റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും അമേരിക്കൻ വിദേശ മന്ത്രി മൈക് പോംപിയോയും ചർച്ച നടത്തി. മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഇവക്ക് പരിഹാരം കാണുന്നതിന് നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
അമേരിക്കയിലെ സൗദി അംബാസഡർ റീമാ ബിൻത് ബന്ദർ രാജകുമാരി, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ്, നിയർ ഈസ്റ്റ് കാര്യങ്ങൾക്കുള്ള അമേരിക്കൻ വിദേശകാര്യ സഹമന്ത്രി ഡേവിഡ് ഷെൻകർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
കിംഗ് അബ്ദുല്ല ബഹുമത സംവാദ കേന്ദ്രം സെക്രട്ടറി ജനറൽ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഅമ്മറും ഡയലോഗ് സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളായ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മത നേതാക്കളും ഇന്നലെ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. കിംഗ് അബ്ദുല്ല ബഹുമത സംവാദ കേന്ദ്രം ഡയറക്ടർ ബോർഡ് പ്രഥമ യോഗം റിയാദിൽ ചേർന്നതോടനുബന്ധിച്ചാണ് അംഗങ്ങൾ രാജാവിനെ സന്ദർശിച്ചത്. ഡയലോഗ് സെന്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സെന്റർ സംഘടിപ്പിക്കുന്ന പരിപാടികളെ കുറിച്ചും യോഗത്തിൽ വിശകലനം ചെയ്തു. വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.