Sorry, you need to enable JavaScript to visit this website.

മകനെ കൊന്ന യുവതിക്കുനേരെ അസഭ്യവര്‍ഷം; വീട്ടിലും കടപ്പുറത്തും തെളിവെടുപ്പ് നടത്തി

കണ്ണൂര്‍- ഒന്നരവയസ്സായ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരൂ എന്നാവശ്യപ്പെട്ടാണ് പ്രദേശത്ത് തടിച്ചുകൂടിയവര്‍ ബഹളമുണ്ടാക്കിയത്. ശരണ്യയെ ആദ്യം വീട്ടിലും പിന്നീട് തയ്യില്‍ കടപ്പുറത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ശരണ്യക്കുനേരെ നാട്ടുകാര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു.


കടപ്പുറത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ശരണ്യ വിതുമ്പുന്നുണ്ടായിരുന്നു. കടപ്പുറത്ത് മകനെ എവിടെ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തു. രാവിലെ മൂന്നുമണിക്ക് മകന് പാല് കൊടുത്തതിനു ശേഷം ഉറക്കി വീടിന്റെ പിന്നിലൂടെ എടുത്തുകൊണ്ടു വന്ന് കടലിലേക്ക് എറിയുകയായിരുന്നു. ആദ്യത്തെ തവണ എറിഞ്ഞപ്പോള്‍ മകന്‍ ഉണരുകയും കരയുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും കടലിലേക്ക് എറിയുകയായിരുന്നു.


തിങ്കളാഴ്ച രാവിലെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛന്‍ വത്സരാജ് കടലില്‍ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. ഞായറാഴ്ച രാത്രി ഇരുവരും ശരണ്യയുടെ വീട്ടില്‍ ഒരുമിച്ച് താമസിച്ചു.


തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു. വിയാന്‍ പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു.  കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് പാലു കൊടുത്ത് ശാന്തനാക്കിയ ശേഷമാണ് കടല്‍ക്കരയിലേക്ക് നീങ്ങിയത്. കൊലപാതകത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയില്‍ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തി. വിയാനെ കൊന്നത് അച്ഛന്‍ പ്രണവ് ആണെന്നാണ് എല്ലാവരും സംശയിച്ചത്.


വസ്ത്രങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞത്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്താണ് അടുപ്പം തുടങ്ങിയത്.


കുട്ടിയെയും ഭര്‍ത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി വിജയിച്ചില്ല. പ്രണവിന്റെ തലയില്‍ കൊല കുറ്റം കെട്ടിവെക്കാന്‍ ശരണ്യ മൊഴി നല്‍കിയെങ്കിലും പോലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. തെളിവുകളെല്ലാം ശരണ്യക്ക് എതിരായിരുന്നു. ഒടുവില്‍ പൂര്‍ണമായും കുടുങ്ങി എന്ന് വ്യക്തമായപ്പോഴാണ് ശരണ്യ കുറ്റം ഏറ്റുപറഞ്ഞത്.

 

 

Latest News