ദുബായ്- പതിനേഴ് വർഷത്തെ കാത്തിരിപ്പ്. ഒടുവിലിതാ ഒരു സ്വപ്‌നം കണക്കെ ആ മകൻ തൊട്ടുമുന്നിൽ. കൈവിട്ടുപോയെന്ന് കരുതിയ മകനെ നെഞ്ചിലേക്ക് ചേർത്ത് ആ ഉമ്മ വിതുമ്പി. ഉമ്മയെ പുണർന്ന് പുണർന്നു മതിയാകാതെ മകനും. പതിനേഴാണ്ടിന് ശേഷം ഉമ്മയും മകനും വീണ്ടും കാണുകയായിരുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറം ഒരു ആഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞിരുന്ന, ഇനി ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ പൊന്നുമോൻ ഹാനി ഇതാ, ഒരു സ്വപ്‌നം പോലെ മുന്നിൽ നിൽക്കുന്നു. പിന്നെ ആലിംഗനമായിരുന്നു. ചുംബനങ്ങൾ, തലോടൽ...അടക്കിപ്പിടിക്കാനാവാത്ത കരച്ചിൽ. രണ്ടു പതിറ്റാണ്ടോളം കെട്ടിക്കിടന്ന മാതൃഹൃദയം അണപൊട്ടി ഒഴുകി. പതിനേഴ് വർഷത്തെ കണ്ണീർ ഒരൊറ്റ നിമിഷം കൊണ്ട് വറ്റിപ്പോയി. സന്തോഷത്തിന്റെ കണ്ണീർ പൂക്കൾ അവർക്ക് ചുറ്റും പൂക്കളം തീർത്തു. അവർക്ക് ചുറ്റും സന്തോഷാശ്രു നിറഞ്ഞ് തിളങ്ങുന്ന കുറെ കണ്ണുകൾ വേറയും.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുള്ള വികാര നിർഭരമായ രംഗങ്ങൾക്ക് മധുരം പകർന്ന് പലവർണ്ണപ്പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ടും കേക്കുമായി പാക്കിസ്ഥാൻകാരൻ തൽഹ ഷായും. പറയാൻ വാക്കുകളില്ലാതെ ഒരപൂർവ്വ പുനസമാഗമം. സുഡാനി ഭർത്താവ് ഒന്നരപതിറ്റാണ്ട് മുമ്പ് കൂട്ടിക്കൊണ്ടുപോയ ഏക മകനെ കാണാൻ വെള്ളിയാഴ്ച രാവിലെയാണ് നൂർജഹാൻ കോഴിക്കോട്ടുനിന്നും ഷാർജയിൽ വന്നിറങ്ങിയത്. ഈ ഉമ്മയുടെ കേരളം വിട്ടുള്ള ആദ്യയാത്രകൂടിയായിരുന്നു ഇത്. നാലാം വയസ്സിൽ പിതാവിന്റെ കൈപിടിച്ച് കോഴിക്കോട് വിട്ട ഹാനി ഉമ്മയെ കണ്ടതോടെ എന്തുപറയണമെന്നറിയാതെ കുഴങ്ങി. ഉമ്മക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. കഴിഞ്ഞു പോയ വർഷങ്ങൾ ഇരുവർക്കുമിടയിലെ ഭാഷയിൽ വല്ലാത്ത വിടവുണ്ടാക്കിയിരിക്കുന്നു. മലയാളം ഹാനിക്ക് അറിയില്ല. മലയാളിയായ ഉമ്മയ്ക്ക് അറിയാത്ത അറബിയും ഇംഗ്ലീഷുമാണ് അവൻ സംസാരിക്കുന്നത്. എങ്കിലും മാതൃത്വമെന്ന എല്ലാവർക്കുമറിയുന്ന ഭാഷയിൽ അവർ മതിവരാതെ സംസാരിച്ചു.
സുഡാനി ഭർത്താവ് ഹാനിയെയും കൊണ്ട് സുഡാനിലേക്ക് പോയതിന് ശേഷം മകനെ പറ്റി ഒരു വിവരവുമില്ലായിരുന്നു. ഓർമ്മ വെച്ച നാളു മുതൽ ഉമ്മയെ മകനും അന്വേഷിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരു നിയോഗം പോലെ അവരൊത്തുകൂടി. ആദ്യം പെങ്ങളും ആങ്ങളയും കണ്ടുമുട്ടി. ഇന്നിതാ ഉമ്മയും മകനും ഒന്നുചേർന്നു. അവിസ്മരണീയമായ പുനസമാഗമം. പാക്കിസ്ഥാനിയായ ബിസിനസുകാരൻ തൽഹ ഷായാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ നൂർജഹാന് ഷാർജയിലേക്ക് വരാനുള്ള ടിക്കറ്റ് നൽകിയത്. നൂർജഹാനെ കേക്കും പൂക്കളും നൽകിയാണ് ഷാ സ്വീകരിച്ചത്. ഷായും വിമാനതാവളത്തിൽ എത്തിയിരുന്നു. നാലാമത്തെ വയസ് മുതൽ സുഡാനിലാണ് ഹാനി വളർന്നത്. ഈ വർഷങ്ങൾക്കിടയിൽ ഉമ്മയെ പറ്റിയുള്ള വിവരങ്ങളൊന്നും ഹനിക്ക് ലഭിച്ചിരുന്നില്ല. ഹാനി അന്വേഷിക്കുന്നുണ്ടായിരുന്നു. സുഡാനിലെത്തിയ കണ്ടുമുട്ടിയ മലയാളികളോടെല്ലാം അന്വേഷിച്ചു. അവസാനം ഫെയ്‌സ്ബുക്കിൽ ഒരു മലയാളി ഇത് സംബന്ധിച്ച പോസ്റ്റിട്ടു. ദുബായിൽ ജോലി ചെയ്യുന്ന നൂർജഹാന്റെ മകൾ ശമീറ ഇത് കണ്ടതോടെയാണ് അപൂർവ്വമായ കൂടിച്ചേരലിന്റെ വാതിലുകൾ തുറന്നത്. സഹോദരൻ ഹാനി നാദിർ മെർഗാനിയെന്ന ഹാദിയെ പിന്നീട് ശമീറ ദുബായിൽ എത്തിച്ചു. കഴിഞ്ഞ മാസമാണ് ശമീറയും ഹാനിയും ഷാർജയിൽ ഒന്നിച്ചു ചേർന്നത്. വിസിറ്റ് വിസയിലെത്തിയ ഹാനിക്ക് ഷാർജയിൽ ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതായിരുന്നു ശമീറ്ക്ക് ആദ്യം ചെയ്യാനുണ്ടായിരുന്നത്. ഹാനിയുടെ കഥ കേട്ട് നിരവധി ഓഫറുകൾ വന്നു. ഒടുവിൽ ഷാർജയിൽ ഒരു ടൈപ്പിംഗ് സെന്ററിൽ ജോലി തെരഞ്ഞെടുക്കുകയായിരുന്നു. ഇനി തൊഴിൽ വിസയിലേക്ക് മാറാനായി കാത്തിരിക്കുകയാണ്. ഹാനിക്ക് ഇന്ത്യയിലേക്കു വരാൻ താൽക്കാലിക തടസ്സങ്ങളുള്ളതിനാൽ ഉമ്മയെ ഷാർജയിലെത്തിക്കുകയായിരുന്നു.
ഈ പുനഃസമാഗമം യാഥാർത്ഥ്യമായതിനു പിന്നിൽ ഒരു പാക്കിസ്ഥാൻകാരന്റെ സഹായവുമുണ്ട്. യുഎഇ പത്രമായ ഖലീജ് ടൈംസിൽ ശമീറയുടേയും ഹാനിയുടെയും പുനഃസമാഗമ വാർത്ത വായിച്ച ദുബായിലെ പാക്കിസ്ഥാനി ബിസിനസുകാരൻ തൽഹ ഷായാണ് ഉമ്മയെ ഇവിടെ എത്തിക്കാനുള്ള സഹായം വാഗ്ദാനം നൽകുകയും അത് സാധ്യമാക്കുകയും ചെയ്തത്. നൂർജഹാൻ കേരളത്തിനു പുറത്തേക്ക് ആദ്യമായാണ് പറന്നെത്തുന്നത്. ഈ വർഷങ്ങളത്രയും അവനെന്തൊക്കെയാണ് അനുഭവിച്ചിട്ടുണ്ടായിരിക്കുക എന്ന ആധിയാണ് നൂർജഹാന്റെ ഉള്ളിൽ ഇപ്പോഴും. ഇതൊക്കെ സംഭവിക്കുന്നുവെന്ന് ഇപ്പോഴും അവർക്ക് വിശ്വസിക്കാനാകുന്നില്ല. സഹായിച്ച് കൂടെ നിന്ന എല്ലാവരും എപ്പോഴും തന്റെ പ്രാർത്ഥനകളിൽ ഉണ്ടാകുമെന്നാണ് ആ ഉമ്മയ്ക്ക് പറയാനുള്ളത്. 'ഹാനിയുടെ നാട്ടിലുള്ള സഹോദരിമാർ അവനു വേണ്ടി ഉണ്ടാക്കിയ പലവിഭവങ്ങളും കൊണ്ടു വന്നിട്ടുണ്ട്. എനിക്കറിയാവുന്നത് ഞാൻ ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ട്. എങ്കിലും ഇതിലെല്ലാമുപരി എന്റെ സ്‌നേഹമാണ് എനിക്കവന് വാരിക്കോരി കൊടുക്കാനുള്ളത്,' നൂർജഹാൻ പറയുന്നു. ഈ പുനസമാഗമത്തിൽ മനസുനിറയുന്ന മറ്റൊരാളുണ്ട്. ഇസ്ലാമാബാദുകാരായ തൽഹ ഷാ. ഖലീജ് ടൈംസിൽ വാർത്ത വായിച്ചതു മുതൽ ഹാനിയേയും ഉമ്മയേയും ഒന്നിപ്പിക്കാൻ ഉടൻ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു തൽഹ. ഹാനിക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. അപ്പോഴേക്കും അവന് ജോലി ശരിയായി. അപ്പോ ഉമ്മയെ നാട്ടിൽ നിന്നും ഇവിടെ എത്തിക്കാനുള്ള എല്ലാ സഹായവും ചെയ്യാമെന്നേറ്റു. ഇതൊക്കെ മാനവികത മാത്രമാണെന്നും ഇന്ത്യ പാക്കിസ്ഥാൻ വേർത്തിരിവുകളൊന്നുമില്ലെന്നും തൽഹ പറയുന്നു. പെട്ടെന്നു ലോകമൊട്ടാകെ തന്നേയും കുടുംബത്തേയും സഹായിക്കാനെത്തിയിരിക്കുന്നുവെന്ന തോന്നലിലാണ് ഇതെല്ലാം കണ്ട ശമീറ. 'ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. ഹാനി യുഎഇയിൽ കാലുകുത്തിയ വാർത്തയറിഞ്ഞതുമുതൽ നിരവധി സഹായ വാഗ്ദാനങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ഉമ്മയ്ക്ക് വേണ്ടിയും. എല്ലാവർക്കും നന്ദി മാത്രമെ പറയാനുള്ളു,' ശമീറ പറഞ്ഞു.