റിയാദ്- സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂത്തി മിലീഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സൗദി നഗരങ്ങളിലേക്ക് പുലര്‍ച്ചെ തൊടുത്ത മിസൈലുകളാണ് വെടിവിച്ചിട്ടതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. വ്യഴാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു ആക്രമണം.
നഗരങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണ നീക്കമാണ് ഹൂത്തികള്‍ നടത്തിയതെന്നും ഇത് അന്താരാഷ്ട്ര മാനവിക നിയമങ്ങളെ പൂര്‍ണമായും ലംഘിക്കുന്നതാണെന്നും വക്താവ് പറഞ്ഞു. ഏതൊക്കെ നഗരങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇടവേളക്കുശേഷം സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമണ ലക്ഷ്യമാക്കുകയാണ് ഹൂത്തികള്‍.
യെമന്‍ തലസ്ഥാനമായ സന്‍ആ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള കേന്ദ്രമായി മാറിയിരിക്കയാണ്. ബാലിസ്റ്റിക് മിസൈലുകളും യുഎവികളും വിദൂര നിയന്ത്രിത സ്‌ഫോടകവസ്തുക്കളും അയക്കുന്ന ഹൂത്തി മിലീഷ്യയെ പരമാവധി സംയമനം പുലര്‍ത്തിക്കൊണ്ടാണ് സഖ്യസേന നേരിടുന്നത്.
സഖ്യരാജ്യങ്ങളിലെ പൗരന്മാരെയും പ്രവാസികളെയും ഇത്തരം കിരാത ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര മാനുഷിക ചട്ടങ്ങള്‍ക്ക് അനുസൃതമായി കര്‍ശന നടപടികള്‍ സഖ്യത്തിന്റെ സംയുക്ത സേന കമാന്‍ഡ് കൈക്കൊള്ളുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.