ബുറൈദ - ബാലികയെ കൊണ്ട് ഹുക്ക വലിപ്പിച്ച കേസിൽ മാതാവിനും മാതൃസഹോദരിക്കുമെതിരെ സൈബർ ക്രൈം നിയമവും ബാല സംരക്ഷണ നിയമവും അനുസരിച്ച ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോമഡിക്കും പ്രശസ്തിക്കും വേണ്ടി വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിക്കുന്നതിന് രണ്ടര വയസുകാരിയെ കൊണ്ട് മാതാവും മാതൃസഹോദരിയും ചേർന്ന് ഹുക്ക വലിപ്പിക്കുകയായിരുന്നു. ഈ ക്ലിപ്പിംഗ് പിന്നീട് സ്‌നാപ് ചാറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ബാലികയുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചെന്ന ആരോപണമാണ് മാതാവ് നേരിടുന്നത്. ഇത് ബാല സംരക്ഷണ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഹുക്ക വലിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിലൂടെ ബാലികക്ക് അപകീർത്തിയുണ്ടാക്കിയെന്ന ആരോപണം മാതൃസഹോദരിയും നേരിടുന്നു. സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്. ബാല സംരക്ഷണ നിയമം അനുസരിച്ച ശിക്ഷ ബാലികയുടെ മാതാവിന് വിധിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ബാലികയുടെ മാതൃസഹോദരിക്ക് തടവും പിഴയും വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മാതൃസഹോദരിയുടെ സ്‌നാപ് ചാറ്റ് അക്കൗണ്ട് അടപ്പിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലികയെ കൊണ്ട് ഹുക്ക വലിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മാതാവിനും മാതൃസഹോദരിക്കുമെതിരെ ബുറൈദ പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് കേസിൽ അന്വേഷണം നടത്തിയത്.