ന്യൂദല്‍ഹി- രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിനെതിരെ എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജിയിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംവിധായകന്‍ വി.എ.ശ്രീകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. നാലാഴ്ചക്കകം എം.ടി മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എം.ടിയുമായുണ്ടാക്കിയ കരാറില്‍, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
അതിനു പകരം മുന്‍സിഫ് കോടതിയെ സമീപിച്ചതിനെ ശ്രീകുമാര്‍ ചോദ്യം ചെയ്തു. ആര്‍ബിട്രേഷന്‍ നിലനില്‍ക്കുമോയെന്ന് മുന്‍സിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് സംവിധായകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം.ടി.വാസുദേവന്‍ നായര്‍ ആദ്യം ഹരജി നല്‍കിയത്. തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി.
പിന്നാലെ ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാലാണ് തിരക്കഥാകൃത്തുകൂടിയായ എം.ടി സിനിമാ പ്രൊജക്ടില്‍നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.