Sorry, you need to enable JavaScript to visit this website.

ഖത്തരികൾക്ക് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജിന് അവസരം

ശൈഖ് അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല ബിൻ ജാസിം അൽഥാനി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ജിദ്ദയിൽ ചർച്ച നടത്തുന്നു. 

*സൽവ അതിർത്തി പോസ്റ്റ് ഖത്തർ തീർഥാടകർക്കു മുന്നിൽ തുറക്കും
*ഹാജിമാർക്ക് സൗദിയ വിമാനങ്ങളിൽ സൗജന്യ യാത്ര
*ആനുകൂല്യം ഖത്തറിൽനിന്നുള്ള സ്വദേശി ഹാജിമാർക്ക്

ജിദ്ദ- ഈ വർഷം ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് സൗദി അറേബ്യ അവസരമൊരുക്കി. ഖത്തറിൽ നിന്നുള്ള തീർഥാടകർക്കു മുന്നിൽ സൽവ അതിർത്തി പോസ്റ്റ് തുറന്നിടുന്നതിനും രാജാവ് നിർദേശിച്ചു. പുറംലോകവുമായി ഖത്തറിനെ ബന്ധിപ്പിക്കുന്ന ഏക കരാതിർത്തി പോസ്റ്റാണിത്. 
ഖത്തർ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല ബിൻ ജാസിം അൽഥാനി നടത്തിയ മധ്യസ്ഥശ്രമങ്ങൾ മാനിച്ചാണ് ഖത്തരി തീർഥാടകർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിനും ഖത്തറിൽ നിന്നുള്ള തീർഥാടകർക്കു മുന്നിൽ സൽവ അതിർത്തി പോസ്റ്റ് തുറക്കുന്നതിനും രാജാവ് നിർദേശിച്ചത്.

ഖത്തറിൽ നിന്നുള്ളവർക്ക് ഹജ് നിർവഹിക്കുന്നതിന് പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ചർച്ചകൾക്കെത്തിയ ശൈഖ് അബ്ദുല്ല അൽഥാനി ജിദ്ദ അൽസലാം കൊട്ടാരത്തിൽ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ഇക്കാര്യത്തിൽ ബുധനാഴ്ച രാത്രി ചർച്ച നടത്തിയിരുന്നു. സൽവ അതിർത്തി പോസ്റ്റ് ഖത്തർ തീർഥാടകർക്കു മുന്നിൽ തുറന്നുകൊടുക്കണമെന്ന ആവശ്യമാണ് ശൈഖ് അബ്ദുല്ല അൽഥാനി ഉന്നയിച്ചത്. ഇത് അംഗീകരിച്ച സൗദി അറേബ്യ ഈ വർഷം ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ ഖത്തരികൾക്കും സൽമാൻ രാജാവിന്റെ വിശിഷ്ടാതിഥികളായി ഹജ് നിർവഹിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഖത്തറിൽനിന്ന് ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന എല്ലാ സ്വദേശികൾക്കും ഈ വർഷം ഹജിന് അവസരം നൽകും. ഇതിന് ഖത്തർ തീർഥാടകർ എല്ലാ വർഷത്തെയും പോലെ ഇ-പെർമിറ്റ് നേടേണ്ടതില്ല. 

ചരിത്രത്തിൽ വേരുകളുള്ള, ഉറച്ച സാഹോദര്യബന്ധമാണ് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ളതെന്ന് ശൈഖ് അബ്ദുല്ല അൽഥാനി പറഞ്ഞു. ഖത്തറിലെയും സൗദിയിലെയും ജനതകളും സൗദി ഭരണാധികാരികളും ഖത്തറിലെ രാജകുടുംബവും തമ്മിലുള്ള ബന്ധം ചരിത്രപരവും ആഴത്തിലുള്ളതുമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൽവ അതിർത്തി പോസ്റ്റ് വഴി സൗദിയിൽ പ്രവേശിക്കുന്നതിന് ഖത്തർ തീർഥാടകരെ അനുവദിക്കണമെന്ന കിരീടാവകാശിയുടെ ശുപാർശ സൽമാൻ രാജാവ് അംഗീകരിക്കുകയായിരുന്നു.

ഇതിനു പുറമെ, ഈ വർഷം ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന മുഴുവൻ ഖത്തരികൾക്കും ഇ-പെർമിറ്റില്ലാതെ ഹജ് നിർവഹിക്കുന്നതിന് അവസരം നൽകുന്നതിനും രാജാവ് നിർദേശിച്ചു. സൽവ അതിർത്തി പോസ്റ്റ് വഴി സൗദിയിൽ പ്രവേശിക്കുന്ന ഖത്തരി തീർഥാടകരെ ദമാം കിംഗ് ഫഹദ് എയർപോർട്ടിൽ നിന്നും അൽഹസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയ വിമാനങ്ങളിൽ പുണ്യഭൂമിയിലെത്തിക്കും. ദോഹയിൽനിന്ന് നേരിട്ട് വിമാന മാർഗം എത്തുന്നതിന് ആഗ്രഹിക്കുന്ന ഖത്തരി തീർഥാടകർക്കും ഇതേ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദോഹയിൽനിന്ന് ഖത്തരി തീർഥാടകരെ ജിദ്ദയിലെത്തിക്കുന്നതിന് സൗദിയയുടെ പ്രത്യേക വിമാനങ്ങൾ അയക്കും. ഹജ് നിർവഹിക്കുന്നതിനുള്ള ഇവരുടെ മുഴുവൻ ചെലവും രാജാവ് വഹിക്കും. ഖത്തറിൽ നിന്നുള്ള ഖത്തർ പൗരന്മാർക്കു മാത്രമാണ് രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിക്കുക. 

ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഖത്തർ വിമാനങ്ങൾക്കു മുന്നിൽ സൗദി വ്യോമമേഖല സൗദി അറേബ്യ അടച്ചിട്ടുണ്ട്. സൽവ അതിർത്തി പോസ്റ്റും അടച്ചു. ഈ വർഷം ഖത്തറിൽ നിന്ന് കര മാർഗം തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് സാധിക്കില്ലെന്നും ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകർ ഖത്തർ എയർവെയ്‌സ് ഒഴികെയുള്ള വിമാനങ്ങളിൽ ജിദ്ദ, മദീന എയർപോർട്ടുകളിൽ എത്തണമെന്നും സൗദി അറേബ്യ നിർദേശിച്ചിരുന്നു. 

ഖത്തരി തീർഥാടകർക്ക്  സൗജന്യ സിം കാർഡുകൾ

റിയാദ്- ഖത്തരി തീർഥാടകർക്ക് സൗജന്യ സിം കാർഡുകൾ നൽകുമെന്ന് ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിയും മൊബൈലിയും അറിയിച്ചു. ഖത്തരി തീർഥാടകർക്ക് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്നത് കണക്കിലെടുത്താണ് ഇരു കമ്പനികളും ഖത്തരി തീർഥാടകർക്ക് ക്രെഡിറ്റ് ഉള്ള സിം കാർഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പുണ്യസ്ഥലങ്ങളിലെ എസ്.ടി.സി, മൊബൈലി സെയിൽസ് പോയിന്റുകളിൽ ഖത്തരി തീർഥാടകർക്ക് സൗജന്യ സിം കാർഡുകൾ വിതരണം ചെയ്യും. 

ശൈഖ് അബ്ദുല്ല ഖത്തറിലെ തലമുതിർന്ന നേതാവ് 

ജിദ്ദ- ഖത്തരി തീർഥാടകർക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്നതിലേക്ക് നയിക്കുംവിധം മധ്യസ്ഥശ്രമം നടത്തിയ ശൈഖ് അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല അൽഥാനി ഖത്തർ രാജകുടുംബത്തിലെ ഏറ്റവും തലമുതിർന്ന നേതാക്കളിൽ ഒരാളാണ്. ഇദ്ദേഹത്തിന്റെ പിതാമഹൻ ശൈഖ് അബ്ദുല്ല ബിൻ ജാസിം അൽഥാനി ഖത്തറിലെ മൂന്നാമത്തെ ഭരണാധികാരിയും പിതാവ് ശൈഖ് അലി ബിൻ അബ്ദുല്ല അൽഥാനി നാലാമത്തെ ഭരണാധികാരിയും സഹോദരൻ ശൈഖ് അഹ്മദ് ബിൻ അലി അൽഥാനി അഞ്ചാമത്തെ ഭരണാധികാരിയുമാണ്. 1913 മുതൽ 1972 വരെയാണ് ശൈഖ് അബ്ദുല്ല അൽഥാനിയുടെ കുടുംബം ഖത്തർ ഭരിച്ചത്. ഇവരുടെ ഭരണ കാലത്താണ് ലോകത്തിലെ ആദ്യ സമുദ്ര എണ്ണപ്പാടം ഖത്തറിൽ കണ്ടെത്തിയത്. ഖത്തർ റേഡിയോയും ടി.വിയും സ്ഥാപിച്ചതും ആദ്യമായി ഖത്തർ നാണയം അടിച്ചതും വെള്ളവും വൈദ്യുതിയും പൗരന്മാർക്ക് സൗജന്യമായി നൽകിയതും ഇവരുടെ ഭരണ കാലത്താണ്. 

ഖത്തറിലെ മൂന്നാമത്തെ ഭരണാധികാരിയായ ശൈഖ് അബ്ദുല്ല ബിൻ അലി അൽഥാനിയുടെ കാലത്താണ് ഖത്തറിൽ കരയിലെ ദുഖാൻ എണ്ണപ്പാടത്തും സമുദ്ര എണ്ണപ്പാടങ്ങളിലും എണ്ണയുൽപാദനം ആരംഭിച്ചത്. ഓട്ടോമൻ തുർക്കികളിൽനിന്ന് ഖത്തറിന് സ്വാതന്ത്ര്യം നേടിയ ശേഷമായിരുന്നു ഇത്. 1915 ലാണ് തുർക്കിയിൽനിന്ന് ഖത്തർ സ്വാതന്ത്ര്യം നേടിയത്. 

നാലാമത്തെ ഭരണാധികാരിയായ ശൈഖ് അലി ബിൻ അബ്ദുല്ല അൽഥാനിയുടെ കാലത്ത് എണ്ണ വ്യവസായ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാവുകയും 1949 ൽ ആദ്യമായി വിദേശത്തേക്ക് എണ്ണ കയറ്റി അയക്കുകയും ചെയ്തു. അഞ്ചാമത്തെ ഭരണാധികാരി ശൈഖ് അഹ്മദ് ബിൻ അലി അൽഥാനിയുടെ കാലത്ത് എണ്ണ ശേഖരണ പ്ലാന്റ് സ്ഥാപിച്ചു. 1968 ൽ ഖത്തർ റേഡിയോയും 1970 ൽ ടി.വിയും സ്ഥാപിച്ചു. 1971 ൽ ബ്രിട്ടണിൽ നിന്ന് ഖത്തർ സ്വാതന്ത്ര്യം നേടിയതും ഇദ്ദേഹത്തിന്റെ ഭരണ കാലത്തായിരുന്നു. ഖത്തറിൽ ആദ്യ മന്ത്രിസഭയും ശൂറാ കൗൺസിലും സ്ഥാപിച്ചതും ഇദ്ദേഹമായിരുന്നു.
 

Latest News