റിയാദ് - യെമനിലെ അൽജൗഫ് ഗവർണറേറ്റിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സക്കായി സൗദിയിലെ വിവിധ ആശുപത്രികളിലെത്തിച്ചു. മൂന്നു ദിവസം മുമ്പ് യെമനിലെ അൽജൗഫ് ഗവർണറേറ്റിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടിക്കിടെ സൗദി വ്യോമസേനക്കു കീഴിലെ യുദ്ധവിമാനം തകർന്നുവീണിരുന്നു. ടൊർണാഡോ ഇനത്തിൽ പെട്ട യുദ്ധവിമാനമാണ് തകർന്നുവീണത്.
വിമാനത്തിന്റെ പൈലറ്റിനു വേണ്ടിയുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമിടെ സാധാരണക്കാർക്ക് പരിക്കേറ്റിരിക്കാൻ സാധ്യതയുണ്ടെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചിരുന്നു. ഈ ഓപറേഷനിടെ പരിക്കേറ്റവരെയാണ് വിദഗ്ധ ചികിത്സക്കായി സൗദിയിലെ ആശുപത്രികളിലെത്തിച്ചിരിക്കുന്നത്.