കൊച്ചി- വാലന്റൈൻസ് ദിനത്തിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പ്രണയ ബന്ധത്തിൽ നിന്നും പിൻമാറിയതിന്റെ വൈരാഗ്യത്തിൽ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച പെരുമ്പാവൂർ സ്വദേശി സഗീറിനെ (30) യാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ജോലി ചെയ്യുന്ന എം.ജി റോഡിലെ സ്ഥാപനത്തിന് സമീപം വെച്ചാണ് സഗീർ അപായപ്പെടുത്താൻ ശ്രമിച്ചത്. എം.ജി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നിലൂടെ വന്ന് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി എറണാകുളം പാച്ചാളം സ്വദേശിനിയായ യുവതി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വേർപിരിയുകയായിരുന്നു. ഇതിനിടെ ബന്ധം തുടരണമെന്ന ആവശ്യവുമായി സഗീർ സമീപിച്ചെങ്കിലും യുവതി ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വൈരാഗ്യവും യുവതിയുടെ വിവാഹം ഉറപ്പിച്ചതായ സംശയവുമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. എം.ജി റോഡിൽ യുവതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന് സമീപം കാത്ത് നിന്ന ശേഷം യുവതിയുടെ സ്‌കൂട്ടറിൽ കാറിടിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.