തിരുവനന്തപുരം- എട്ടു മാസത്തെ അവധിക്കാലയളവിലെ മുഴുവന്‍ വേതനവും ലഭിക്കുന്നതിന് വേണ്ടി വ്യാജ രേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ഇതു സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
2016 ജൂണില്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് 2017 ജനുവരി 31 വരെ സെന്‍കുമാര്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് സെന്‍കുമാര്‍ നല്‍കിയ ഒമ്പത് അപേക്ഷകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പിന്നീട് ഇത് കമ്യൂട്ടഡ് അവധിയായി പരിഗണക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ അദ്ദേഹം സര്‍ക്കാരിനു കത്തു നല്‍കി.
ഇതിനോടൊപ്പം നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു പരാതി. തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജിമോന്‍ പ്രാഥമികന്വേഷണം നടത്തി സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ സര്‍ക്കാരിനെ കബളിപ്പിക്കുന്നതായിരുന്നെന്ന് കണ്ടെത്തി. ഗവ. ആയുര്‍വേദ കോളെജിലെ ഡോ. വി.കെ അജിത് കുമാറാണ് സെന്‍കുമാറിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ആശുപത്രിയിലെ ഒ പി ടിക്കറ്റിലെ തീയതിയും സെന്‍കുമാറിനെ പരിശോധിച്ച തീയതികളും ഒന്നല്ല. ആയുര്‍വേദ കൊളെജ് റജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തയിട്ടില്ല. മൂന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 2017 എന്നത് 2016 എന്നു തിരുത്തിയതായും കണ്ടെത്തിയിരുന്നു.