Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ മടങ്ങിയാല്‍ സൗദി പിന്നെ എന്തു ചെയ്യും? അവശേഷിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമോ?

ജിദ്ദ- സൗദി അറേബ്യയില്‍നിന്ന് പ്രവാസി കുടുംബങ്ങളുടെ കൂട്ടത്തോടെയുള്ള മടക്കം യാഥാര്‍ഥ്യമായതോടെ പിന്നീട് രാജ്യത്ത് എന്തു സംഭവിക്കുമെന്ന പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പ്രാധാന്യമേറി. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും വിവിധ കോണുകളിലൂടെയാണ് പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്.
എല്ലാ പ്രവാസികളും തിരിച്ചു പോയാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ താരിഖ് അല്‍ മഈന സൗദി ഗസറ്റില്‍ എഴുതിയ കുറിപ്പില്‍. 

ലേഖനത്തില്‍നിന്ന്..

സൗദിയില്‍നിന്ന് എല്ലാ പ്രവാസികളും തിരിച്ചു പോയാല്‍ പിന്നെ എന്തു സംഭവിക്കും?. നമ്മുടെ വര്‍ണ്ണശബളമായ വൈവിധ്യം നഷ്ടമാകുമോ?. നാം സൗദികള്‍ എല്ലാത്തിനും മതിയായവരാണോ?. നാം എന്നെങ്കിലും അങ്ങനെ ആകുമോ? എല്ലാ തരം ജോലികളും വിദേശികള്‍ക്കു നല്‍കി ശീലിച്ച ഒരു സമൂഹത്തിനു മേലുള്ള വെല്ലുവിളികള്‍ നിറഞ്ഞ ചോദ്യങ്ങളാണിവ. 

ആശ്രിത ലെവി വര്‍ഷംതോറും ഉയരുന്നതോടെ കുടുംബത്തോടൊപ്പം ഇവിടെ കഴിയുന്ന പ്രവാസികളുടെ ജീവിതത്തിന് അത് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. എന്നാലും അവരുടെ സമ്പാദ്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പ്രഹരങ്ങള്‍ ഒടുവില്‍ കാര്യങ്ങളെ മറ്റൊരു തലത്തിലേക്കു മാറ്റി മറിക്കുമോ?.

ഈ പശ്ചത്തലത്തിലാണ് ആകര്‍ഷകമായി തോന്നിയ ഒരു കാഴ്ച്ചപ്പാട് അല്ലെങ്കില്‍ സാധ്യത ഞാന്‍ ഗ്രഹിച്ചെടുത്തത്. '2017നു ശേഷമുള്ള വായന' എന്നു വിളിക്കുന്ന ഈ കാഴ്ചപ്പാട്, എന്താകും അല്ലെങ്കില്‍ എന്തായേക്കാം എന്നൊക്കെയാണ് പരിശോധിക്കുന്നത്.

 

രാജ്യന്തര എണ്ണ വിലയിലുണ്ടായ ഇടിവു മൂലവും മേഖലയിലെ യുദ്ധം കാരണവും സൗദി അറേബ്യ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ജനസംഖ്യാ ഘടനയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2018 പകുതിയോടെ സംഭവിക്കുന്ന 25 ലക്ഷത്തോളം വരുന്ന പ്രവാസികളുടെ മടക്കം. വിദേശികളുടെ ആശ്രിതര്‍ക്കുമേല്‍ ചുമത്തപ്പെട്ട ഉയര്‍ന്ന ഫീസ് താങ്ങാന്‍ കഴിയാത്തവരാണിവര്‍.

2018 അവസാനത്തോടെ 25 ലക്ഷം പ്രവാസികള്‍ സൗദി വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരിലേറെയും ഭാരിച്ച ജീവിത ചെലവ് താങ്ങാന്‍ ശേഷിയില്ലാത്ത ഏക കുടുംബ ജോലിക്കാരായിരിക്കും. ഇവര്‍ക്കുമേല്‍ ചുമത്താനിരിക്കുന്ന മറ്റു ഫീസുകളും നികുതികളും എണ്ണ, ഇലക്ട്രിസിറ്റി, പാചകവാതകം, പാല്‍, ഭക്ഷണം, മരുന്ന് എന്നവക്കു മേലുള്ള സബ്‌സിഡിയോടൊപ്പം ഉയര്‍ത്തപ്പെടും. 2019 ജൂലൈ ആകുമ്പോഴേക്കും സൗദിയില്‍ ശേഷിക്കുന്ന പ്രവാസികള്‍ വലിയ ശമ്പളം വാങ്ങുന്നവരും നാല് അംഗങ്ങളില്‍ അധികമില്ലാത്ത കുടുംബങ്ങളുമായിരിക്കും.

തീര്‍ച്ചയായും ഈ തിരിച്ചുള്ള കുടിയേറ്റം രാജ്യത്തെ വിവിധ വാണിജ്യ മേഖലകളെ ബാധിക്കും. ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട കമ്പനികളെ ആയിരിക്കും ഇത് ആദ്യം ബാധിക്കുക. ആദ്യ രണ്ടു വര്‍ഷത്തെ (2017, 2018) സാമ്പത്തികാഘാതത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇക്കൂട്ടത്തിലെ പല കമ്പനികളും പൂര്‍ണമായി തകര്‍ന്നേക്കാം.

2018ന്റെ ആദ്യ പകുതിയില്‍ ഇത് റിയല്‍ എസ്‌റ്റേറ്റ് വിപണിയെ ആയിരിക്കും ബാധിക്കുക. വാടകകള്‍ ഇപ്പോഴത്തെ നിരക്കിന്റെ പകുതിയോ അതില്‍ താഴെയോ ആയി കുറയുമെന്നാണ് അനുമാനം. തുടര്‍ന്ന്  ഗതാഗത, ചരക്കു നീക്ക കമ്പനികള്‍, വിമാനക്കമ്പനികള്‍, നിര്‍മ്മാണ കമ്പനികള്‍, കാര്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയവയേയും ബാധിക്കും. 

ഈ സാമ്പത്തിക സാഹചര്യത്തിന്റെ ആഘാതം പ്രവാസികള്‍ക്കുമേല്‍ മാത്രമല്ല സൗദി കുടുംബങ്ങളിലേക്കും വ്യാപിക്കും. ചെലവ് ചുരുക്കാന്‍ അവര്‍ സ്വകാര്യ സ്കൂളുകളില്‍ നിന്ന് കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്കു മാറ്റും. ചെലവ് ചുരുങ്ങിയ വീടുകളായിരിക്കും പരിഗണിക്കുക. അല്ലെങ്കില്‍ വില്ലകള്‍ വിട്ട് അപാര്‍ട്ട്‌മെന്റുകളിലേക്കു മാറും. പുതിയ വാഹനങ്ങള്‍ വിറ്റു പോകാതെ കുമിഞ്ഞു കൂടും. യൂസ്ഡ് കാര്‍ വിപണി കുതിക്കുകയും വില കുത്തനെ ഇടിയുകയും ചെയ്യും.

 

2018 അവസാനമാകുമ്പോഴേക്ക് ഈ പ്രതിസന്ധിയുടെ ആഘാതം ഇലക്ട്രോണിക്‌സ്, സ്മാര്‍ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, ആഢംബരം, സേവനം, പരിപാലനം തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കും. നൂറുകണക്കിന് കമ്പനികള്‍ക്ക് വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയോ അടച്ചു പൂട്ടുകയോ ചെയ്യേണ്ടി വരും. ഇത് കരാറുകള്‍ അവസാനിപ്പിച്ചുള്ള പ്രവാസികളുടെ മടക്കത്തിന് ആക്കം കൂട്ടും. 

2019 തുടങ്ങുന്നതോടെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന നിരക്കിലുള്ള ഇലക്ട്രിസിറ്റി, വെള്ളം, ഇന്ധന ബില്ലുകള്‍ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇവയിലുള്ള സബ്‌സിഡികളെല്ലാം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കും. സ്വാഭാവികമായും പ്രവാസികള്‍ മറുവഴി തേടും. വിപണി തകരുകയും ഉപഭോക്താക്കളുടെ എണ്ണം കുറയുകയും ചെയ്യുന്നതോടെ വിദേശ ഭക്ഷണശാലകളുടെ നൂറുകണക്കിന് ശാഖകളും ഷോപ്പുകളും അടച്ചുപൂട്ടും.2019അവസാനമാകുന്നതോടെ ഉപഭോക്താക്കളുടെ മുന്തിയ പരിഗണ യൂസ്ഡ് ഫോണുകള്‍ക്കായിരിക്കും. നിസ്സാര കുറ്റകൃത്യങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും ഉയരും. ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണംത്തിലും വര്‍ധനയുണ്ടാകും.  

2020തുടക്കത്തോടെ ജനങ്ങള്‍ ഭാഗികമായി സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങും. തങ്ങള്‍ ഇതുവരെ കൈവച്ചിട്ടില്ലാത്ത പല മേഖലകളിലും സൗദികള്‍ക്ക് ജോലി ചെയ്യേണ്ടി വരും. ഇത്രയൊക്കെ ആകുമ്പോഴേക്ക് വിപണിക്കും ഉപഭോക്താവിനുമിടയിലെ വിടവ് വര്‍ധിച്ചിട്ടുണ്ടാകും. 

ഇതുപക്ഷെ ഒരു കാഴ്ച്ചപ്പാടാണ്. ഇപ്പോഴത്തെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലുള്ള യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ഒന്ന്. ഇതിനു ഞാന്‍ നിര്‍ദേശിക്കുന്ന പരിഹാരമുണ്ട്. ദീര്‍ഘ കാലം നില്‍ക്കുന്ന അര്‍ഹരായ പ്രവാസികളെ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുകയോ ചെയ്യുക. ഈ സമൂഹത്തിന്റെ വര്‍ണ്ണശബളമായ വൈവിധ്യവും സാമ്പത്തിക ശേഷിയും മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം. 

Latest News