Sorry, you need to enable JavaScript to visit this website.

വിറകുവെട്ടികളും വെള്ളംകോരികളും  മാത്രമോ പ്രവാസികൾ?  

പ്രവാസികൾ എല്ലാ കാലത്തും വിറകുവെട്ടികളും വെള്ളം കോരികളുമായാൽ മതി എന്ന നിലപാടിലാണ് അസൂയ മൂത്ത് ഭ്രാന്തായ പ്രതിപക്ഷത്തെ ഒരു പറ്റം സുന്ദര കില്ലാടികളും അന്തിച്ചർച്ചക്കാരും  അതിനു പേനയുന്തുന്ന ചില മാധ്യമങ്ങളും. പുതുവത്സര ദിനത്തിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച ലോക കേരള സഭയുമായി ബന്ധപ്പെട്ടാണ്  പ്രവാസികളെ തീറ്റപ്പണ്ടാരങ്ങൾ എന്ന മേലങ്കി ചാർത്തി വ്യാപകമായ ദുഷ്പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തനിക്കു ശേഷം പ്രളയം എന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ഇക്കാലമത്രയും പല ഘട്ടങ്ങളിലായി യു.ഡി. എഫ് സർക്കാർ കേരളം ഭരിച്ചിട്ടും പ്രവാസികൾക്കനുകൂലമായ ലോക കേരള സഭ എന്ന ആശയം തങ്ങൾക്കു നടപ്പിലാക്കാനായില്ലലോ എന്നൊരു ജാള്യം പ്രതിപക്ഷത്ത് നിലനിൽക്കുന്നുണ്ട്. അതിനാലാണ്  ഒന്നാം ലോക കേരള സഭാ സമ്മേളനത്തിൽ വളരെ ആവേശത്തോടെ സഹകരിച്ച പ്രതിപക്ഷത്തിന് രണ്ടു പ്രവാസികളുടെ ആത്മഹത്യയുടെ കാരണം ഉയർത്തിക്കാട്ടി  ഇത്തവണത്തെ സഭ ബഹിഷ്‌കരിക്കാനൊരു നിമിത്തമായത്. 


 'ഇന്ത്യയിൽ നിന്നും നിങ്ങൾ ഗൾഫ് നാടുകളിലേക്ക് വരുമ്പോൾ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഏറെ സന്തോഷത്തോടെ  നിങ്ങളെ ഞങ്ങൾ സ്വീകരിച്ചില്ലേ.....  ഞങ്ങളൊന്നു നിങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടം നൽകിയതാണോ നിങ്ങൾക്ക് സഹിക്കാൻ കഴിയാത്തത് ' എന്ന ഒരു ചോദ്യം ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിൽ പ്രമുഖ വ്യവസായിയുടെ (എം.എ. യുസഫലി) ചോദ്യം ഉയർന്നു വന്നു. ഇത് ഏറെ ചിന്തനീയമായ ചോദ്യമാണ്. ആദ്യം സമ്മേളന ഹാൾ ലക്ഷങ്ങൾ ചെലവഴിച്ചു മോടി പിടിപ്പിച്ചു എന്നാണ് ആരോപിച്ചത്. 
ഇപ്പോഴാവട്ടെ, ഭക്ഷണത്തിനും താമസത്തിനുമായി ലക്ഷങ്ങൾ പൊടിച്ചു എന്ന മുറവിളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാലമത്രയും ലോകത്തുള്ള കേരളത്തിലെ പ്രവാസികൾ നാട്ടിലേക്കയച്ച പണം കൊണ്ട് തിന്നു കൊഴുത്തവർ അവർ നൽകിയ വിയർപ്പിന് നന്ദി വേണ്ട, ഒരു അംഗീകാരം നൽകുന്നതിനു പകരം പ്രാഞ്ചിയേട്ടന്മാരാണെന്നും പറഞ്ഞ് അധിക്ഷേപിക്കുന്നത് നീതീകരണമാണോ?

സ്വദേശിവൽക്കരണം കൊണ്ടും പുത്തൻ സാമ്പത്തിക നയങ്ങൾ കൊണ്ടും പ്രവാസത്തിനു വിരാമമിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പോലും പിറന്ന നാടിന്റെ വികസനം മനസ്സിലുള്ള, പിറന്ന  നാടിനൊപ്പം ചേർന്നു നിൽക്കാനുമുള്ള പ്രവാസി സമൂഹത്തിന്റെ ഇഛകളെ അപമാനിക്കുന്ന മനോരോഗികൾക്ക് കടുത്ത ചികിത്സ നൽകിയേ മതിയാകൂ. 
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തിൽ ഏറെ നിർണായക ചുവടുവെപ്പാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമിടുന്നത്. സമഗ്രമായ ഗവേഷണാടിസ്ഥാനമായ വികസന കാഴ്ചപ്പാടോടെ വിഷയാധിഷ്ഠിതമായ ചർച്ചകളുടെയും പ്രായോഗിക ആലോചനകളുടെയും അടിത്തറയിലാണ് ലോക കേരള സഭ പരിപാടികൾക്ക് രൂപം നൽകുന്നതും വിവിധ വിഷയങ്ങളെ  കുറിച്ചുള്ള ഗവേഷണങ്ങളും അതിൽ നിന്ന് ഉയർന്നു വരുന്ന പദ്ധതികളുടെ സാധ്യതകളും എന്ന നിലക്കാണ് ഇത് വ്യത്യസ്തവും ദീർഘവീക്ഷണമുള്ള ഒന്നായും തീരുന്നത്. ലോക കേരള സഭക്ക് എതിരെ പ്രതിപക്ഷം ഉയർത്തുന്ന ബാലിശമായ വിമർശനങ്ങൾ വസ്തുതാവിരുദ്ധവും പ്രവാസി വിരുദ്ധവുമാണ്. 


ലോക കേരള സഭയിൽ ആകെ 351 പേരാണ് ഉള്ളത്. ഇതിൽ തന്നെ 69 യു.ഡി.എഫ് പ്രതിനിധികൾ ബഹിഷ്‌കരിച്ചതോടെ ബാക്കി വരുന്ന 282 പേരും ഉന്നത സർക്കാർ ജീവനക്കാരും അടക്കമുള്ള ആളുകൾ മൂന്നു ദിവസങ്ങളിലായി താമസിച്ചതും ഭക്ഷണം കഴിച്ചതുമായി 83 ലക്ഷം ചെലവാക്കി എന്നാണ് ഇവരുടെ കണ്ടെത്തൽ. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിനിധികൾ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു സ്വന്തം ചെലവിൽ നാട്ടിലെത്തി അവർക്ക് കിടക്കാൻ ഒരിടവും ഭക്ഷണവും നൽകിയത് ഒരു വലിയ അപരാധമായി കണ്ടാണ് ഈ 'അവിഞ്ഞ' പ്രതിപക്ഷത്തെ ചിലരുടെ ദുഷ്പ്രചാരണം പൊടിപൊടിക്കുന്നത്. (ഭക്ഷണത്തിന്റെ ബില്ല് ഈടാക്കുന്നില്ലെന്ന് പ്രമുഖ പ്രവാസി വ്യവസായിയും റാവിസ് ഹോട്ടലുടമയുമായ രവി പിള്ളയുടെ പ്രസ്താവന കൂടി ശ്രദ്ധിക്കുക).
കഴിഞ്ഞ സമ്മേളനത്തിൽ മൂക്ക് മുട്ടേ മൃഷ്ടാന്നം കഴിച്ചപ്പോൾ ഇക്കൂട്ടർക്ക് അത് ധൂർത്തായി തോന്നിയിരുന്നില്ല. അന്നത്തെപ്പോലെ തന്നെ അതേ ഇവന്റ് മനേജ്‌മെന്റ് തന്നെയാണ് ഈ പ്രാവശ്യവും സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്. അപ്പോൾ അതൊന്നുമല്ല ഇവിടെ പ്രശ്‌നം. കഴിഞ്ഞ ലോക കേരള സഭാ സമ്മേളനത്തിന് ശേഷം ഈ സർക്കാർ നടപ്പിലാക്കിയ പ്രവാസികൾക്കനുകൂലമായ പദ്ധതികളും പരിപാടികളുമാണ് ഇവർക്ക് ഇപ്പോൾ വിഷയമാക്കിയിരിക്കുന്നത്. മറ്റൊരു വസ്തുത കഴിഞ്ഞ തവണ സമ്മേളനത്തിൽ പങ്കെടുത്തു മന്ത്രിമാർക്കൊപ്പവും പ്രതിനിധികൾക്കൊപ്പവും ചിരി തൂകി നിൽക്കുന്ന ഫോട്ടോ എടുക്കുകയും ഈ പറയുന്ന എല്ലാ സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്തു. ഇപ്പോൾ ഈ കുപ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും അവർ തന്നെയെന്നത് വിരോധാഭാസമാണ്.


ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ ഭാവി വികസനത്തിനും പ്രവാസികളുടെ സുരക്ഷ, ക്ഷേമം, പുനരധിവാസം തുടങ്ങിയവക്ക് മുതൽകൂട്ടാകുന്ന ഒട്ടേറെ ആശയങ്ങളും പരിപാടികളുമായി 2018 ജനുവരി 12, 13 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ ആണ് ലോക കേരള സഭയുടെ ഒന്നാം സമ്മേളനം നടന്നത്. പ്രഥമ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ ഭാഗമായി ഏഴു വിഷയാധിഷ്ഠിത സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചു. ഒന്നാം ലോക കേരള സഭയുടെ മറ്റൊരു പ്രധാന ശുപാർശ ആയിരുന്നു മേഖലാ സമ്മേളനം. 2019 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ നടന്ന ആദ്യ മേഖലാ സമ്മേളനം വൻ വിജയമായിരുന്നു. ഒന്നാം സമ്മേളനത്തിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലിനൊപ്പം പുതിയ ആശയങ്ങളുടെ സമാഹരണം എന്ന ഉദ്ദേശ്യത്തോടെയാണ് 2020 ജനുവരി 1, 2, 3 തീയതികളിൽ തിരുവന്തപുരത്തു രണ്ടാം സമ്മേളനം നടന്നത്. 


മന്ത്രിമാർ ഉൾപ്പെടെ എല്ലാ എം.എൽ.എമാരും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളും ചേർന്ന 173 ജനപ്രതിനിധികളും 178 പ്രവാസ പ്രതിനിധികളും അടങ്ങുന്നതാണ് സഭ. 125  പ്രത്യേക ക്ഷണിതാക്കളും ഇതിന്റെ ഭാഗമായിരുന്നു. 50 രാജ്യങ്ങളിൽ നിന്നുള്ള 100 പേരും 25  സംസ്ഥാനങ്ങളിൽ നിന്നുള്ള 42 പേരും പ്രവാസം കഴിഞ്ഞെത്തിയവരുടെ  6 പ്രതിനിധികളും വിവിധ മേഖലകളിലെ 30 പ്രമുഖരും അടങ്ങുന്നതായിരുന്നു സഭയിലെ  പ്രവാസി പ്രാതിനിധ്യം.
ഒന്നാം ലോക കേരള സഭക്ക് ശേഷം കഴിഞ്ഞ രണ്ടു വർഷക്കാലം പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങളിൽ നോർക്ക റൂട്‌സ് കൈക്കൊണ്ട നടപടികളും അതിന്റെ നേട്ടങ്ങളും നിരവധിയായിരുന്നു. ഇതിൽ മഹാഭൂരിപക്ഷവും ഒന്നാമത് ലോക കേരള സഭ ചർച്ച ചെയ്തതും ആ സമ്മേളനം മുന്നോട്ട് വെച്ച നിർദേശങ്ങളും ആയിരുന്നു എന്നത് ലോക കേരള സഭയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്.


പ്രവാസി സമൂഹത്തിനും അതുവഴി നമ്മുടെ നാടിനും പ്രയോജനപ്പെടും വിധമുള്ള ഒരു പ്ലാറ്റ്‌ഫോമായി ലോക കേരള സഭയെ മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവുമായാണ് ഈ വർഷത്തെ ബജറ്റ് സമ്മേളനം ചേർന്നത്. നാടിന്റെയും ജനതയുടെയും പൊതുതാൽപര്യത്തിനപ്പുറം  ഓരോ വ്യക്തിക്കും ഗുണകരമാകുന്ന വിധത്തിലുള്ള ആശയ വിഭവ കൈമാറ്റങ്ങൾക്കുള്ള വേദി, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം അവർക്കു കൂടി പ്രയോജനം ഉറപ്പാക്കുന്ന വിധത്തിൽ നാടിന്റെ വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം,  പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തം കൃത്യമായും നിറവേറ്റാൻ കഴിയുന്നതരത്തിലുള്ള പ്രവർത്തനം എന്നിവയെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ലോക കേരള സഭ വഴി സാധ്യമാക്കാനായെന്ന പിണറായി സർക്കാറിന്റെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നതാണ് കേരള ബജറ്റ് എന്നത് ശ്രദ്ധേയമാണ്.


  ലോക കേരള സഭയെ ഒരു ആലങ്കാരിക വേദിയായി മാറ്റാനായിരുന്നില്ല സർക്കാർ ഉദ്ദേശിച്ചിരുന്നത് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ലോക കേരള സഭക്ക് ഈ ബജറ്റിൽ നീക്കിവെച്ച ആനുകൂല്യങ്ങൾ. ഒന്നാം സമ്മേളനത്തിന്റെ  പ്രധാന തീരുമാനങ്ങളിലൊന്നായ ലോക കേരള സഭാ സെക്രട്ടറിേയറ്റ് രൂപീകരിച്ചതും  ഇതിന്റെ  ഭാഗമായി തന്നെ ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി വേറെ രൂപീകരിച്ചതും സുപ്രധാന ചുവടുവെപ്പാണ്. 


അവയുടെ നിർദേശങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കാനും സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രവാസികളുമായി ബന്ധപ്പെടുന്ന  എല്ലാ വിഷയവും സമഗ്രമായി ചർച്ച ചെയ്യാനും അവക്ക് കൃത്യമായ പരിഹാരം ഉറപ്പ് വരുത്താനും ഒരു പൊതുവേദിയെന്ന നിലയിൽ ലോക കേരള സഭ വലിയ പങ്കാണ് നിർവഹിച്ചുവരുന്നതെന്ന് ഗവർണർ തന്നെ ഈ സർക്കാറിന്റെ നയപ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടുണ്ട്. ലോക കേരള സഭക്കും പ്രവാസി സമൂഹത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇടതു സർക്കാർ ബജറ്റിൽ തുക നീക്കിവെച്ചതും ലോകമെമ്പാടുമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തോതിൽ ആശ്വാസം പകരുന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

Latest News