അബുദാബി- താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് അബുദാബി മഫ്റഖ് ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.
പത്തനംതിട്ട പുത്തന്‍കാവ് ഐരുകുഴിയില്‍ എ.ജി. നൈനാന്റെ മകന്‍ അനില്‍ നൈനാന്‍ (32) ആണ് മരിച്ചത്. ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. ഇതേ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യ നീനു അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തിന് രാത്രിയാണ് ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്ത് തീപ്പിടിത്തമുണ്ടായത്.
അപ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയിലെ ഇലക്ട്രിക് ബോക്‌സില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചത്. ഇടനാഴിയില്‍ നിന്ന് ഭാര്യയുടെ നിലവിളികേട്ട് കിടപ്പുമുറിയിലായിരുന്ന അനില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അന്ന് രാത്രിതന്നെ ഉമ്മുല്‍ഖുവൈനിലെ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളെ വിദഗ്ധ ചികില്‍സക്കായി അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെത്തിച്ചു.
ഉമ്മുല്‍ഖുവൈന്‍ പോലീസ് ഫ്ളാറ്റ് സീല്‍ ചെയ്തിരിക്കയാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍നിന്ന് പാസ്പോര്‍ട്ട് കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അനിലിന്റെ മാതാപിതാക്കള്‍ അബുദാബിയിലെത്തിയിരുന്നു. അനില്‍ നൈനാന്‍- നീനു ദമ്പതികള്‍ക്ക് നാലു വയസ്സായ ഒരു മകനുണ്ട്.