- ആദ്യ ഫ്‌ളാറ്റ് സമുച്ചയത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു, നിർമാണം പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച്
കണ്ണൂർ- പ്രീ ഫാബ് സാങ്കേതിക വിദ്യയുപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയ പദ്ധതിക്ക് കണ്ണൂരിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്കാണ് ഫ്‌ളാറ്റ് സമുച്ചയമൊരുങ്ങുന്നത്. പനോന്നേരി വെസ്റ്റിൽ കടമ്പൂർ പഞ്ചായത്ത് വിട്ടുനൽകിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവന സമുച്ചയത്തിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിക്കാണ് നിർമാണ ചുമതല. വീടിന്റെ ഓരോ ഭാഗവും പ്രത്യേകം തയാറാക്കി തറയുടെ മുകളിൽ ഉറപ്പിക്കുന്ന രീതിയാണ് പ്രീ ഫാബ് ടെക്‌നോളജി.
പുതിയ തരം നിർമാണ വസ്തുക്കൾ ഉപയോഗിച്ച് പാരിസ്ഥിതിക സന്തുലനം പാലിച്ചുകൊണ്ട് കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ നിർമിക്കുന്നു എന്നതാണ് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളുടെ മേന്മ. അതിനാൽ തന്നെ നിർമാണ ചെലവ് കുറവായിരിക്കും. വീട് നിർമാണം വളരെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രീ ഫാബ് ടെക്‌നോളജിയിൽ കനം കുറഞ്ഞ ഷീറ്റ് നിർദിഷ്ട അളവിലും രൂപത്തിലും നീളത്തിലും ഫാക്ടറിയിൽ തയാറാക്കി, സൈറ്റിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ അകവും പുറവും ഫൈബർ സിമന്റ് ഷീറ്റ് ഉറപ്പിച്ച് അതിനുളളിൽ റോക്ക് വൂൾ നിറച്ചാണ് ഭിത്തി തയാറാക്കുന്നത്. ചുമരുകൾ, സിമന്റ് പാർട്ടിക്കിൾ ബോർഡും ജിപ്‌സം ബോർഡും ഉപയോഗിച്ച് നിർമിക്കും. ഓരോ നിലയിലും കോൺക്രീറ്റ് ഉപയോഗിച്ചാണ് തറ നിർമിക്കുന്നത്.
സ്റ്റീൽ കോളങ്ങളിൽ നേരത്തേ തന്നെ തയാറാക്കിയ പൈപ്പുകളിലൂടെയാണ് ഇലക്ട്രിക്കൽ വയറുകളും പ്ലംബിംഗ് പൈപ്പുകളും കടത്തിവിടുന്നത്. വളരെ വേഗത്തിൽ ഉണങ്ങുകയും ഉറയ്ക്കുകയും ചെയ്യുന്ന ഈ നിർമാണ രീതിയിൽ കട്ടകളോ, കോൺക്രീറ്റോ കാര്യമായി ഉപയോഗിക്കുന്നില്ല. ഭൂമികുലുക്കം പോലുളള പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാൻ ഇത്തരം കെട്ടിടങ്ങൾക്ക് കഴിയും. നിർമാണ ഘടകങ്ങൾ ഫാക്ടറിയിൽ നിർമിക്കുന്നതിനാൽ ഗുണനിലവാരം പൂർണമായും ഉറപ്പാക്കാൻ സാധിക്കും. വീടിനുള്ളിലെ താപനില പരമ്പരാഗതമായി നിർമിക്കുന്ന വീടുകളേക്കാൾ കുറവായിരിക്കും. നിർമാണത്തിനുപയോഗിക്കുന്ന സാധനങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാമെന്ന പ്രത്യേകതയും ഇതിനുണ്ട്. നിർമാണ രംഗത്തെ ഈ പുത്തൻ രീതി മാതൃകാപരമായി പൂർത്തിയാക്കാൻ കഴിയും എന്നാണ് സർക്കാറിന്റെ പ്രതീക്ഷയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ 2815 ഗുണഭോക്താക്കളാണുള്ളത്. ചിറക്കൽ, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ, പയ്യന്നൂർ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വർഷം ഏപ്രിലിൽ ഭവന സമുച്ചയം നിർമാണം ആരംഭിക്കും.
2022 ഓടെ സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ലൈഫ് മിഷനുള്ളത്. കേരളത്തിൽ വീടില്ലാത്തവർക്ക് വാസസ്ഥലവും ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളിലായി പൂർത്തിയാക്കപ്പെടാതിരുന്ന വീടുകളുടെ നിർമാണം പൂർത്തിയാക്കുക എന്നതായിരുന്നു ലൈഫ് മിഷന്റെ ഒന്നാം ഘട്ടം. ഇത്തരത്തിൽ ജില്ലയിൽ 2675 വീടുകളുണ്ടായിരുന്നതിൽ 2589 വീടുകളും പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള 86 വീടുകൾ ഈ മാസം അവസാനത്തോടു കൂടി പൂർത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.