മദീന- പ്രമുഖ തമിഴ് സംവിധായന്‍ രാജ് കപൂറിന്റെയും കോണ്‍ഗ്രസ്് നേതാവും ഇടുക്കി ഡി.സി.സി പ്രസിഡന്റുമായ ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി സജിലയുടെയും മകന്‍ ഷാറൂഖ് കപൂര്‍ (23) മദീനയില്‍ നിര്യാതനായി.
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. മദീന സന്ദര്‍ശനത്തിന് ശേഷം മക്കയിലേക്ക് പോകാനിരിക്കെ, ശ്വാസതടസ്സത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അല്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മാതാവ് സജില, ഷാറൂഖ്, ഇബ്രാഹിംകുട്ടിയുടെ മകന്‍ ആഫിന്‍ എന്നിവരുള്‍പ്പെടെ 25 അംഗ സംഘമാണ് ഉംറക്കായി എത്തിയത്. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായി ശ്രമിക്കുകയായിരുന്നു ഷാറൂഖ്. ചെന്നൈ ടീ നഗറിലാണ് ഇവര്‍ താമസിക്കുന്നത്. മലേഷ്യയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷമീമ, ചെന്നൈയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഷാനിയ എന്നിവരാണ് സഹോദരങ്ങള്‍.
മരണ വാര്‍ത്തയറിഞ്ഞ് രാജ്കപൂറും ഇബ്രാഹിംകുട്ടി കല്ലാറും ചെന്നൈയില്‍നിന്ന് മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. അവര്‍ എത്തിയതിന് ശേഷം മദീനയില്‍ ഖബറടക്കം നടത്തും.
രാജ്കപൂര്‍
തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന സംവിധായകനാണ് രാജ്കപൂര്‍. പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമയിലെത്തണമെന്ന് ഷാറൂഖും ആഗ്രഹിച്ചിരിക്കുകയായിരുന്നു. താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് രാജ്കപൂര്‍ സ്വതന്ത്ര സംവിധായകനായത്. പ്രഭുവും കനകയുമായിരുന്നു മുഖ്യ നടീനടന്മാര്‍. ഉത്തമ രാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. രാജ്കപൂറിന്റെ മകന്റെ ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകം നടുക്കത്തോടെയാണ് കേട്ടതെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കടുത്ത തണുപ്പ് മൂലം ഷാറൂഖിന് ശ്വാസംമുട്ടുണ്ടായെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായത്തിനായി കെ.എം.സി.സി പ്രവര്‍ത്തകരായ ശരീഫ് കാസര്‍കോട്, ജമാല്‍ പാലോളി, നവാസ് നേര്യമംഗലം, ശിഹാബ് അടിമാലി എന്നിവര്‍ രംഗത്തുണ്ട്.