Sorry, you need to enable JavaScript to visit this website.

ഒറ്റക്കുള്ള താമസം വിനയായി; ഷിബുവിന്റെ  മരണം പുറത്തറിഞ്ഞത് ഒരാഴ്ചക്കു ശേഷം

ഷിബു

അൽഹസ- കഴിഞ്ഞ ദിവസം ഉംറാനിൽ തിരുവനന്തപുരം കരകുളം മുല്ലശ്ശേരി വിളയിൽ വീട്ടിൽ ഷിബു (45) വിെന മരിച്ച നിലയിൽ കാണപ്പെട്ടത് പ്രവാസികളിൽ വേദന പടർത്തുന്ന ഒന്നായി. 
മരണവിവരം പുറത്തറിഞ്ഞത് ഒരാഴ്ചക്കു ശേഷം മാത്രം. ഒറ്റക്കുള്ള താമസവും ബന്ധങ്ങൾ കുറഞ്ഞതുമാണ് വിനയായത്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ തുടരുന്നു.
ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഷിബു 23 വർഷക്കാലമായി അൽഹസയിലുണ്ട്. ദിവസങ്ങളായി ഷിബുവിനെക്കുറിച്ച് വിവരങ്ങളില്ലാത്തതിനാൽ സുഹൃത്തുക്കളും മറ്റും താമസ സ്ഥലത്തേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. അൽഹസയിലെ ഒരു ഈത്തപ്പന തോട്ടത്തിലെ റൂമിൽ ഒറ്റയ്ക്കായിരുന്നു ഷിബുവിന്റെ താമസം.
ഏകദേശം ഒരാഴ്ചയായിട്ടുണ്ടാകും മരണം നടന്നിട്ടെന്നാണ് അനുമാനിക്കുന്നത്. കൂടെ താമസിക്കുന്നവർ ആരുമില്ലാത്തതിനാൽ മരണവിവരം പുറത്തറിയാൻ വൈകി. മരണവിവരം പുറത്തറിയാൻ മൃതദേഹത്തിൽ നിന്നും ദുർഗന്ധം വരേണ്ടി വന്നുവെന്ന ദുഃഖവാർത്ത പ്രവാസികളിൽ വേദന പടർത്തുന്ന ഒന്നായി. അറിഞ്ഞ വാർത്തയും കാഴ്ചയും എല്ലാവരെയും വിഷമിപ്പിച്ചു. 


നല്ല തണുപ്പുള്ള കാലാവസ്ഥയിൽ ഇലക്ട്രിക് ഹീറ്റർ പ്രവർത്തിപ്പിച്ചാണ് ഉറങ്ങാൻ കിടന്നത്. മൃതദേഹം എടുക്കാനായി ബന്ധപ്പെട്ടവർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴും ഹീറ്റർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. തീപ്പിടിത്തം ഉണ്ടാകാതിരുന്നത് ഭാഗ്യമായിട്ടാണ് എല്ലാവരും കരുതുന്നത്. ഇത്രയും ദിവസം തുടർച്ചയായി ഹീറ്റർ പ്രവർത്തിച്ചതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട രൂപത്തിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ശരീരത്തിലെ ശേഷിപ്പുകൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. ഒറ്റയ്ക്കുള്ള താമസം സ്വകാര്യതക്കു നല്ലതാണെങ്കിലും ഇങ്ങനെയുള്ള ദുരന്തങ്ങൾക്ക് കൂടി സാക്ഷിയാകേണ്ടി വരുമെന്ന ഓർമപ്പെടുത്തലാണ് ഷിബുവിന്റെ മരണം നൽകുന്ന പാഠം.


നേരത്തെ ഹൃദ്രോഗ ചികിത്സയിലായിരുന്നു ഷിബു. മൃതദേഹം പോലീസിന്റെ സാന്നിധ്യത്തിൽ ജാഫറിലുള്ള ആശുപത്രിയിലേക്കും തുടർന്ന് ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. രണ്ട് മാസം മുൻപാണ് ലീവ് കഴിഞ്ഞ് തിരിച്ചെത്തിയത്. നവോദയ ഉംറാൻ യൂനിറ്റ് അംഗമാണ്.
പിതാവ്: കൊച്ചുകൃഷ്ണൻ നായർ. മാതാവ്: ഓമനയമ്മ. ഭാര്യ: സന്ധ്യ. പ്ലസ് വൺ വിദ്യാർഥിനിയായ ആര്യനന്ദ ഏകമകളാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾക്ക് നവോദയ ഹുഫൂഫ് സാമൂഹ്യക്ഷേമ വിഭാഗം പ്രവർത്തകർ നേതൃത്വം നൽകുന്നു.
 

Latest News