റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ കപ്പൽ യാത്രക്കാരുടെ എണ്ണത്തിൽ ഒമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി പോർട്‌സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ കൊല്ലം കപ്പൽ സർവീസുകളിൽ 13,67,075 പേരാണ് യാത്ര ചെയ്തത്. 2018 ൽ കപ്പൽ യാത്രക്കാരുടെ എണ്ണം 12,54,981 ആയിരുന്നു. കഴിഞ്ഞ കൊല്ലം സൗദി തുറമുഖങ്ങൾ വഴി കപ്പലുകളിൽ 7,31,619 പേർ രാജ്യത്തെത്തുകയും 6,35,456 പേർ തുറമുഖങ്ങൾ വിടുകയും ചെയ്തു. 2018 ൽ 6,31,971 പേർ തുറമുഖങ്ങൾ വഴി രാജ്യത്തെത്തുകയും 6,23,010 പേർ കപ്പലുകളിൽ രാജ്യം വിടുകയും ചെയ്തു.
തുറമുഖങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നവീന ഉപകരണങ്ങളും ലഭ്യമാക്കുന്നതിനും തുറമുഖങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പോർട്‌സ് അതോറിറ്റി ശ്രമങ്ങൾ നടത്തിവരികയാണ്. യാത്രക്കാരെയും ഹജ്, ഉംറ തീർഥാടകരെയും സ്വീകരിക്കുന്നതിനുള്ള സമഗ്ര പ്രവർത്തന പദ്ധതിക്ക് അനുസൃതമായി തുറമുഖങ്ങളുടെ ശേഷി ഉയർത്തുന്നതിനും പ്രവർത്തിച്ചുവരികയാണെന്ന് പോർട്‌സ് അതോറിറ്റി പറഞ്ഞു.