രോഗികളുടെ അവകാശം മനുഷ്യാവകാശമാണെന്ന നയം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയാറാക്കിയ നയരേഖയെക്കുറിച്ച് മറുപടി നൽകാതിരിക്കുന്ന സംസ്ഥാന സർക്കാറിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനമാണ് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് രോഗികളുടെ അവകാശ രേഖ സംസ്ഥാന സർക്കാറുകൾ വഴി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനിച്ചത്. ഈ അവകാശ രേഖയെക്കുറിച്ച് സംസ്ഥാന സർക്കാറുകൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ ജോയന്റ് സെക്രട്ടറി സുധീർ കുമാർ 2018 ഓഗസ്റ്റ് 30 ന് സംസ്ഥാന സർക്കാറിന് കത്തയച്ചിരുന്നു. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രി പ്രവർത്തകരും സർക്കാറും മറ്റു ഏജൻസികളും വീഴ്ച വരുത്തി എന്ന് കാണിച്ചാണ് തിരുവനന്തപുരത്തെ അഭിഭാഷകനായ ജി. ഗോപിദാസ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രി പ്രവർത്തകരും സർക്കാറും മറ്റു ഏജൻസികളും വീഴ്ച വരുത്തി എന്ന് കാണിച്ചാണ് പരാതി നൽകിയത്.
കണ്ണിൽ ചോരയില്ലാത്ത കച്ചവട മേഖലയായി ആരോഗ്യ രംഗം മാറിയതിനാലാണ് ഇത്തരത്തിലുള്ള നീക്കത്തിന് കേന്ദ്ര സർക്കാർ തയാറായത്. ആ കച്ചവടത്തിൽ ഏറ്റവും മുൻനിരയിലാണ് കേരളത്തിന്റെ സ്ഥാനം. ഭീകരമായി ചൂഷണം ചെയ്യപ്പെടുന്ന രോഗികൾക്ക് വലിയ ആശ്വാസമാണ് കരട് നയരേഖ. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്നാണ് കരടിലെ ഏറ്റവും ശ്രദ്ധേയമായ നിർദേശം. ചികിത്സയുമായി ബന്ധപ്പെട്ട പരാതികൾ എവിടെ നൽകണമെന്ന് സാധാരണക്കാർക്ക് അറിയാത്ത അവസ്ഥയാണ് നിലവിലുളളത്. പരാതി കിട്ടി 24 മണിക്കൂറിനകം നടപടികൾ ആരംഭിക്കണമെന്നും 15 ദിവസത്തിനകം വിശദ വിവരങ്ങൾ രോഗിയെ അറിയിക്കണമെന്നും നിഷ്‌കർഷിക്കുന്നു. അറിയാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെടുന്ന രോഗികൾക്ക് ഇതൊരു ആശ്വാസമാണ്. നടപടികളിൽ തൃപ്തരല്ലെങ്കിൽ രോഗികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള അതോറിറ്റികളെ സമീപിക്കാം. ബിൽ തർക്കങ്ങളുടെ പേരിൽ രോഗിയെയോ മൃതദേഹമോ തടഞ്ഞുവെക്കരുതെന്നും കരടിൽ നിർദേശമുണ്ട്. സിറിഞ്ചും ഗ്ലൗസും മുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വരെ 600 ശതമാനം വില കൂടുതൽ ഈടാക്കുന്നതു അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
രോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മറ്റനവധി നിർദേശങ്ങളും കരടിലുണ്ട്. ഡിസ്ചാർജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോർട്ടുകളും രോഗികൾക്കു നൽകുക, ഏതെങ്കിലും മരുന്നു കടകളെയോ ഫാർമസികളെയോ ശുപാർശ ചെയ്യാതിരിക്കുക, മരുന്നു പരീക്ഷണങ്ങൾക്ക് വിധേയരാകുന്നവർക്ക് സംരക്ഷണം നൽകുക, പരീക്ഷണങ്ങൾ മൂലം ബുദ്ധിമുട്ടോ മരണമോ സംഭവിക്കുന്നവർക്ക് സംരക്ഷണവും സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നൽകുക തുടങ്ങിയ നിർദേശങ്ങൾ സമകാലികാവസ്ഥയിൽ വളരെ പ്രസക്തമാണ്. പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നൽകുന്നതെങ്കിൽ ആ വിവരം മുൻകൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങൾ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങൾ, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ, നഷ്ടപരിഹാര സാധ്യതകൾ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം. ഇപ്പോൾ മിക്കവാറും ഇതൊന്നും സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. വളരെ പ്രധാനപ്പെട്ട മറ്റൊന്ന് രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കലാണ്. ചികിത്സാവേളയിൽ മാത്രമല്ല, മരണത്തിലും മരണ ശേഷവും രോഗിയുടെ അന്തസ്സ് മാനിക്കണം. കൂടാതെ സുതാര്യതയെ കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന കാലമായിട്ടും ചികിത്സാ നിരക്കുകൾ ഇപ്പോൾ സുതാര്യമല്ല. തോന്നിയ പോലെയാണ് ഓരോ ആശുപത്രിയും അത് ഈടാക്കുന്നത്. ചികിത്സാ നിരക്കുകൾ ഏകീകരിക്കുകയും പരസ്യമാക്കുകയും വേണമെന്ന നിർദേശവും കരടിലുണ്ട്. മറ്റൊരു പ്രധാന നിർദേശം മറ്റു ഡോക്ടർമാരുടെയോ വൈദ്യശാഖകളുടെയോ ഉപദേശമോ ചികിത്സയോ തേടാനുള്ള രോഗികളുടെ ജനാധിപത്യാവകാശമാണ്. അതു പലപ്പോഴും തങ്ങൾക്ക് അപമാനമായിട്ടാണ് ഡോക്ടർമാർ പ്രത്യേകിച്ച്, അലോപ്പതി ഡോക്ടർമാർ കാണുന്നത്.
രോഗികളോടുള്ള സമീപനത്തിൽ പൊതുവിൽ അലോപ്പതി ഡോക്ടർമാർ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാണ്. രോഗിയുടെ പ്രശ്നങ്ങൾ വിശദമായി കേൾക്കാൻ പോലും പലർക്കും സമയമില്ല. അതുവഴി രോഗിയുടെ സ്വാഭാവികമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ചികിത്സയുടെ കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ രോഗിയുടെ അറിവോടും പങ്കാളിത്തത്തോടും സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കിൽ അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പു വരുത്തണം.
എന്താണ് രോഗം, നൽകാൻ പോകുന്ന ചികിത്സ എന്തൊക്കെ, തുടർനടപടികൾ എന്തായിരിക്കും, ഭവിഷ്യത്തുക്കൾ ഉണ്ടെങ്കിൽ അവയുടെ സാധ്യത എത്രത്തോളം, ചെലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കൾ എന്നിവരെ അറിയിക്കണം, രോഗികൾക്കും ബന്ധു ക്കൾക്കും ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകണം, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാർഹിക പശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപ പ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭിക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം ഇവയെല്ലാം ആദരിക്കപ്പെടണം.
രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്, രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികൾക്ക് പുറമെ ലഭ്യമായ മറ്റു രോഗനിവാരണ മാർഗങ്ങൾ (ആയുർവേദം, ഹോമിയോ, പ്രകൃതി ജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികൾക്ക് നൽകണം, കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ സൗജന്യ ചികിത്സാ പദ്ധതികൾ, ഇൻഷുറൻസ് സേവനങ്ങൾ, അതത് കാലങ്ങളിൽ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികൾ എന്നിവ സംബന്ധിച്ച് രോഗിയെ / ബന്ധുക്കളെ ധരിപ്പിക്കണം. തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറു െപേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകൾ എന്നിവ രോഗിക്ക് അറിയാൻ കഴിയണം. ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം. മറ്റൊരു ഡോക്ടറെയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ആശുപത്രിയിലെത്തുന്ന രോഗികൾക്കും അവരുടെ ഉറ്റവർക്കും കാണത്തക്കവിധം ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന വലിയ പരസ്യ ബോർഡുകൾ ആശുപത്രിയുടെ കവാടത്തിലും വിവരങ്ങൾ നൽകുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ് തുടങ്ങിയ രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയല്ലേ മറുപടി?
ഡോക്ടർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഇന്ന് കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്നു. അതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ കൈയേറ്റം ചെയ്യപ്പെടുന്നതും ആശുപത്രികൾ ആക്രമിക്കപ്പെടുന്നതും ഡോക്ടർമാർ സമരം ചെയ്യുന്നതുമെല്ലാം നിത്യസംഭവമായി മാറുകയാണ്.
ഏറ്റവും അസംഘടിതരായ വിഭാഗമാണ് രോഗികൾ എന്നതിനാൽ ഇത്തരം സംഭവങ്ങൾക്ക് അവസാനമുണ്ടാകുന്നില്ല. അസം ഘടിതരായതിനാലാണ് പലപ്പോഴും ദുഃഖത്തിലും അരിശത്തിലും ബന്ധുക്കളും നാട്ടുകാരും ആശുപത്രികളെയും ഡോക്ടർമാരെയും ആക്രമിക്കുക എന്ന തെറ്റായ രീതി സ്വീകരിക്കുന്നത്. അതിനെല്ലാം അറുതി വരുത്തേണ്ടത് സർക്കാറരിന്റെ കടമയാണ്. എന്നിട്ടും അത്തരമൊരു ലക്ഷ്യത്തിന്റെ ഭാഗമായി തയാറാക്കപ്പെടുന്ന രോഗികളുടെ അവകാശ പത്രികയുടെ കാര്യത്തിൽ സർക്കാർ ഉദാസീനമാണെന്നതാണ് ഖേദകരം.