പെരിയ ( കാസർകോട്) - സി.പി.എം - കോൺഗ്രസ് സംഘർഷത്തിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും സ്തൂപവും തകർക്കുകയും ബാങ്കിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും ചെയ്ത സംഭവങ്ങളുമായിബന്ധപ്പെട്ട് ബേക്കൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുവിഭാഗങ്ങളിലുമായി മൊത്തം ഇരുന്നൂറോളം പ്രതികളാണുള്ളത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തകർത്ത സംഭവത്തിൽ 150 സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞരാത്രി പെരിയ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും പെരിയയിലെ ഹരികുമാർ സ്മാരക ബസ് വെയ്റ്റിംഗ് ഷെഡുംപ്രകടനമായെത്തിയ സി.പി.എം പ്രവർത്തകർ തകർത്തതിന് പിന്നാലെ ഇന്നലെ പുലർച്ചെ സി പി എം സ്ഥാപിച്ച എ ശേഖരൻ നായർ സ്മാരക സ്തൂപവും അടിച്ചു തകർത്തിരുന്നു. ഓമനക്കുട്ടന്റെ വീട്ടിൽസി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോക്കൽ സെക്രട്ടറിയെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 12 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന സംഘത്തിനെതിരെയും കേസെടുത്തു. സി.പി.എം പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണന്റെ പരാതിയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
കല്ല്യോട്ട് നടന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബാലകൃഷ്ണനെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു നിർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് സുരക്ഷയോടെയാണ് കല്ല്യോട്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.
പെരിയയിൽ സി.പി.എം നേതാവ് എ. ശേഖരൻ നായർ സ്മാരക സ്തൂപം ഒരു സംഘം അടിച്ചു തകർത്ത സംഭവത്തിലുംപുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായരുടെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്. ശാരദ എസ്. നായരുടെ ഭർത്താവാണ് പരേതനായ സി.പി.എം നേതാവ് ശേഖരൻ നായർ. പെരിയ സർവീസ് സഹകരണ ബാങ്കിന് നേരെയുണ്ടായ കല്ലേറിൽ25 സി.പി.എം പ്രവർത്തകർക്കെതിരെയും ബേക്കൽ പോലീസ്കേസെടുത്തു.
അതിനിടെ, സമാധാനത്തിലേക്ക് തിരിച്ചു വരികയായിരുന്ന പെരിയയിൽ വീണ്ടും സംഘർഷമുടലെടുത്തതിന് കാരണം പി. ജയരാജന്റെ സാന്നിധ്യവും സി.പി.എം ഗൂഢാലോചനയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. പി. ജയരാജൻ കഴിഞ്ഞ ദിവസം പെരിയയിലെത്തിയത് സംശയങ്ങൾക്കിട വരുത്തുകയാണ്.
കല്ല്യോട്ട് വീണ്ടും കുഴപ്പങ്ങളുണ്ടാക്കാൻ കോൺഗ്രസ് ഗൂഢ പദ്ധതി തയാറാക്കിയിരിക്കുകയാണെന്നും ഇതിനെ കരുതിയിരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു.