Sorry, you need to enable JavaScript to visit this website.

നോർക്കയുമായി ധാരണ; പ്രവാസി മലയാളികൾക്ക് യാത്രാ നിരക്കിൽ ഇളവുമായി കുവൈത്ത് എയർവേയ്‌സ് 

  • നോർക്ക റൂട്ട്‌സും കുവൈത്ത് എയർവേയ്‌സുമായി ധാരണ

തിരുവനന്തപുരം - അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈത്ത് എയർവേയ്‌സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നേർക്ക റൂട്ട്‌സും കുവൈത്ത് എയർവേയ്‌സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവേയ്‌സ് സെയിൽസ് മാനേജർ സുധീർ മേത്തയും തമ്മിൽ ധാരണാപത്രം ഒപ്പ് വെച്ചു. ഗൾഫ് മേഖലയിലുള്ള പ്രവാസി മലയാളികൾക്ക് ഇത് വലിയൊരു ആശ്വാസമാകും.

ധാരണയുടെ അടിസ്ഥാനത്തിൽ കുവൈത്ത് എയർവേയ്‌സിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ 7 ശതമാനം ഇളവ് ലഭിക്കും. നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ ആനുകൂല്യം നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും  ലഭിക്കും. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് കാലാകാലങ്ങളായി ഉയർന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ നോർക്ക ഫെയർ ആശ്വാസകരമാകും. നോർക്ക റൂട്ട്‌സ് ഐഡി കാർഡുടമകൾക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതൽ ലഭിക്കും.

നേരത്തേ നോർക്ക റൂട്ട്‌സും ഒമാൻ എയർവേയ്‌സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിൽ നോർക്ക ഫെയർ ഒമാൻ എയർവേയ്‌സിൽ നിലവിൽ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, നോർക്ക റൂട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുത്തു.

കുവൈത്ത് എയർവേയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയർവേയ്‌സിന്റെ ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ മുഖേനയും പ്രവാസി മലയാളികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി NORKA20 എന്ന പ്രമോഷൻ കോഡ് ഉപയോഗിക്കാവുന്നതാണ്. കുടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


 

Latest News