റിയാദ്- തങ്ങളുടെ ലോഗോയുടെ രൂപകൽപന കോപ്പിയടിച്ചെന്ന് ആരോപിച്ച് സൗദിയിലെ പൊതുമേഖലാ കമ്പനിയായ സൗദി ടെലികോമിനെതിരെ അമേരിക്കൻ കമ്പനിയായ സി.ടി.എസ് സൗദിയിൽ കേസ് നൽകി. തങ്ങളുടെ പ്രശസ്തമായ ലോഗോയും പേരും സൗദി ടെലികോമിന്റെ കൈയേറ്റത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് ഹരജിയിൽ അമേരിക്കൻ കമ്പനി ആവശ്യപ്പെട്ടു. 2019 ഡിസംബർ 19 നാണ് പുതിയ ലോഗോ പുറത്തിറക്കിയതായി എസ്.ടി.സി അറിയിച്ചതെന്ന് ന്യൂയോർക്ക് ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത സി.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു.
സി.ടി.എസിന്റെ ലോഗോ നേരിട്ട് കോപ്പിയടിച്ചും അനുകരിച്ചുമാണ് എസ്.ടി.സി പുതിയ ലോഗോ തയാറാക്കിയിരിക്കുന്നത്.
തങ്ങളുടെ ലോഗോക്ക് എതിരായ കൈയേറ്റവും ഇതിന്റെ അനുകരണവും കമ്പനിയുടെ പേരിനും ലോഗോക്കും ദുഷ്‌കരമായ കോട്ടം തട്ടിക്കുമെന്ന് എസ്.ടി.സിയെ തങ്ങൾ അറിയിച്ചിരുന്നു.
തങ്ങളുടെ ലോഗോയുടെ രൂപകൽപന എസ്.ടി.സി കോപ്പിയടിച്ചത് ഉപയോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കും. എസ്.ടി.സി പുതിയ ലോഗോ പുറത്തിറക്കിയ ശേഷം പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പ്രശ്‌നം സൗദി ടെലികോം കമ്പനിയുമായി വിശകലനം ചെയ്യുന്നതിന് തങ്ങൾ ശ്രമിച്ചെങ്കിലും എസ്.ടി.സി അത് ഗൗരവത്തിലെടുത്തില്ല. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ പേരിനും ട്രേഡ് മാർക്കിനും സംരക്ഷണം തേടി സൗദി കോടതിയിൽ കേസ് നൽകുകയല്ലാതെ തങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല. പ്രശ്‌നത്തിൽ ഫലപ്രദമായ ചർച്ചകൾക്ക് തങ്ങൾ എപ്പോഴും സന്നദ്ധമാണെന്നും സി.ടി.എസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ കമ്പനിയുടെ പ്രസ്താവന സൗദി സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ രോഷത്തിന് ഇടയാക്കി. അമേരിക്കൻ കമ്പനിയുടെ ലോഗോയുമായി വലിയ സാദൃശ്യമുള്ള പുതിയ ലോഗോ രൂപകൽപന ചെയ്യുന്നതിന് എസ്.ടി.സി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ആരാണ് ഈ പുതിയ പ്രതിസന്ധിക്ക് ഉത്തരവാദികളെന്നും കേസിൽ അമേരിക്കൻ കമ്പനിക്ക് അനുകൂല വിധി ലഭിച്ചാൽ എസ്.ടി.സിക്ക് എത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഇവർ ആരാഞ്ഞു.
അതേസമയം, പുതിയ ലോഗോ സൗദിയിലും മറ്റേതാനും രാജ്യങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിന്റെ ഉടമകൾ തങ്ങളാണെന്നും എസ്.ടി.സി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
എസ്.ടി.സി ലോഗോയിൽ നിയമ ലംഘനങ്ങളുണ്ടെന്ന് വാദിച്ച് ഒരു കമ്പനി സൗദി ടെലികോമുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ കമ്പനിയുമായി ആശയവിനിമയം നടത്തിയതിൽ നിന്ന് ഇരു കമ്പനികളുടെയും ലോഗോകൾ തമ്മിലെ സാദൃശ്യം ചൂണ്ടിക്കാട്ടി സാമ്പത്തിക നേട്ടത്തിനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബ്ലാക്ക്‌മെയിലിംഗിലൂടെ സാമ്പത്തിക നേട്ടത്തിനാണ് പ്രസ്തുത കമ്പനി ശ്രമിക്കുന്നത്. ഇത് ഒരിക്കലും എസ്.ടി.സി അംഗീകരിക്കില്ല.
പ്രശ്‌നത്തിൽ തങ്ങളുടെ നിലപാടിന്റെ നിയമപരമായ സുരക്ഷിതത്വത്തിൽ എസ്.ടി.സി ഉറച്ചു വിശ്വസിക്കുന്നു. പുതിയ ലോഗോയുടെ രൂപകൽപന, നിയമം വകവെച്ചു നൽകുന്ന കമ്പനിയുടെ ആധികാരികമായ അവകാശമാണ്. പതിനെട്ടു മാസത്തിലധികമെടുത്താണ് പുതിയ ലോഗോ പദ്ധതി പൂർത്തിയാക്കിയത്. ഇതിനു ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനും സൗദിയിലും മേഖലയിലും ഡിജിറ്റൽ പരിവർത്തന മേഖലയിൽ മുൻനിര സ്ഥാനം കൈവരിക്കുന്നതിനും ഊന്നൽ നൽകുന്നത് കമ്പനി തുടരും.
പ്രാദേശിക, ആഗോള തലത്തിലുള്ള അഭിമാനകരമായ സ്ഥാനത്തിന് കോട്ടം തട്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങൾ കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രതിബന്ധം സൃഷ്ടിക്കില്ലെന്നും എസ്.ടി.സി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, എസ്.ടി.സിയുടെ പുതിയ ലോഗോ ഒരു കമ്പനിയുടെയും പകർപ്പവകാശം ലംഘിക്കുന്നില്ലെന്ന് ലോഗോ രൂപകൽപന ചെയ്ത ഇന്റർബ്രാന്റ് കമ്പനി പറഞ്ഞു. ലോഗോകൾ ഡിസൈൻ ചെയ്യുന്ന മേഖലയിൽ ലോകത്തെ ഏറ്റവും വലിയ കൺസൾട്ടിംഗ് കമ്പനിയാണ് ഇന്റർബ്രാന്റ്.
മേഖലയിലെ ഏറ്റവും വലിയ ട്രേഡ് മാർക്ക് ആയ എസ്.ടി.സിയുടെ ലോഗോ പുനർരൂപകൽപന ചെയ്യുന്നതിന് അവസരം ലഭിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഇന്റർബ്രാന്റ് കമ്പനി പറഞ്ഞു.