Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളുടെ റോഡ് ഷോ; ആഡംബര വാഹനങ്ങള്‍ പിടിച്ചു

കാസര്‍കോട്- സ്‌കൂളുകളിലെ സെന്റോഫ് പ്രമാണിച്ച് റോഡ് ഷോ നടത്തിയവര്‍ കുടുങ്ങി. ലൈസന്‍സില്ലാതെയും അമിത വേഗത്തിലുമായിരുന്നു ഇരുചക്ര വാഹനങ്ങളിലെ പ്രകടനം. കാസര്‍കോട്എന്‍ഫോഴ്‌സ്‌മെന്റ്ആര്‍.ടി.ഒ ഇ.മോഹന്‍ ദാസിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട്ഷേണി എസ്.എസ് എച്ച് എസില്‍ നടത്തിയ പരിശോധനയില്‍ വാടകക്കെടുത്ത ഒരു കാറും ഏഴ് ആഡംബര ബൈക്കുകളും പിടിച്ചു.

മതിയായ രേഖകളില്ലാത്ത രണ്ട് ബൈക്കുകളും ഒരു കാറും കസ്റ്റഡിയിലെടുത്തു. ഇതിനിടെ അംഗടിമുഗര്‍ നാട്ടകല്ലില്‍ ഒരു കുട്ടിയോടിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിഞ്ഞ അപകടത്തില്‍ എതിരെ വന്ന കര്‍ണാടക വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

ഈ വാഹനം ഓടിച്ചത് അംഗഡിമൊഗര്‍ സ്‌കൂളില്‍ സെന്റ് ഓഫില്‍ പങ്കെടുക്കുന്ന കുട്ടിയാണെന്ന്സംശയിക്കുന്നതായി അപകട സ്ഥലത്ത് ഉള്ളവര്‍ അറിയിച്ചു. ഷേണി സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി സെന്റ് ഓഫ് വിവരവും വാഹന സജ്ജീകരണവും അറിയിച്ചതിനാല്‍ ആണ് കൃത്യമായ ഇടപെടല്‍ നടത്താന്‍ ആയത്.

ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ കൃത്യമായ വിവരം അറിയിക്കണമെന്നും ഈ വിഷയത്തില്‍ കര്‍ശന പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് മോഹന്‍ദാസ് അറിയിച്ചു.

 

Latest News