ദമാം - ബിനാമി സ്ഥാപനം നടത്തിയ കേസിലെ പ്രതികൾക്ക് ദമാം ക്രിമിനൽ കോടതി പത്തു ലക്ഷം റിയാൽ പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ദമാമിൽ കാർ വർക്ക്‌ഷോപ്പും വെൽഡിംഗ് വർക്ക്‌ഷോപ്പും ബിനാമിയായി നടത്തിയ യെമനി പൗരൻ അഹ്മദ് അൽതൗഅരി, ഇതിനു കൂട്ടുനിന്ന സൗദി പൗരൻ ഉമർ ബിൻ ഹുസൈൻ ബിൻ സ്വാലിഹ് അൽനഹ്ദി എന്നിവർക്കാണ് കോടതി പിഴ ചുമത്തിയത്. ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം യെമനിയെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും യെമനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ബിനാമി സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. കോടതി വിധി പ്രകാരം നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറും. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നുണ്ട്.