പാലക്കാട്- കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാന്‍ ആറു 108 ആംബുലന്‍സുകള്‍ കോയമ്പത്തൂര്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കും അവിനാശി ജില്ലാ ആശുപത്രിയിലേക്കും തിരിച്ചു. പാലക്കാട് ജില്ലാ കലക്ടറും, എസ്.പിയുമാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പാലക്കാട് നാല് ആംബുലന്‍സുകളും തൃശൂരില്‍ 5 108 ആംബുലന്‍സുകളും ഇതിന് പുറമെ സജ്ജമാക്കിയിട്ടുണ്ട്.
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.