മലപ്പുറം- ഡോ.കഫീൽ ഖാൻ ഉൾപ്പെടെയുള്ള മുസ്‌ലിം സമര നേതാക്കളെയും ന്യൂനപക്ഷ രാഷ്ട്രീയം പറയുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളെയും വേട്ടയാടി പൗരത്വ പ്രക്ഷോഭത്തെ തകർക്കാമെന്നത് സംഘ്പരിവാറിന്റെ വ്യാമോഹമാണെന്ന് ജെ.എൻ.യു സ്റ്റുഡന്റ്‌സ് കൗൺസിലർ അഫ്രീൻ ഫാത്തിമ പറഞ്ഞു. ഫ്രബ്രുവരി 25, 26 തിയ്യതികളിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്ഭവൻ ഉപരോധ സമരത്തിന്റെ പ്രചാരണാർഥം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. രാജ്യ തലസ്ഥാനത്ത് വിദ്യാർഥികൾ ആരംഭിച്ച പൗരത്വ പ്രക്ഷോഭം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലക്ഷ്യം നേടുക തന്നെ ചെയ്യും. കേരളത്തിലെ വ്യത്യസ്ത കാമ്പസുകളിൽ നടന്ന് കൊണ്ടിരിക്കുന്ന ഷഹീൻബാഗ്, ആസാദി സ്‌ക്വയർ പോലുള്ള അനിശ്ചിതകാല സമര ചത്വരങ്ങൾ ആശാവഹമാണെന്നും അവർ പറഞ്ഞു.
എന്നാൽ ഇത്തരം വിദ്യാർഥി മുന്നേറ്റങ്ങളെ കയ്യൂക്ക് കൊണ്ട് നേരിടാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ നടപടികൾ രാജ്യത്തിന് അപമാനമാണ്. ജെ.എൻ.യുവിലെ സ്ഥിതിയും മറിച്ചല്ല. മുസ്‌ലിം-ദളിത് ഉണർവുകളെ തീവ്രവാദ മുദ്ര ചാർത്താൻ സംഘ്പരിവാറിനൊപ്പം ശ്രമിക്കുകയാണിവർ. ഒരു സമുദായത്തെ ഒറ്റു കൊടുത്തവരായി ചരിത്രം അവരെ രേഖപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. വെൽഫയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി.ആയിഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഉമ്മമാരും സഹോദരിമാരുമാണ് പുതിയകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്നത് പൗരത്വ പ്രക്ഷോഭം ജയിക്കുമെന്നതിന് തെളിവാണ്.
പൗരത്വ നിയമം പിൻവലിക്കുകയെന്നത് മാത്രമല്ല സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് താഴെയിറയിറക്കിയിട്ടേ ഈ സമരം അവസാനിക്കൂവെന്ന് ഇ.സി ആയിഷ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കെ.കെ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, പ്രവാസി വെൽഫയർ ഫോറം ജില്ലാ സെക്രട്ടറി അഷ്‌റഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡന്റ് സദ്‌റുദ്ദീൻ മലപ്പുറം നന്ദിയും പറഞ്ഞു. വൈകുന്നേരം നാലു മണിക്ക് രാമപുരത്ത് നിന്നാരംഭിച്ച ലോംഗ് മാർച്ച് സ്വാതന്ത്ര്യ സമര സേനാനികളായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെയും എം.പി. നാരായണ മേനോന്റെയും കുടുംബാംഗങ്ങൾ ഫഌഗ് ഓഫ് ചെയ്തു.
ആയിരങ്ങൾ പങ്കെടുത്ത മാർച്ചിൽ ജില്ലാ ട്രഷറർ എ.ഫാറൂഖ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുഭദ്ര വണ്ടൂർ, മുനീബ് കാരക്കുന്ന്, ശ്രീനിവാസൻ മേലാറ്റൂർ, റംല മമ്പാട്, സെക്രട്ടറിമാരായ അഷ്‌റഫ് വൈലത്തൂർ, മുഹമ്മദ് പൊന്നാനി, വഹാബ് വെട്ടം, ഷഫീർഷ കെ.വി, ജാഫർ സി.സി, നസീറ ബാനു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.