ദുബായ്- വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ അറബ് രാജ്യമായി യു.എ.ഇ മാറുന്നു. യു.എ.ഇയിലെ ആണവ റെഗുലേറ്ററിയായ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ ബറാക ആണവോര്‍ജ നിലയത്തിലെ ആദ്യ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നല്‍കി.
ബറാക ആണവോര്‍ജ നിലയത്തിലെ ആദ്യ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് അനുവദിച്ചതിലൂടെ വികസന പ്രയാണത്തിന്റെ പുതിയ ഘട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ നിലയം പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്ന അറബ് ലോകത്തെ ആദ്യ രാജ്യമായി യു.എ.ഇ മാറിയിരിക്കുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ട്വീറ്റ് ചെയ്തു. ബറാക ആണവ നിലയത്തിലെ ആദ്യ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്ന് ലൈസന്‍സ് നല്‍കിയിരിക്കുന്നു. വൈകാതെ ഈ യൂനിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു.