യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തും
അറ്റകുറ്റപണിക്ക് അടച്ചിടുന്നതിന് മുമ്പ് സര്‍വീസ് നടത്തിയ വിമാനങ്ങള്‍ വീണ്ടുമെത്തും
ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിക്കാനും സാധ്യത
കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിൽനിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള സാധ്യത തെളിയുന്നു. വിമാനതാവളം അറ്റകുറ്റപ്പണികൾക്കായി അടക്കുന്നതിന് മുമ്പ് സർവീസ് നടത്തിയിരുന്ന വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകുന്നതിനുള്ള സാധ്യതയാണ് തെളിയുന്നു. മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാൻ കെ.എം ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പെ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നൽകിയ റിപ്പോർട്ട് അനുകൂലമാണെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കോഡ് ഇ യിൽ പെട്ട 777 / 200 ഗണത്തിലുള്ള, 365 യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങൾക്ക് സർവ്വീസ് നടത്താമെന്നാണ് ഡി.ജി.സി.എ യുടെ കണ്ടെത്തൽ. കരിപ്പൂരിൽ 2015 ഏപ്രിൽ 30ന് വരെ സർവ്വീസ് നടത്തിയ വലിയ വിമാനങ്ങളും 777 / 200 ഇനത്തിൽ പെട്ടതാണ്.
റൺവേ പുതുക്കി നിർമ്മിച്ചപ്പോൾ അധികമായി അനുഭവപ്പെടുന്ന മിനുസമായ പ്രതലം (ഘർഷണം) ഇതിനകം അനുയോജ്യമാക്കിയിട്ടുണ്ട്. ഇത് വീണ്ടും പരിശോധിക്കും. ഈ പരിശോധന അടുത്ത ദിവസം തന്നെ നടക്കും. ഈ പരിശോധനാഫലം കൂടി അനുകൂലമാണെങ്കിൽ വലിയ വിമാനങ്ങൾക്ക് ഉടനടി അനുമതി നൽകും മറിച്ചാണെ ങ്കിൽ ഘർഷണ ശക്തി വീണ്ടും ശരിയാക്കണമെന്ന് നിർദ്ദേശിക്കും. ഈ ജോലി ഒരു മാസത്തിനകം പൂർത്തിയാകും. നിലവിലുള്ള റൺവെയുടെ മുകളിൽ ഒരു ലെയർ റീ കാർപ്പറ്റിങ്ങ് ചെയ്യുകയാണ് ഇതിന് വേണ്ടത്.പണി തുടങ്ങിയാൽ ഒരു മാസം കൊണ്ട് ഈ ജോലി തീർക്കാനാകും.
വിമാന (ഓപ്പറേറ്റർമാർ )കമ്പനികളുടെ എഞ്ചനീയറിങ്ങ് വിഭാഗവുമായി പരിശോധിച്ച് തുടർ നടപടികളാവാമെന്ന് ഡി.ജി.സി.എ യുടെയും എയർപ്പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒട്ടേറെ പ്രതീക്ഷകൾക്ക് വക നൽകുന്നതാണ് പുതിയ പരിശോധനാ ഫലമെന്ന് കരിപ്പൂരിന് വേണ്ടി നിരന്തര സമരമുഖത്തുള്ള മലബാർ ഡവലപ്പ്‌മെന്റ് ഫോറം ചെയർമാൻ കെ.എം ബഷീർ ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുത്ത് റൺവെ റൺവേ വികസിപ്പിക്കുന്ന കാര്യങ്ങളും അതിന്റെ സാങ്കേതികത്വങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 80 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തി റൺവേയുടെ നീളം കൂട്ടാൻ 55 മില്യൻ ക്യുബിക് മീറ്റർ മണ്ണ് വേണം. മണ്ണിട്ട് നികത്താനായി ചുരുങ്ങിയത് 8 വർഷം വേണ്ടിവരും. മണ്ണടിക്കാൻ മാത്രമായി 44000 കോടി രൂപ വേണം. മണിക്കൂറിൽ 100 വാഹനങ്ങൾ മണ്ണുമായി വരാനായി പ്രത്യേക റോഡ് സ്ഥാപിക്കണം.നികത്തിയ സ്ഥലത്ത് റൺവേ ഉണ്ടാക്കി തീരുമ്പോഴേക്കും ചിലവ് 80,000 കോടി വരും. അത്രയും ഭീമമായ തുകക്ക് 14 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കാം... ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി തന്നെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനിപ്പിക്കാനാണ് സാധ്യത.
കരിപ്പൂരിനെ സംബന്ധിച്ചെടുത്തോളം 777 /200: വിമാനങ്ങളാണ് എമിറേറ്റ്‌സ് അടക്കമുള്ള കമ്പനികൾ സർവ്വീസ് നടത്തിയത്.ഗൾഫ് നാടുകളിലുള്ള പ്രവാസികളിൽ 70% വും മലപ്പുറവും, കോഴിക്കോട്ടട ക്കമുള്ള പരിസര പ്രദേശങ്ങളിലുമാണ്.
അതിനിടെ, അടുത്ത മാസം മുതൽ കരിപ്പൂരിൽ യൂസേഴ് ഫീസ് ഈടാക്കാനും തീരുമാനമായതായി അറിയുന്നു. അഭ്യന്തര യാത്രക്കാരിൽ നിന്നും 800 രൂപയും, വിദേശയാത്രക്കാരിൽ നിന്നും 1000 രൂപയും യൂസേഴ്‌സ് ഫീസ് ആയി കരിപ്പൂരിൽ നിന്നും ഈടാക്കാനുള്ള നീക്കമാണ് അന്തിമഘട്ടത്തിലുള്ളത്. ടിക്കറ്റിന്റെ കൂടെ തന്നെ യൂസേഴ്‌സ് ഫീസ് ഈടാക്കാനായി ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. എയർപോർട്ട് ഡവലപ്പ്‌മെന്റ് ഫണ്ട് എന്ന പേരിലാണ് യൂസേഴ്‌സ് ഫീ വാങ്ങാൻ പോകുന്നത്.