നെടുമ്പാശേരി- സൗദിയില്‍ ജോലി തേടിയെത്തിയതിനു ശേഷം വിവിധ കേസുകളില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിച്ചവരും നിയമലംഘകരുമായ 196 ഇന്ത്യക്കാര്‍ അധികൃതര്‍ മോചിപ്പിച്ചതിനെത്തുടര്‍ന്ന് നാട് കടത്തല്‍ കേന്ദ്രം വഴി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെത്തി.
സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 15 മലയാളികള്‍ അടങ്ങുന്ന സംഘമെത്തിയത്. വിവിധ ജോലികള്‍ക്ക് എത്തിയതിനു ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടര്‍ന്നവര്‍, സ്പോണ്സര് പാസ്പോര്‍ട്ട് തടഞ്ഞുവച്ചതിനെ തുടര്‍ന്ന് രേഖകളില്ലാതെ മറ്റിടങ്ങളില്‍ ജോലി ചെയ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപടലുകളെ തുടര്‍ന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. കൊച്ചിയില്വിമാനം ഇറങ്ങിയതിന്റെ രേഖകള്‍ ദല്‍ഹിയിലെ സൗദി എംബസിക്ക് അയച്ച ശേഷമാണ് ഇവര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാനായത്.