കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചു. കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഹരജി ഇനി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റുന്നത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. സിനിമയിലെ ഒരു വിഭാഗം ശക്തരായ ആളുകൾ ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ ആരോപണങ്ങളുണ്ടാക്കിയതെന്നും മുൻ ഭാര്യയും എ.ഡി.ജി.പി സന്ധ്യയും ഇതിന് പിറകിലുണ്ടെന്നും ജാമ്യാപേക്ഷയിൽ ദിലീപ് വ്യക്തമാക്കുന്നുണ്ട്. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും ഇത് നശിപ്പിച്ചുവെന്ന പ്രതികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂലൈ പത്തിനാണ് ദിലിപീനെ അറസ്റ്റ് ചെയ്തത്.