കഫീലിന്റെ മുറിയിൽ പ്രവേശിച്ചപ്പോൾ സംഭവിച്ചത് വലിയൊരു അത്ഭുതമാണ്. മൽബു അതു പ്രതീക്ഷിച്ചതാണെങ്കിലും ഹംസയുടെ മുഖത്ത് അമ്പരപ്പും ഞെട്ടലും പ്രകടമായിരുന്നു.
കഫീൽ സ്വന്തം സീറ്റിൽനിന്ന് എഴുന്നേറ്റു വന്ന് മൽബുവിനെ ആലിംഗനം ചെയ്തു. രണ്ടു വർഷത്തെ വേർപാടിനു ശേഷം അവധിക്ക് നാട്ടിലെത്തുന്ന ദിവസം മൽബി കെട്ടിപ്പിടിക്കുന്നതു പോലെയോ പ്രധാനമന്ത്രി മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്നതു പോലെയോ ആയിരുന്നില്ല അത്.
ഇതുപോലെ മൽബി ഒരിക്കലും മൽബുവിനെ വാരിപ്പുണർന്നിട്ടില്ല. സാധാരണ അറബികൾ ചെയ്യാറുള്ളതു പോലെ കിസ്സിന്റെ ശബ്ദമുണ്ടാക്കുക മാത്രമായിരുന്നില്ല. ചിച്ചു, ചിച്ചു സൗണ്ടിനു പകരം ഇരു കവിളുകളിലും ആവർത്തിച്ചു ചുംബിച്ചു. ഇതിനിടയിൽ മക്കളുടെയും ഭാര്യയുടെയും സുഖവിവരങ്ങൾ പല തവണ ചോദിച്ചു. കൈഫ് ഹിന്ദിയും കൈഫ് കൈരലയും ആവർത്തിച്ചുകൊണ്ടിരുന്നു.
എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അമ്പരപ്പിലായിരുന്നു ഹംസ. മൂലക്കിരിക്കുന്ന മഴുവെടുത്ത് കാലിലിട്ടതു പോലെ അലമ്പാകുമോ എന്ന സംശയമായിരുന്നു ഹംസക്ക്. കഫീലിന്റെ കൂടെ കൂടി രണ്ടുമൂന്ന് മാസമായെങ്കിലും ഹംസക്ക് ഇതുവരെ സ്വയം വിൽക്കാൻ സാധിച്ചിട്ടില്ല. എല്ലായിടത്തെയും പോലെ സ്വയം മാർക്കറ്റ് ചെയ്യാൻ അറിയുന്നവർക്കാണ് ഗൾഫിലും വിജയമെന്ന് അറിയാത്തതു കൊണ്ടല്ല. പക്ഷേ ഒന്നുമങ്ങ്ട് ഏശുന്നില്ല.
ഹംസക്ക് മൽബുവിനോട് അസൂയ തോന്നി. കഴിഞ്ഞ പ്രവാസത്തിൽ മൽബു നടത്തിയ മാർക്കറ്റിംഗിന്റെ വിജയമാണ് അയാൾ ഇപ്പോൾ കാണുന്നത്. ഒരു പക്ഷേ മൽബു അറിഞ്ഞുകൊണ്ട് സ്വയം കച്ചവടം നടത്തിയതാകണമെന്നില്ല. സ്വന്തം കർമങ്ങളുടെ ഫലം അങ്ങനെ ആയതാകാം. അധിക നേട്ടമോ പദവികളോ ആഗ്രഹിക്കാതെ വിധിക്കപ്പെട്ട റോൾ ആടിത്തീർക്കുന്നവരാണല്ലോ പ്രവാസികളിൽ ഭൂരിഭാഗവും. കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യങ്ങൾ നിവർത്തിക്കുന്നു. ഇവിടെ കുറിവെക്കാൻ ബാക്കി വെച്ച് നാട്ടിലേക്ക് പോകുന്നു. അവിടെ കടം വാങ്ങിയും ഓളുടെ മാല പണയം വെച്ചും മടങ്ങുന്നു. ഇങ്ങനെയാണ് പ്രവാസികളുടെ ജീവിത ചക്രം. അങ്ങനെയാണ് ഇക്കാണുന്ന രീതയിൽ പ്രവാസികൾ കേരളത്തെ ചലിപ്പിക്കുന്നത്. കേരളത്തെ താങ്ങിനിർത്തുന്നവർ പ്രവാസികളാണെന്നു മന്ത്രിമാർ ബജറ്റ് പ്രസംഗങ്ങളിൽ പറയുമ്പോൾ ഓരോ പ്രവാസിയുടെയും അന്തരംഗം അഭിമാനപൂരിതമാവുന്നു.
കപ്പലോളം മോഹങ്ങളുള്ളയാണ് ഹംസ. പക്ഷേ, കപ്പൽ ഹംസ എന്ന പേരു വന്നത് അതു കൊണ്ടല്ല. അത് ശരിക്കുമുള്ള കപ്പൽ ഇറക്കിയതു കൊണ്ടു തന്നെയാണ്.
അതൊരു സൈഡ് ബിസിനസായിരുന്നു. അതിൽ വിജയിച്ചുവെന്നു പറയാൻ പറ്റില്ലെങ്കിലും പ്രവാസികളുടെ വാരാന്ത്യങ്ങളെ ആസ്വാദ്യകരമാക്കി പാട്ടും മ്യൂസിക്കുമുള്ള കപ്പലിൽ കയറ്റി കടലിൽ കൊണ്ടുപോയി എന്നത് നിസ്സാര കാര്യമല്ല. ആളുകൾ കപ്പൽ ഹംസയെന്നു പേരിട്ടുവെങ്കിലും ഇപ്പോഴും സൈഡ് ബിസിസുകാരും സംഘടനകളും കപ്പൽ യാത്ര ഒരു മാതൃകയായി കൊണ്ടുനടക്കുന്നുണ്ട്. എത്രയെത്ര പേർ സൈഡ് ബിസിനസ് നടത്തി പൊളിയുന്നു. അതിലൊരാളായി കപ്പലംസയേയും കൂട്ടിയാൽ മതി.
പക്ഷേ, മൽബുവിന് കിട്ടിയ സ്വീകരണവും കഫീലിന്റെ ആലിംഗനവും ഹംസയെ ഇത്തിരി ആശങ്കപ്പെടുത്തുന്നുണ്ട്. മനസ്സിലൊരു സുഖമില്ലായ്മ. അതും അടിസ്ഥാനമില്ലാത്തതല്ല. കേൾക്കുന്ന പല സംഭവങ്ങളും അങ്ങനെയാണ്. കഴിഞ്ഞയാഴ്ചയാണ് ഒരു സീനിയർ ഇക്ക കമ്പനിയിൽനിന്ന് പുറത്തായത്.
കൈയും കാലും പിടിച്ചു ജോലിക്ക് കയറിയ ഒരു ചെക്കനാണ് ഒരു ദാക്ഷിണ്യവുമില്ലാതെ അയാളെ പുറത്താക്കാൻ കൂട്ടുനിന്നത്.
ഇത്ത നാട്ടിലൊറ്റക്കല്ലേ.. കുറെ കാലായില്ലേ.. ഇനിയെങ്കിലും ഇത്താടെ കൂടെ പോയി നിന്നൂടെ എന്നാണ് ജോലി തെറിച്ച വിഷമത്തിൽ ഓഫീസിൽനിന്നിറങ്ങുമ്പോൾ പയ്യൻ ചോദിച്ചതത്രേ.
അപ്പോൾ ഹംസയുടെ സംശയം സ്വാഭാവികമല്ലേ. കഫീൽ കെട്ടിപ്പിടിച്ച് വലിച്ചുമുറിക്കിയ മൽബു ഒരു സാധാരണ ഇനമായിരിക്കാൻ വകയില്ല.
ഹംസയുടെ മനസ്സ് സംശയങ്ങളും ആശങ്കകളും കൊണ്ടു നിറയുമ്പോൾ സ്വന്തം ജോലി എന്തായിരിക്കുമെന്നറിയാനുള്ള തിടുക്കത്തിലായിരുന്നു മൽബു. ഓഫീസിൽ നാലു ചുമരുകളും നോക്കി. എവിടെയും ഒന്നും എഴുതിവെച്ചിട്ടില്ല. വർക്കോസ് എന്താണെന്നറിയാൻ കഫീലിന്റെ മേശയുടെ എല്ലാ ഭാഗത്തും കണ്ണോടിച്ചു. ഒരു സൂചന പോലുമില്ല. കാത്തിരിക്കാം, പണിയെന്താണെന്ന് കഫീൽ പറയാതിരിക്കില്ലല്ലോ.