മദീന- സ്ഥിരമായി ജോലിക്ക് വരാത്തതിനാല്‍ പിരിച്ചുവിട്ട മുന്‍ സുരക്ഷാ ജീവനക്കാരന്‍ മദീനയില്‍ കാറിനും പോലീസിനും നേരെ വെടിവെച്ചു. മൂന്ന് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വെടിവെപ്പില്‍ പരിക്കേറ്റ മദീന പട്രോള്‍ പോലീസ് മേധാവി കേണല്‍ അബ്ദുല്ല അല്‍ഗാംദി നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഒരു ഇന്നോവ കാറിനു നേരെയാണ് ഇയാള്‍ ആദ്യം നിറയൊഴിച്ചത്. പുറത്തിറങ്ങിയ ഡ്രൈവറെ ഇടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി പോലീസുകാര്‍ പിന്തുടര്‍ന്നതോടെ തൈ്വബ ഡിസ്ട്രിക്ടിലെ സ്വന്തം വീട്ടില്‍ കയറി വാതിലടക്കുകയും പോലീസുകാര്‍ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് പ്രതിയെ പോലീസുകാര്‍ കീഴടക്കിയത്.
നാല്‍പതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതി നടത്തിയ വെടിവെപ്പില്‍ മൂന്നു സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്തുന്നതിന് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
പ്രതി നേരത്തെ സുരക്ഷാ വകുപ്പില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആവര്‍ത്തിച്ച് ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്നോവ കാര്‍ ഡ്രൈവറെ പ്രതി വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം.
പ്രതി നടത്തിയ വെടിവെപ്പിനിടെ മദീന പട്രോള്‍ പോലീസ് മേധാവി കേണല്‍ അബ്ദുല്ല അല്‍ഗാംദി വീരമൃത്യു വരിച്ചതായി ആദ്യം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.