പാലക്കാട്- വിവാദങ്ങള്‍ക്കൊടുവില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് സ്വന്തമായി കാര്‍ വാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെങ്ങളൂട്ടിയായി മാധ്യമങ്ങളില്‍നിറഞ്ഞുനില്‍ക്കുകയും അട്ടിമറി വിജയം നേടുകയും ചെയ്ത രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം വിവാദം സൃഷ്ടിച്ചിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് ലക്ഷം രൂപ വീതം പിരിച്ചെടുത്ത് കാര്‍ വാങ്ങാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പദ്ധതി. വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി രംഗത്തുവന്നതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേക്കും പിരിവിനെതിരെ നാനാകോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു.
എം.പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോള്‍ കാര്‍ വാങ്ങാന്‍ പിരിവ് എന്തിനാണെന്നായിരുന്നു ചോദ്യം.
ബാങ്ക് വായ്പയെടുത്താണ് രമ്യ പുതിയ കാര്‍ വാങ്ങിയിരിക്കുന്നത്. മാസം 43000 രൂപയാണ് തിരിച്ചടവ്. 21 ലക്ഷം രൂപ വില വരുന്ന ഇന്നോവ ക്രിസ്റ്റ. മുന്‍ എം.പി വി.എസ് വിജയരാഘവന്‍ കാറിന്റെ താക്കോല്‍ കൈമാറി.
കാര്‍ ആലത്തൂരിനുവേണ്ടി ഉപയോഗിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാളയം പ്രദീപിന്റെ വാഹനമാണ് രമ്യഹരിദാസ് ഇതുവരെ ഉപയോഗിച്ചിരുന്നത്.