്ചൊരു മാന്ത്രിക നോവലിസ്റ്റ് ആക്കി മാറ്റിയതായിരിക്കണം.
ഇനിയൊരു മാന്ത്രിക നോവലെഴുതാൻ തനിക്ക് കഴിയുമോ എന്ന സംശയത്തോടെയാണ് ശ്യാമയാമങ്ങൾക്ക് അദ്ദേഹം ഒരു രണ്ടാം ഭാഗം എഴുതാനിരുന്നത്. പക്ഷേ, എഴുതിത്തുടങ്ങിയപ്പോൾ ഇടതടവില്ലാതെ വാക്കുകളും വാചകങ്ങളുമുണ്ടായി. അവയുടെ ഒരു പ്രവാഹം. അത് അവസാനിക്കുമ്പോൾ 45 അധ്യായങ്ങളുള്ള അതിമനോഹരമായ ഒരു നോവലുണ്ടായി. ആ നോവൽ മനോരാജ്യത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ വായനക്കാർ അതിനെയും മനസ്സറിഞ്ഞ് സ്വീകരിച്ചു. ഏറ്റുമാനൂർ ശിവകുമാർ എന്ന മാന്ത്രിക നോവലിസ്റ്റിന്റെ പ്രശസ്തി കൊടുമുടി കയറുകയായിരുന്നു. ശ്യാമയാമങ്ങൾ എന്ന നോവൽ എഴുതിയതോടെയാണ് ഇനി എഴുതി ജീവിക്കാം എന്നൊരു ധൈര്യം ജീവിതത്തിലാദ്യമായി തനിക്ക് കിട്ടിയത് എന്നദ്ദേഹം പറഞ്ഞു. ശിവകുമാറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയ കൃതിയാണത് എന്നു പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടു തന്നെ എഴുതിയ മാന്തിക നോവലുകളിൽ അദ്ദേഹത്തിന് ഇന്നും ഏറെയിഷ്ടം ശ്യാമയാമങ്ങളോട് തന്നെ.
ആ സമയത്താണ് മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന പ്രമുഖ നിരൂപകൻ കെ.എം. തരകൻ ശിവകുമാറിനെ വിളിക്കുന്നത്. ശ്യാമയാമങ്ങളുടെ ചുവടുപിടിച്ചുള്ള ഒരു നോവൽ തങ്ങൾക്കും വേണം എന്നതായിരുന്നു ആവശ്യം. മലയാളി വായനക്കാരെ ഇളക്കി മറിച്ച മറ്റൊരു സൂപ്പർ ഹിറ്റ് മാന്ത്രിക നോവൽ അങ്ങനെ ഉണ്ടായി- സൂര്യനയനങ്ങൾ! കോട്ടയത്തു നിന്നും അക്കാലത്തിറങ്ങിയ പ്രസിദ്ധ ആഴ്ചപ്പതിപ്പായിരുന്നു ചെമ്പകം. അവരും ആവശ്യപ്പെട്ടു ഒരു മാന്ത്രിക നോവൽ. ഗരുഡപഞ്ചമി എന്ന നോവലിന്റെ പിറവി അങ്ങനെയാണ്. അതും വായനക്കാർ ഇരുകൈ നീട്ടി സ്വീകരിച്ചു. പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷൻ ബൂമിൽ വലിയ മാറ്റമുണ്ടാക്കാൻ ഏറ്റുമാനൂർ ശിവകുമാറിന്റെ മാന്ത്രിക നോവലുകൾക്ക് കഴിയുന്നു എന്നു വാരികകൾ തിരിച്ചറിഞ്ഞു തുടങ്ങി. അതേ കാലത്താണ് മംഗളം വാരിക ശിവകുമാറിനോട് ഒരു മാന്ത്രിക നോവൽ ചോദിച്ചത്. ആയില്യംകാവ് എന്ന മാന്ത്രിക നോവൽ അവർക്ക് നൽകി -ഒരിക്കൽ തന്റെ ശ്യാമയാമങ്ങൾ തിരസ്‌കരിച്ച മംഗളത്തോട് അദ്ദേഹം മധുരമായി പക വീട്ടി.
തുടർന്ന് ശിവകുമാറിന്റെ ജൈത്രയാത്രയായിരുന്നു. അദ്ദേഹത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല. കോട്ടയത്തു നിന്നും അന്ന് 14 ഓളം വാരികകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 10 ഓളം വാരികകളിൽ ഒരേ സമയം അദ്ദേഹം മാന്ത്രിക നോവലുകൾ എഴുതി. തിരുവാതിര, പതിമൂന്നാം രാവ്, തമ്പുരാൻകുന്ന്, വലംപിരിശംഖ്, സ്വർണ രുദ്രാക്ഷം, ആറാട്ടുകടവ്, പവിത്ര മോതിരം, സൂര്യകിരീടം, ദേവയാമങ്ങൾ, രുദ്രതാളം, ഗന്ധർവൻകാട് തുടങ്ങി 40 ലേറെ മാന്ത്രിക നോവലുകൾ അദ്ദേഹത്തിന്റെ മാന്ത്രികത്തൂലികയിൽ നിന്നും പിറവി കൊണ്ടു. ആ നോവലുകളിൽ മിക്കവയും മലയാളി വായനക്കാർ ആത്മാവിൽ ആവാഹിച്ചെടുത്ത് ആഘോഷമാക്കി.
ഒരു കാലത്ത് മലയാളിയുടെ വായനാശീലത്തെ പുനർനിർമിച്ചു കൊണ്ട് മാറ്റത്തിന്റെ ആരവമുയർത്തിയവയാണ് മാന്ത്രിക നോവലുകൾ. സാഹിത്യത്തിലെ വരേണ്യ വിഭാഗം പൈങ്കിളിയെന്നും ജനപ്രിയമെന്നുമുള്ള കീഴാള മുദ്ര കുത്തി അവയെ വേർതിരിച്ച് വായനയുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനും അവഗണിക്കാനുമാണ് ശ്രമിച്ചത്. എങ്കിലും അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച സാക്ഷര കേരളത്തിലെ നവസാക്ഷരർ അത്തരം കൃതികളിലൂടെയാണ് സാഹിത്യത്തിന്റെ വിശാല ലോകത്തേക്കുള്ള തങ്ങളുടെ വായനയുടെ വലിയ വാതായനങ്ങൾ തുറന്നിട്ടത്. മാന്ത്രിക നോവലുകളെ മലയാളികൾക്കിടയിൽ ജനകീയമാക്കിയ മഹാമാന്ത്രികനാണ് ഏറ്റുമാനൂർ ശിവകുമാർ. ഭീതിയും ക്രൗര്യവും ദുരൂഹതയുമുള്ള ഒരു ഇരുണ്ട കാലത്തിന്റെ ഗഹനതയത്രയും ലളിതമായ ഭാഷയിൽ ഏതു തരം വായനക്കാർക്കും വായിച്ചാസ്വദിക്കാൻ കഴിയും വിധം എഴുതി ഫലിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. അത് തന്നെയായിരുന്നു മാന്ത്രിക നോവൽ സാഹിത്യ രചനരംഗത്ത് അദ്ദേഹം നേടിയെടുത്ത മഹാവിജയത്തിന്റെ രഹസ്യവും.