Sorry, you need to enable JavaScript to visit this website.

ചന്ദ്രശേഖർ ആസാദിന് പ്രണയലേഖനം എഴുതിയ മുൻ പ്രവാസിയുടെ മകൾക്ക് ഒന്നാം സമ്മാനം

ഹൈഫ ബന്ന നഗരസഭ ചെയർമാൻ വി. കുഞ്ഞനിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

മദീന- വാലന്റൈൻസ് ദിനത്തിൽ ചന്ദ്രശേഖർ ആസാദിന് പ്രണയലേഖനം എഴുതി സമ്മാനം നേടി ഹൈഫ ബന്ന. മുൻപ്രവാസിയുടെ മകൾ കൂടിയായ ഹൈഫ കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് മുക്കം നഗരസഭ സംഘടിപ്പിച്ച പ്രണയലേഖന രചന മത്സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേർത്തുപിടിക്കൽ എന്നതായിരുന്നു വിഷയം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പ്രണയ ലേഖനമെഴുതിയായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. മുക്കം മണാശ്ശേരി എ.എ.എം.ഒ കോളജ് അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ് ഹൈഫ ബന്ന. അടുത്തിടെ ചന്ദ്രശേഖർ ആസാദ് കോഴിക്കോട് ചടങ്ങിൽ പങ്കെടുത്തപ്പോൾ തോന്നിയ ആരാധനയാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണമെന്ന് ഹൈഫ പറയുന്നു. 


ഒരു ദളിതൻ ഇന്ത്യയുടെ നേതാവ് ആകുക എന്നതാണ് സ്വപ്‌നം. ഏറെ അവശതയിലും അദ്ദേഹം പകർന്ന്  നൽകുന്ന ഊർജം വിവരണാതീതമാണ്. മുസ്‌ലിംകളും ദളിതരും അടങ്ങുന്ന എല്ലാ സമൂഹത്തിനും ഉൾക്കൊള്ളാൻ പറ്റുന്ന നേതാവിനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്. വേദനിക്കുന്ന എല്ലാ വിഭാഗത്തിന്റെയും കൂടെ വിവേചനരഹിതായി അദ്ദേഹം നിലകൊള്ളുന്നുണ്ട്. ആസാദിന്റെ യാത്രകൾപോലും ഭരണാധികാരികൾ പേടിക്കുന്നുണ്ടെങ്കിൽ നാടിനെ മാറ്റിമറിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടന്നാണ് സൂചന. എന്റെ ശരീരത്തിൽ വെടിയുണ്ടകൾ തറച്ചിട്ടെ നിങ്ങൾ ഡിറ്റക്ഷൻ കേമ്പിലേക്ക് പോകുകകയുള്ളൂ എന്ന ഉറപ്പുതന്നെ ഏറെ ആശ്വാസം പകരുന്നതാണ്. കാമ്പസുകൾ ഇനിയും ആസാദിനെ മനസ്സിലാക്കിയിട്ടില്ല എന്നും ഹൈഫ പറയുന്നു. ആരാണ് രാവണൻ എന്ന് അറിയാത്തവർ കൂടി ഉണ്ട് ഇവിടെ. പൈങ്കിളി പ്രണയത്തിനപ്പുറമാണ് ഇന്ന് കാമ്പസുകൾ. വ്യക്തികൾക്ക് പരസ്പരം തോന്നുന്നത് മാത്രമാണ് പ്രണയം എന്ന് പറയുന്നത് തന്നെ അസംബന്ധം ആണ്. പ്രകൃതിയേയും സമൂഹത്തിനേയും പ്രണയിക്കാം. വിദ്യാർഥി സമൂഹമാണ് വരുംകാല ഇന്ത്യയെ സൃഷ്ടിക്കാൻ പോകുന്നത്. കലാലയങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ഷഹീൻബാഗുകൾ നല്ല കാലത്തെയാണ് സൂചിപ്പിക്കുന്നത്. അംബേദ്കറുടെ സ്വപ്‌നങ്ങൾ പൂവണിയുക ചെയ്യുമെന്ന് തന്നെ ഉറപ്പിക്കാം. ഭിന്നിപ്പിക്കലിന്റെ ഈ ആസുര കാലത്ത് പ്രണയത്തിന്റെ സ്‌നേഹ ചകോരങ്ങളെ കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് മുക്കം നഗരസഭ നടത്തിയപ്രണയ ലേഖന രചനാ മത്സരത്തിൽ കണ്ടെത്തി.


114 രചനകളിൽനിന്നാണ് എംഎഎംഒ കോളേജ് വിദ്യാർത്ഥി ഹൈഫ ബന്നയെ വിജയിയായി തെരഞ്ഞെടുത്തത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ സമ്മാനദാനം നടത്തി. പി. പ്രശോഭ്കുമാർ, ലീല പുൽപ്പറമ്പിൽ, മുക്കം വിജയൻ, എൻ.കെ ഹരീഷ്, എ.വിസുധാകരൻമാഷ്, സിദ്ദീഖ് ചേന്ദമംഗലൂർ, യൂത്ത് കോഡിനേറ്റർ ജാഫർശരീഫ് എ.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രവാസിയായ ചേന്ദമംഗലൂർ ഇസ്ലാഹിയ സ്‌കൂൾ അധ്യാപകൻ ഹസ്സനുൽബന്നയുടെയും ഫാത്തിമയുടെയും മകളാണ് ഹൈഫ ബന്ന. 

 

Latest News