Sorry, you need to enable JavaScript to visit this website.

രജിസ്‌ട്രേഷൻ ഇല്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കും

തിരുവനന്തപുരം- ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ രജിസ്‌ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.  കുറെ ഹൗസ് ബോട്ട് ഉടമകൾ ഗുരുതരമായ നിയമ ലംഘനം നടത്തുന്നതായി യോഗം വിലയിരുത്തി.


സംസ്ഥാനത്തെ കായലുകളിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ നിലവിൽ ഒരേ രജിസ്ട്രേഷൻ നമ്പറിൽ ഒന്നിലധികം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്ന സാഹചര്യവും രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകളും ധാരാളമായുണ്ടെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
രജിസ്‌ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന ബോട്ടുകളുടെ സംരക്ഷണത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയും 15 വിമുക്ത ഭടന്മാരെ സുരക്ഷക്കായി നിയോഗിക്കുകയും ചെയ്യും. ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ ബയോ ടോയിലറ്റ് നിർബന്ധമാക്കും. ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തുമുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ നവീകരിക്കും. 


രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകളെ ടൂറിസം വകുപ്പിന് കീഴിലുള്ള ബോട്ട് ജെട്ടികളിൽ പ്രവേശിപ്പിക്കുകയില്ല. അഗ്നിബാധക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ കിച്ചൻ കാബിനിൽ പെട്ടെന്ന് തീപ്പിടിക്കുന്ന വസ്തുക്കൾ ഒഴിവാക്കാൻ നിർദേശം നൽകും. അനുവദനീയമായതിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുവാൻ അനുവദിക്കില്ല. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം ഫയർ ഫോഴ്‌സ് വിഭാഗം പരിശോധന നടത്തും. ജീവനക്കാർക്ക് ലൈസൻസ് ഉറപ്പ് വരുത്തുകയും യൂനിഫോം നിർബന്ധമാക്കുകയും ചെയ്യും. 
കിറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫയർ ഫോഴ്‌സ്, തുറമുഖ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം ഏർപ്പെടുത്തും.
അഗ്നിബാധയുണ്ടായാൽ നിയന്ത്രിക്കുന്നതിനായി ഫയർ ബോട്ടുകൾ വാങ്ങുന്നതിനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. രജിസ്ട്രേഷൻ ഉള്ള നിയമാനുസൃതമായി പ്രവർത്തിക്കുന്ന ബോട്ടുകളുടെ കൂടി സഹായത്തോടെ സുരക്ഷാ പരിശോധന കർശനമാക്കും. മിന്നൽ പരിശോധനകൾ കൂടുതലായി നടത്തുവാൻ മന്ത്രി നിർദേശിച്ചു. 


ജി.പി.എസ് സിസ്റ്റം എല്ലാ ഹൗസ് ബോട്ടുകളിലും ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ബോട്ടുകളുടെ ക്ലാസിഫിക്കേഷൻ സിസ്റ്റം നിർബന്ധിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അറിയിച്ച മന്ത്രി  പരിശോധനകൾ ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കാതെ വേണമെന്നും നിർദേശം നൽകി.
പരിശോധന നടത്തുന്നതിനായി തുറമുഖം, ടൂറിസം, ഫയർ ഫോഴ്‌സ്, പോലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, കെറ്റിഡിസി എംഡി കൃഷ്ണ തേജ  തുടങ്ങിയവർ പങ്കെടുത്തു.


 

Latest News