തിരുവനന്തപുരം- പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ചും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു കേരളത്തില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും അറിയുന്നതിന് ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ ഒരു വര്‍ഷത്തിനിടെ ലഭിച്ചത് ഒന്നര ലക്ഷത്തിലേറെ കോളുകള്‍. 33 രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 1,77,685 ഫോണ്‍ കോളുകളാണ് ലഭിച്ചത്. നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ കോണ്‍ടാക്ട് സെന്ററിലേക്ക് വെബ്‌സൈറ്റ് മുഖേന ഇതു സംബന്ധിച്ച 37,255 ചാറ്റുകളും ലഭിച്ചു.
ഇന്ത്യയ്ക്കു പുറമേ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ കാളുകള്‍. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ജര്‍മനി, തുര്‍ക്കുമനിസ്ഥാന്‍, ഇറാന്‍, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യുകെ, യുഎസ്, കംബോഡിയ, ജോര്‍ജിയ, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ലാവോസ്, മ്യാന്മര്‍, ഫിലിപ്പീന്‍സ്, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, തയ്‌വാന്‍, തജികിസ്ഥാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോളുകള്‍ ലഭിച്ചിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ്, ഐഡി കാര്‍ഡ്, അറ്റസ്‌റ്റേഷന്‍, ആംബുലന്‍സ് സര്‍വീസ്, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, ലോക കേരള സഭ, വീസ സ്റ്റാംപിങ്, ഡയറക്‌ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്, മൃതദേഹം നാട്ടില്‍ എത്തിക്കല്‍, കേരള പോലീസ് എന്‍ആര്‍ഐ സെല്‍, പാസപോര്‍ട്ട്, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, എംബസികളുടെയും കോണ്‍സിലേറ്റുകളുടെയും വിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണു പ്രധാനമായും ലഭിച്ചത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
24 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ പ്രവാസി മലയാളികള്‍ക്ക്
വിവരങ്ങള്‍ ആരായാനും സംശയങ്ങള്‍ ദൂരീകരിക്കാനും ബന്ധപ്പെടാവുന്ന സെന്റര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
0091 8802012345 രാജ്യാന്തര ടോള്‍ ഫ്രീ നമ്പര്‍. ഉപയോക്താവിന്റെ ഫോണില്‍ നിന്നു ഈ നമ്പറിലേക്കു ഡയല്‍ ചെയ്ത ശേഷം, കോള്‍ ഡിസ്‌കണക്ട് ആവുകയും 30 സെക്കന്‍ഡിനുളളില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ നിന്നു കോള്‍ തിരികെ ലഭിക്കുകയും ചെയ്യും.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിളിക്കുന്നവര്‍ക്ക് 1800 425 3939 ലും സേവനം ലഭിക്കും.